മഹാഭാരതം എട്ടാം ഭാഗം: അ൦ബയുടെ ദുരവസ്ഥ
ശന്തനു സത്യവതിയെ വിവാഹം കഴിച്ചതിനു ശേഷം കഥ തുടരുകയാണ്. കുരുവംശത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭീഷ്മന്‍ എങ്ങനെ നിര്‍ഭാഗ്യകരമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഈ ഭാഗത്തില്‍ വായിക്കാം.
സദ്ഗുരു: യയാതി സ്വന്തം മകന്റെ യൗവ്വനമാണ് ചോദിച്ചു വാങ്ങിയത്. എന്നാല്‍ ഇവിടെ ശന്തനുവിന് തന്റെ മകന് നല്‍കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. സത്യവതിയില്‍ ശന്തനുവിന് രണ്ട് പുത്രന്മാരുണ്ടായി. ചിത്രാംഗദനായിരുന്നു മൂത്തവന്. രണ്ടാമത്തവന് വിചിത്രവീര്യനും. ചിത്രാംഗദന്‍ ധിക്കാരിയും മുന്‍കോപിയുമായ ഒരു യുവാവായിരുന്നു. കാട്ടില്‍ നായാടവേ ഒരു ഗന്ധര്വനുമായി ഏറ്റുമുട്ടി. എവിടെനിന്നോ വന്ന അപാരമായ യുദ്ധസാമര്‍ത്ഥ്യമുള്ളവന്‍. അവന്റെ പേരും ചിത്രാംഗദന്‍ എന്നായിരുന്നു. ഗന്ധര്വന് രാജകുമാരനോടും ചോദിച്ചു “നീ ആരാണ്”. രാജകുമാരന് ഗര്‍വോടെ മറുപടി പറഞ്ഞു. “ഞാന്‍ ചിത്രാംഗദനാണ്”. അതു കേട്ട് ഗന്ധര്വന് ഉറക്കെ ചിരിച്ചു. “നീയോ...ചിത്രാംഗദന്‍. അതെന്റെ പേരാണ്. ആ പേരു പറയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. ഈ ക്ഷണം നീ പേരുമാറ്റണം”. യുവരാജാവിന് ദേഷ്യം വന്നു. “എന്റെ അച്ഛന് എനിക്കിട്ട പേരു മാറ്റുകയോ? ഒരു കാലത്തുമില്ല.... എന്റെ പേരില്‍ സ്വയം അഭിമാനിക്കാന്‍ നീയെങ്ങനെ ധൈര്യപ്പെടുന്നു. നിന്റെ ആയുസ്സ് തീരാറായെന്നു തോന്നുന്നു. ധൈര്യമുണ്ടെങ്കില്‍ പോരിനു വരണം”. ഗന്ധര്‍വനും രാജകുമാരനും തമ്മില്‍ പോരു തുടങ്ങി. താമസിയാതെ ഗന്ധര്വന് ചിത്രാംഗദനെ വധിക്കുകയും ചെയ്തു.
വിചിത്രനായ മനുഷ്യന്
ശാന്തനുവിന്റെ രണ്ടു പുത്രന്മാരില് ഒരാള്‍ മാത്രം ബാക്കിയായി. വിചിത്രവീര്യന്. വിചിത്രമെന്നാല് അസാധാരണമായത് എന്നാണര്‍ത്ഥം. വീര്യം എന്നാല്‍ പൗരുഷവും. യഥാര്‍ത്ഥത്തില്‍ വിചിത്രമായൊരു പൗരുഷമായിരുന്നു വിചിത്രവീര്യന്റേത്. അദ്ദേഹം വിവാഹിതനായില്ല. ശ്രമിക്കാഞ്ഞിട്ടാണോ, വേണ്ടെന്നു വെച്ചിട്ടാണോ എന്ന് പറയാന്‍ വയ്യ. വിവാഹിതനാവുക. സന്താനങ്ങളുണ്ടാവുക. ഇതൊന്നും ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും ചിന്തിക്കേണ്ട കാര്യമല്ല, ആ കാലത്ത് ഇതു രണ്ടും ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടു പ്രധാനഘട്ടങ്ങളായിരുന്നു. പ്രത്യേകിച്ചും ഒരു രാജാവിന്. ഭരണം തുടര്‍ന്നു കൊണ്ടു പോകാന്‍ പുത്രന്മാരുണ്ടാവണം അല്ലെങ്കില്‍ വംശപാരമ്പര്യം നിലച്ചു പോകും. യുദ്ധങ്ങളും, സംഘട്ടനങ്ങളും ആ കാലത്ത് നിത്യ സംഭവങ്ങളായിരുന്നു, ആര് എപ്പോള്‍ കൊല്ലപ്പെടുമെന്ന് പറയാനാവില്ല. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പാരമ്പര്യം നിലനിര്‍ത്താന്‍ ആര്‍ക്കായാലും ഒരു അനന്തരാവകാശി കൂടിയേ തീരൂ. അതു കൊണ്ടാണ് ആ കാലത്തെ ജീവിതത്തില്‍ വിവാഹവും സന്താനങ്ങളും ഇത്രയും പ്രാധാന്യം നേടിയത്. ചക്രവര്‍ത്തി പുത്രനില്ലാതെയാണ് മരിച്ചതെങ്കില്‍ രാജ്യം അന്യാധീനപ്പെട്ടു പോവുക തന്നെ ചെയ്യും.
വിചിത്രവീര്യന് വിവാഹത്തില്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഭീഷ്മനും അതിനു സന്നദ്ധനായിരുന്നില്ല. ചിത്രാംഗദന്‍ മരിച്ചു കഴിഞ്ഞു. കുരുവംശം അവസാനിക്കുകയായി എന്ന ആശങ്ക. ആ കാലത്താണ് കാശീരാജാവിന്റെ വിളംബരം. തന്റെ മൂന്നുകന്യകമാര്ക്കും സ്വയംവരം നിശ്ചയിച്ചിരിക്കുന്നു. കുരു രാജധാനിയിലേക്ക് ക്ഷണക്കത്തു വന്നില്ല. ആ കാലത്ത് പ്രതാപത്തിലും, ഐശ്വര്യത്തിലും മുന്‍പന്തിയിലായിരുന്നു കുരുക്കള്‍. എന്നിട്ടും സ്വന്തം മക്കളെ വിചിത്രവീര്യനു വിവാഹം ചെയ്തു കൊടുക്കാന്‍ കാശി രാജാവ് ആഗ്രഹിച്ചില്ല. കുരു രാജന്റെ പൗരുഷത്തെ കുറിച്ച് ചില കഥകള്‍ അദ്ദേഹവും കേട്ടിരുന്നു. അതു കൊണ്ട് മന:പൂര്‍വ്വമാണ് ക്ഷണക്കത്തയക്കാതിരുന്നത്. ഭീഷ്മന്‍ ഈ അവഗണന സഹിച്ചില്ല. സ്വന്തം യശസ്സിനേക്കാള്‍ കുരുവംശത്തിന്റെ പ്രതാപത്തിനാണ് എന്നും അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. അതുകൊണ്ട് കാശിരാജാവ് ക്ഷണിച്ചില്ലെങ്കിലും സ്വയംവരത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു.
ഭീഷ്മന്‍ അംബയെ തട്ടിക്കൊണ്ടു പോകുന്നു
ഒരു കന്യക സ്വന്തം ഇഷ്ടപ്രകാരം അവളുടെ വിധി തെരഞ്ഞെടുക്കണം, അതാണ് സ്വയംവരം. ചില രാജകുമാരിമാരുടെ സ്വയംവരത്തില്‍ ഒരു പന്തയമുണ്ടായിരിക്കും. പന്തയത്തില്‍ ജയിക്കുന്ന ക്ഷത്രിയനെ രാജകുമാരി ഭര്‍ത്താവായി സ്വീകരിക്കും. അര്‍ഹതയുള്ള എല്ലാ ക്ഷത്രിയര്‍ക്കും സ്വയംവരത്തില്‍ പങ്കെടുക്കാമെന്നായിരുന്നു ചട്ടം. ആരെ വരനായി സ്വീകരിക്കണമെന്നത് കന്യകയുടെ തീരുമാനമായിരുന്നു. അതിനാരും തടസ്സം നിന്നു കൂടാ എന്നും വ്യവസ്ഥയുണ്ടായിരുന്നു.
അംബയും അംബികയും അംബാലികയുമായിരുന്നു കാശി രാജാവിന്റെ മൂന്നു പുത്രിമാര്‍, അവരില്‍ അംബ ശാല്വരാജ്യത്തെ രാജാവായ സാല്വനുമായി പ്രണയത്തിലായിരുന്നു. അദ്ദേഹത്തെ അവള് മനസാ വരിച്ചു കഴിഞ്ഞിരുന്നു. കന്യകയുടെ കൈയ്യില്‍ ഒരു വരമാലയുണ്ടാകും. വന്നു കൂടിയ രാജാക്കന്മാരെയെല്ലാം അവര്‍ ആവും വിധം നിരീക്ഷിക്കും. ഇഷ്ടം തോന്നിയ വ്യക്തിയുടെ കഴുത്തില്‍ വരമാല അണിയിക്കും. അതോടെ അയാള്‍ അവളുടെ ഭര്‍ത്താവായി. അതായിരുന്നു സ്വയംവരത്തിന്റെ രീതി. അംബ മാലയിട്ടത് സാല്വന്റെ കഴുത്തിലായിരുന്നു.
ആ നേരത്താണ് ഭീഷ്മന്‍ സഭയിലെത്തിയത്. മഹാനായ ആ യോദ്ധാവിനെ സദസ്സിലുണ്ടായിരുന്ന മറ്റു ക്ഷത്രിയര്ക്കൊക്കെ ഭയമായിരുന്നു. അദ്ദേഹം ഷണ്ഡനാണെന്നും, ഒരു കാലത്തും വിവാഹം കഴിക്കുകയില്ല എന്നും എല്ലാവര്ക്കും അറിയാമായിരുന്നു. ഈ കിഴവന് എന്തിനിവിടെ വന്നു? ഇദ്ദേഹത്തിനിവിടെ എന്തു കാര്യം?” പലയിടത്തു നിന്നും പരിഹാസ വാക്കുകളുയര്‍ന്നു. അദ്ദേഹം വധുവിനെ തേടി വന്നതാണോ? അതോ സ്വയംവരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള യുവധീരന്മാരൊന്നും കുരു രാജധാനിയില്‍ ഇല്ലെന്നാണോ? തന്റെ രാജ്യത്തിനും കുലത്തിനും നേരെ അവര്‍ തൊടുത്തുവിട്ട പരിഹാസശരങ്ങള്‍. ഭീഷ്മര്‍ കോപംകൊണ്ട് ജ്വലിച്ചു. അദ്ദേഹം മൂന്നു കന്യകമാരേയും ബലമായി പിടിച്ചു തേരില്‍ കയറ്റി സ്വന്തം രാജധാനിയിലേക്കു മടങ്ങി. അവിടെയുണ്ടായിരുന്ന ക്ഷത്രിയ യോദ്ധാക്കള്‍ ഭീഷ്മരെ എതിര്‍ത്തു. അവരെ എല്ലാവരേയും അദ്ദേഹം തോല്പിച്ചു. സാല്വനും അംബക്കു വേണ്ടി ഭീഷ്മനോടു പൊരുതി. അദ്ദേഹത്തേയും ഭീഷ്മന്‍ അമ്പേ പരാജയപ്പെടുത്തി. അതിനു ശേഷം ഭീഷ്മന്‍ മൂന്നു രാജകുമാരികളേയും തട്ടിക്കൊണ്ടു പോയി.
ഒരു സ്ത്രീക്ക് അവളുടേതായ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കാനുള്ള അവസരം, മുന്‍തലമുറകളില്‍ ഉണ്ടായിരുന്ന സ്ഥിതിക്ക് മാറ്റം വരുത്തുന്നതായിരുന്നു ഭീഷ്മരുടെ പ്രവൃത്തി. അദ്ദേഹം ഒരു സ്ത്രീയെ അവളുടെ ഇഷ്ടം മാനിക്കാതെ ബലാല് കൊണ്ടുപോയി. അവര്‍ ഹസ്തിനപുരത്തേക്കു അതിവേഗം സഞ്ചരിച്ചു. കുരു രാജധാനിയിലേക്ക്, അംബ പൊട്ടിക്കരഞ്ഞുകൊണ്ട് ഭീഷ്മന്റെ മുമ്പില്‍ തന്റെ സ്ഥിതി വിവരിച്ചു. “ ഞാന്‍ സാല്വനില്‍ അനുരക്തയായിരുന്നു. മനസാ ഭര്‍ത്താവായി വരിച്ചു കഴിഞ്ഞിരുന്നു. സ്വയംവര സദസ്സില്‍വെച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ വരണമാലയും ചാര്‍ത്തി. അദ്ദേഹമാണെന്റെ ഭര്‍ത്താവ്. അങ്ങ് ചെയ്തത് കടുത്ത അന്യായമാണ്. എന്നെ ഇങ്ങനെ ബലാല് കൊണ്ടു പോകാന്‍ അങ്ങേക്കധികാരമില്ല.”
ഭീഷ്മന്‍ പതറിയില്ല. “ഞാന്‍ നിന്നെ കൂടെ കൊണ്ടു പോന്നു. എനിക്കുള്ളതെല്ലാം കുരുവംശത്തിനുള്ളതാണ്. അങ്ങനെയാണെങ്കില്‍ അങ്ങ് എന്നെ വിവാഹം കഴിക്കുമൊ? അംബ ചോദിച്ചു. “ഇല്ല വിചിത്രവീര്യന്റെ വധുവായാണ് ഞാന്‍ നിന്നെ കൊണ്ടു വന്നിട്ടുള്ളത്.” എന്നാല്‍ വിചിത്രവീര്യന് അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇനിയൊരാളെ ഭര്‍ത്താവായി സ്വീകരിച്ചു കഴിഞ്ഞ ഒരു സ്ത്രീയെ വേള്‍ക്കാന്‍ ഒരുക്കമല്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.അംബികയേയും, അംബാലികയേയും വിചിത്രവീര്യന് ഭാര്യമാരായി സ്വീകരിച്ചു.
അംബയുടെ ദുരവസ്ഥ
അംബ തികച്ചും നിസ്സഹായയായി. “ഇനി ഞാന്‍ എന്തു ചെയ്യണം? നിന്നെ ഞാന്‍ സാല്വന്റെ അടുത്തേക്ക് എല്ലാ ബഹുമതികളോടും കൂടി പറഞ്ഞയക്കാം. “ക്ഷമ ചോദിച്ചു കൊണ്ട് ഭീഷ്മന്‍ പറഞ്ഞു. അംബ സന്തോഷത്തോടെ സാല്വന്റെ രാജകൊട്ടാരത്തിലേക്കു തിരിച്ചു. എന്നാല്‍ അവളെ സ്വീകരിക്കാന്‍ സാല്വന് തയ്യാറായില്ല. ആരുടേയും ദാനം സ്വീകരിക്കാന്‍ എനിക്കു മനസ്സില്ല. നിനക്കു തിരിച്ചു പോകാം. വൃദ്ധനായ ഭീഷ്മന്‍ എന്നെ പോരില്‍ തോല്പിച്ചു. ഇപ്പോള്‍ നിന്നെ തിരിച്ചയച്ച് എന്നോട് ദയ കാട്ടുന്നു. ഇല്ല. എനിക്കൊട്ടും താല്പര്യമില്ല.”
രണ്ടു കൂട്ടരും അംബയെ തിരസ്കരിച്ചു. ഭീഷ്മരോട് ലജ്ജ വിട്ട് അവള് വീണ്ടും അപേക്ഷിച്ചു. “താങ്കളെന്റെ ജീവിതം നശിപ്പിച്ചു. ബലാല് പിടിച്ചു കൊണ്ടു വന്നു. ഞാന്‍ മാലയിട്ടു വരിച്ച സാല്വന് എന്നെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. താങ്കള്‍ തന്നെ എന്നെ വിവാഹം കഴിക്കണം. എനിക്കു വേറെ വഴിയില്ല”. ഭീഷ്മന്‍ കുലുക്കമുണ്ടായില്ല.” എന്റെ രാജ്യത്തിനും കുലത്തിനും കൊടുത്ത വാക്ക് ഞാന്‍ ലംഘിക്കില്ല. എന്റെ പ്രതിബന്ധത കുരുരാജ്യത്തെ പ്രതിയാണ്. എനിക്കു നിന്നെ വിവാഹം കഴിക്കാനാവില്ല. അവിവാഹിതനായി എക്കാലവും കഴിയുമെന്ന് ഞാന്‍ ശപഥം ചെയ്തിട്ടുള്ളതാണ്”.
അംബ ആകെ തകര്‍ന്നു പുറത്തേക്കു നടന്നുപോയി. അയ്യായിരം ആണ്ടുകള്‍ക്കപ്പുറം നടന്ന സംഭവം. ആലോചിച്ചു നോക്കൂ. എല്ലാവരാലും തിരസ്കരിക്കപ്പെട്ട ആ രാജകുമാരിക്ക് സ്വന്തം പിതൃഗൃഹത്തിലേക്കും പോകാനായില്ല. താന്‍ മാലയിട്ടു സ്വീകരിച്ച സാല്വനു തന്നെ വേണ്ട. തന്നെ ബലമായി പിടിച്ചു കൊണ്ടു പോയ ഭീഷ്മനും തന്നെ വേണ്ട. എന്തു ചെയ്യണമെന്നറിയാതെ അംബ നിസ്സഹായയായി എങ്ങോട്ടെന്നില്ലാതെ യാത്രയായി.