ചോദ്യം: നമസ്‌കാരം, സദ്‌ഗുരു. അമ്മയുടെ ഉദരത്തിൽ രൂപമെടുക്കുന്ന ഒരു കുഞ്ഞിൽ എപ്പോളാണ് ചക്രങ്ങൾ പ്രകടമാകാൻ തുടങ്ങുന്നത്? അത് എങ്ങനെയാണ്?

സദ്‌ഗുരു: ഗർഭധാരണത്തിനു ശേഷം പന്ത്രണ്ടാം ആഴ്ചയിൽ ആണ് ഒന്നാമത്തെ ചക്രം രൂപപ്പെടുന്നത് , അത് മൂലാധാരമാണ്. ഭ്രൂണത്തിന്റെ   വികാസഗുണത്തെ ആശ്രയിച്ച് ആദ്യത്തെ 28-30 ആഴ്ചയ്ക്കുള്ളിൽ തന്നെ വിശുദ്ധി വരെയുള്ള ആദ്യത്തെ അഞ്ച് ചക്രങ്ങളൾ പൂർണ്ണമായും രൂപപ്പെടുന്നു.  മറ്റ് രണ്ടെണ്ണം - ആഗ്ന, സഹസ്രാർ എന്നിവ എല്ലാ മനുഷ്യരിലും ഒരേ രീതിയിൽ അല്ല വികാസം പ്രാപിക്കുന്നത് .  ഈ കാരണത്താലാണ് നമ്മുടെ സംസ്കാരത്തിൽ ഒരു കുട്ടി ജനിച്ച നിമിഷം, കുഞ്ഞിനെ കുളിപ്പിച്ച ശേഷം, ആളുകൾ ആദ്യം പുരികങ്ങൾക്കിടയിൽ അല്പം വിഭുതി ഇട്ടു കൊടുക്കുന്നത്.  ആഗ്ന ഇതുവരെ വികസിച്ചിട്ടില്ലെങ്കിൽ‌, കുട്ടി ആ ദിശയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ‌ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

ആഗ്ന - നിരീക്ഷണം

 ഇതിനെ അടിസ്ഥാനമാക്കി നിങ്ങൾ ആളുകളെ വിലയിരുത്തരുത് .എന്നാൽ ഞാൻ പറയുന്നു  മുപ്പത് മുതൽ മുപ്പത്തിയഞ്ച് ശതമാനം നവജാത ശിശുക്കളിൽ ആഗ്ന വികസിച്ചിരിക്കാൻ സാധ്യതയില്ല.  മിക്കവരിലും സഹസ്രാർ സാധാരണയായി വികസിപ്പിച്ചിട്ടുണ്ടാവില്ല - അത് വളരെ സാവധാനം വികസിക്കുന്നു.  കുഞ്ഞുങ്ങളുടെ  കണ്ണ്‌ ചലിക്കുന്ന രീതി നിങ്ങൾ‌ നിരീക്ഷിക്കുകയാണെങ്കിൽ‌, ഒരു ശിശുവിൻറെ ആഗ്ന രൂപപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ‌ക്കറിയാൻ സാധിക്കും .  പരമ്പരാഗതമായി, കൃ ഷണമണിയുടെ ചലനം കൊണ്ട് ഒരു ശിശു മുനിയായി മാറുമോ എന്ന് പറയാൻ ആളുകൾക്ക് കഴിയുമായിരുന്നു.  ഒരു മുനി എന്നതിനർത്ഥം കാട്ടിൽ അല്ലെങ്കിൽ ഗുഹയിൽ പോയി ഇരിക്കുന്ന ആൾ എന്നല്ല. മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്ന ഒരാളാണ് മുനി അല്ലെങ്കിൽ ദാർശനികൻ.  അത് ഒരു ദർശനാത്മക ബിസിനസുകാരനോ അല്ലെങ്കിൽ ദർശനാത്മക നേതാവോ ആകാം - മറ്റുള്ളവരെക്കാൾ കൂടുതൽ വ്യക്തമായി കാര്യങ്ങൾ കാണുന്ന ഒരാൾ.

ഒരു കുട്ടിയുടെ ജീവിത ഘട്ടത്തിൻ്റെ  ആദ്യ മൂന്ന് മാസങ്ങളിൽ, അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് ആഗ്ന എത്രത്തോളം വികസിച്ചുവെന്ന് നമുക്ക് വ്യക്തമായി കാണാൻ സാധിക്കും - ഇതാണ് ജീവിതത്തിലെ പല കാര്യങ്ങളും നിർണയിക്കുന്നത്.  ജനനസമയത്ത് ആഗ്ന വികസിപ്പിക്കാത്തവർക്ക് അവരുടെ ജീവിതകാലത്ത് ഇത് വികസിപ്പിക്കാൻ സാധിക്കില്ല എന്ന് ഇതിനർത്ഥമില്ല - അവർ അതിനായി  പ്രവർത്തിക്കുന്നുവെങ്കിൽ അത് വികസിക്കപ്പെടും.  എന്നാൽ അതിനായി അവർ മറ്റുള്ളവരേക്കാൾ കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്.

 

ഗർഭധാരണം  മുതൽ പ്രസവം വരെ നിരവധി നിർദ്ദേശങ്ങൾ ഉണ്ടായിരിക്കും.  അമ്മ ഏതുതരം അന്തരീക്ഷത്തിലായിരിക്കണം, ആരെയൊക്കെ കാണണം അല്ലെങ്കിൽ കാണരുത്, ഏതെല്ലാം നിറങ്ങളും രൂപങ്ങളും അവർ കാണണം അല്ലെങ്കിൽ കാണരുത് - ഇതെല്ലാം പ്രധാനമായിരുന്നു'.  നമ്മുടേതിന് സമാനമായ പാരമ്പര്യമുള്ള മറ്റൊരു സംസ്കാരം ജൂത സംസ്കാരം മാത്രമാണ്.  അവർ ഇന്ത്യൻ ജനതയേക്കാൾ മികച്ച രീതിയിൽ ഇക്കാര്യങ്ങൾ ഇപ്പോൾ പരിപാലിക്കുന്നുണ്ടാകാം.  ഇന്ത്യക്കാർ‌ക്ക് സ്വന്തം സംസ്കാരം ഉപേക്ഷിച്ച് പാശ്ചാത്യവത്കരിക്കപ്പെടാൻ വളരെ  താല്പര്യം ഉണ്ട്, അതിനാൽ തന്നെ ഭൂരിഭാഗവും ഇന്ത്യൻ ജനതയും  ഇപ്പോൾ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല.

 ഒരു കുട്ടി ജനിക്കുമ്പോൾ, നമ്മൾ ആദ്യം കാണുന്നത് അവരുടെ കണ്ണുകൾ എങ്ങനെ ചലിക്കുന്നു എന്നതാണ്. ഒരു കുട്ടി കാര്യങ്ങൾ എങ്ങനെ നിരീക്ഷിക്കുകയും നോക്കിക്കാണുകയും   ചെയ്യുന്നു എന്നതിൻ്റെ ഒരു സൂചകമാണ് ,കണ്ണുകളുടെ സ്ഥിരത.


 ചില ശിശുക്കൾക്ക് മുതിർന്നവരുടെ രൂപം ഉണ്ടാവും.  ഒരു കുട്ടി എങ്ങനെ കരയുന്നു എന്നതാണ് മറ്റൊരു കാര്യം.  തുടക്കത്തിൽ കുട്ടി കരയുന്നത് കണ്ട് ഈ കുട്ടി എന്താകുമെന്ന്  വരെ പറയാൻ അവബോധമുള്ള ആളുകൾക്ക് കഴിഞ്ഞിരുന്നു.  ചിലർ ഒരു പുതിയ സ്ഥലത്ത് വന്നതിൻ്റെ  ആശയക്കുഴപ്പത്തിൽ കരയുന്നു, ചിലർ ദേഷ്യത്തോടെ കരയുന്നു, കാരണം ഈ ജനനമെന്ന വിഡ്ഢിത്തത്തിൽ അവർ അസ്വസ്ഥരാണ്.  കുഞ്ഞുങ്ങൾ  കരയുന്ന രീതികൾ വ്യത്യസ്തമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.  പ്രത്യേകിച്ചും പല ജനനങ്ങൾക്കും സൗകര്യമൊരുക്കിയ സൂതികർമ്മിണികൾക്ക് ഇത് വളരെ വ്യക്തമായി പറയാൻ കഴിഞ്ഞിരുന്നു.
 

അമ്മയ്‌ക്കായി നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, അമ്മയുടെ ഗർഭപാത്രത്തിനുള്ളിലെ കുട്ടിയുടെ ചക്രങ്ങളുടെ വികാസം ഒരു പരിധിവരെ  നമുക്ക് നിർണ്ണയിക്കാനാകും.  എന്നാൽ ഇന്ന്, നമ്മുടെ സാമ്പത്തി സാമൂഹിക സാഹചര്യങ്ങളാൽ , ഗർഭിണികളായ സ്ത്രീകൾ ഇപ്പോഴും ഓഫീസിൽ ജോലിക്കു പോകുന്നു കൂടാതെ പലരും പാർട്ടി, ഭക്ഷണം, മദ്യപാനം, പുകവലി എന്നിവയിലൂടെ കടന്ന് പോകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ  കുഞ്ഞിൻ്റെ വികാസം പൂർണ്ണമായും പ്രകൃതിക്ക് വിട്ടുകൊടുക്കുന്നു - അവിടെ ചക്രങ്ങളുടെ വികാസത്തിൽ നമുക്ക് യാതൊരു പങ്കുമില്ല.  എന്നാൽ നിങ്ങൾ  ശരിയായ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, നിർദ്ദിഷ്ട ഗുണങ്ങൾക്കായി പ്രവർത്തിക്കാനുള്ള വഴികളുണ്ട് . പരിണതഫലം നൂറു ശതമാനം ഒരിക്കലും നിങ്ങളുടെ നിയന്ത്രണത്തിൽ അല്ല.എന്നാൽ നിങ്ങൾ ശരിയായ കാര്യങ്ങളെല്ലാം ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക്  തീർച്ചയായും മികച്ച ഫലം ലഭിക്കും.

 മെച്ചപ്പെട്ട ഭാവി തലമുറ 

 ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതിനു ' പിന്നിലെ ആശയം, നമ്മളിൽ നിന്നും ജന്മം കൊള്ളുന്ന കുട്ടി നമ്മേക്കാൾ മികച്ച നിലവാരം പുലർത്തണം എന്നതാണ്.  പക്ഷേ, അതിനായുള്ള  പരിചരണം, അത് നടപ്പാക്കാനുള്ള  ഇടപെടലുകൾ എല്ലാം നിർഭാഗ്യവശാൽ ഇല്ലാതായിരിക്കുന്നു .കാരണം നമ്മുടെ സ്വന്തം ജീവിതം നമുക്ക് വളരെ പ്രാധാന്യമുള്ളതായിരിക്കുന്നു.  അടുത്തിടെ, ഞാൻ യുഎസിൽ ആയിരുന്നപ്പോൾ, ചില പ്രോജക്റ്റുകൾക്കായി ഞങ്ങൾ ഒരു കൺസൾട്ടന്റിനെ നിയമിച്ചിരുന്നു.  അവൾ വളരെ മെലിഞ്ഞ ഉയരം കുറഞ്ഞ  ഒരു സ്ത്രീയായിരുന്നു.  പൂർണഗർഭിണിയായിരുന്ന അവൾ ഞങ്ങളോടൊപ്പം ജോലിക്ക് വന്നപ്പോൾ, ഞാൻ അവളോട് ചോദിച്ചു, “ എപ്പോഴാണ് നിങ്ങളുടെ ഡെലിവറി ?”  അവൾ പറഞ്ഞു, “മിക്കവാറും നാളെ രാവിലെ.”  അപ്പോൾ ഞാൻ ചോദിച്ചു, “ എന്നിട്ട് നിങ്ങൾ എന്താണിവിടെ ചെയ്യുന്നത്  ?”  അവൾ പറഞ്ഞു, “അത്  കുഴപ്പമില്ല, ഇത് എന്റെ രണ്ടാമത്തെ കുട്ടിയാണ്.  ആദ്യ തവണയായിട്ടു പോലും  അന്ന് പ്രസവിക്കുന്നതിന് രണ്ട് മണിക്കൂർ വരെ ഞാൻ ജോലി ചെയ്യുകയായിരുന്നു. ”

 നമ്മുടെ സ്വന്തം ജീവിതം, സാമ്പത്തിക കാര്യങ്ങൾ, പാർട്ടികൾ, സാമൂഹിക വിഡ്ഢിത്തങ്ങൾ എന്നിവക്ക് നാം കൂടുതൽ പ്രധാന്യം നൽകുന്നു , ഭാവി തലമുറയുടെ നിലവാരം നമുക്ക് താല്പര്യമില്ലാതായിരിക്കുന്നു. അടുത്ത തലമുറയെ  നമ്മേക്കാൾ മികച്ചവരാക്കാൻ എന്ത് ചെയ്യണം  എന്ന് ചിന്തിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ നമുക്കില്ല. എന്നാൽ അതാണ് ഏറ്റവും പ്രധാന കാര്യം.  അടുത്ത തലമുറ ഏതെങ്കിലും വിധത്തിൽ നമ്മേക്കാൾ താഴ്ന്നു പോയാൽ  അത് മനുഷ്യരാശിയോട് ചെയ്യുന്ന  വലിയ തെറ്റാണ്.  നിങ്ങൾ അത്  മുന്നോട്ടാണ് കൊണ്ടുവരേണ്ടത് , പിന്നിലേക്ക് അല്ല.  കുട്ടിയെ സ്വാധീനിക്കാൻ നിങ്ങൾക്ക് എന്തെല്ലാം വ്യത്യസ്ത കാര്യങ്ങൾ ചെയ്യാനാകുമെന്നതിനെ കുറിച്ച്  ഞാൻ ഒരു പുസ്തകം എഴുതാം.  പക്ഷേ അപ്പോൾ  അത് വായിച്ച് വളരെയധികം ആളുകൾ ഗർഭം ധരിക്കും- അത് പ്രശ്നമാണ് .  എന്റെ ജീവിതത്തിൻ്റെ അവസാനത്തോടടുത്ത് അത് എഴുതാമെന്ന് ഞാൻ വിചാരിക്കുന്നു . കാരണം ഞാൻ ഇവിടെയുള്ളപ്പോൾ ഒരു ജനസംഖ്യാ വിസ്ഫോടനം ആഗ്രഹിക്കുന്നില്ല - ബേബി ബൂം വേണ്ട!