ഭാവിയിലെ സാങ്കേതിക വിദ്യകള്‍ ഒരു അനുഗ്രഹമാകുമോ അതോ വിനാശ കാരണമാകുമോ?
ഭാവിയിലെ സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തും എന്ന് സദ്ഗുരു ഈ ലേഖനത്തില്‍ നോക്കിക്കാണുന്നു.
ഒരു യന്ത്രം ഇതെല്ലം ഏറ്റെടുത്തു നടത്താൻ തുടങ്ങിയാൽ പിന്നെ നമുക്ക് നാം ആരാണെന്നതിന്‍റെ ആഴമേറിയ തലങ്ങള്‍ തേടുകയെന്നത് അനിവാര്യമായി മാറും. അതൊരു മഹത്തായ ദിവസം തന്നെയായിരിക്കും, കാരണം നമ്മൾ അപ്പോൾ അവധിയിലായിരിക്കുമല്ലോ. നാം അതിജീവനത്തിനു വേണ്ടി മാത്രം ജോലിയെടുക്കില്ല. അപ്പോള്‍ നമുക്ക് ജീവിതത്തെ പൂര്‍ണ്ണമായും പുതിയൊരു രീതിയില്‍ നോക്കിക്കാണാന്‍ സാധിക്കും.
ഓര്‍മ്മകള്‍ക്ക് അപ്പുറമുള്ള ഒരു തലം
നമ്മുടെ ശരീരമെന്നും മനസ്സുമെന്നും പറയുന്നത് ഒരു തരം ഓര്‍മ്മകളുടെ ശേഖരണമാണ്. ഈ ഓർമകളാണ് എല്ലാ അർത്ഥത്തിലും നമ്മളെ നമ്മളാക്കിയത്. ഉദാഹരണത്തിന്, ഒരു പുരുഷൻ ഒരു കഷ്ണം അപ്പം കഴിച്ചാൽ ആ അപ്പക്കഷ്ണം ഒരു പുരുഷനായി മാറും. അതേസമയം ഒരു സ്ത്രീ അത് കഴിച്ചാലോ ആ അപ്പക്കഷ്ണം ഒരു സ്ത്രീയായി മാറും. അതെ അപ്പം തന്നെ ഒരു നായ കഴിച്ചാൽ അത് നായയായി മാറും. അത് നല്ല ബുദ്ധിയുള്ള അപ്പക്കഷ്ണമാണ്. പക്ഷെ സത്യത്തിൽ ആ അപ്പക്കഷണമല്ല ശരീരം പേറുന്ന ഓർമ്മയാണ് ഒരു ചെറിയ അപ്പക്കഷണത്തെ പുരുഷനായും സ്ത്രീയായും നായയായും ഒക്കെ രൂപാന്തരപ്പെടുത്തുന്നത്.
നിങ്ങളുടെ ശരീരഘടന തന്നെ ഓര്‍മ്മകളുടെ ഒരു തലമാണ്. ഓര്‍മ്മയെന്നാൽ ഒരു അതിർവരമ്പ് കൂടിയാണ്. പക്ഷെ ചിത്തം എന്ന് വിളിക്കുന്ന ബുദ്ധിയുടെ ഒരു തലമുണ്ട്; ആധുനിക ഭാഷയിൽ പറഞ്ഞാൽ അതിനെ അവബോധം എന്ന് വിളിക്കാം. ബുദ്ധിയുടെ ഈ തലത്തിന് ഓര്‍മ്മകളില്ല. ഓര്‍മ്മകളില്ലെങ്കിൽ അതിന് അതിരുകളുമില്ല.
മനുഷ്യന്‍റെ ബുദ്ധി എന്നത് ഒരു ദ്വീപാണ്. ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ നിർമിക്കുന്ന എല്ലാ വസ്തുക്കളും കൊച്ചു കൊച്ചു തുരുത്തുകളാണ്; സാങ്കേതികവിദ്യ അടക്കം. അവബോധം എന്ന സമുദ്രത്തിലാണ് നമ്മളെല്ലാം നിലകൊള്ളുന്നത്. ഓര്‍മ്മകളുമായോ, ഞാനും നിങ്ങളും, അതും ഇതും എന്ന അതിര്‍വരമ്പുകളുമായോ താദാത്മ്യപ്പെടാത്ത ഒരു വിവേകമാണ് അവബോധം. ഇത് വിവേകത്തിന്‍റെ അതിരുകളില്ലാത്തൊരു തലമാണ്.
നമ്മുടെ സാങ്കേതിക കഴിവുകൾ അഭിവൃദ്ധിപ്പെടുന്നതിനനുസരിച്ചു മനുഷ്യൻ അവന്‍റെ ബുദ്ധിയുടെ പരിമിതികൾ തിരിച്ചറിഞ്ഞു സ്വയം നവീകരിക്കുന്നതിനായി പരിശ്രമിക്കുകയും, നമ്മുടെയുള്ളിലുള്ള ജീവന്‍റെ തന്നെ സ്രോതസ്സായ, വിവേകത്തിന്‍റെ ആഴമേറിയ തലങ്ങളിലേക്കു പ്രവേശിക്കുകയും ചെയ്യണം.
അവബോധത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
ഏതൊരു പ്രവൃത്തി ചെയ്യണമെങ്കിലും ഏതാനും അളവ് മനുഷ്യോര്‍ജ്ജവും, സമയവും, മറ്റു സാധനങ്ങളും വിനിയോഗിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടു തന്നെ നമ്മൾ അവബോധത്തിനു വേണ്ടി സമയം ചിലവിടേണ്ടിയിരിക്കുന്നു. ഇതു വരെ നമ്മൾ അതിജീവനത്തിനു വേണ്ടി മാത്രമായാണ് സമയം ചിലവഴിച്ചിരുന്നത്. പക്ഷെ ഈ സാങ്കേതിക അഭിവൃദ്ധി ഒരു യാഥാർഥ്യമാവുമ്പോൾ അതിജീവനം ഒരു പ്രശ്നമേ അല്ലാതായിത്തീരുന്നു. അതിജീവനം ഒരു പ്രശ്നമല്ലെങ്കിൽ നമ്മൾ തീർച്ചയായും അവബോധത്തിനായി സമയം കണ്ടെത്തും. നാം എത്ര വേഗം അതിനായി സമയം ചിലവഴിക്കുന്നു എന്നതിന് അനുസരിച്ച്, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തുറന്നു വരുമ്പോള്‍ അത്രയും കുറവ് പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടാകൂ.
സാങ്കേതികശാസ്ത്രമെന്നത് ഇരുതലമൂർച്ചയുള്ളൊരു വാൾ പോലെയാണ്. അതാര് ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും അതിന്‍റെ പരിണതഫലം. നിങ്ങളുടെ അനുഭവവും വ്യക്തിത്വവും മറ്റുള്ളതെല്ലാം ബഹിഷ്‌കരിക്കുന്ന തരത്തിലുള്ളതാണോ അതോ എല്ലാം ഉൾക്കൊള്ളുന്ന തരത്തിലുള്ളതാണോ എന്നതിനനുസരിച്ചായിരിക്കും നിങ്ങൾ ആ വാൾ ഉപയോഗിക്കുന്നത്.
ഈ മനുഷ്യസമൂഹത്തില്‍ ഒന്നാകെ അവബോധത്തിന്‍റെ ഉയര്‍ച്ച ഉണ്ടാകാന്‍ നാമെന്താണ് ചെയ്യേണ്ടത്? ഒന്ന് മനസിലാക്കുക; എല്ലാ തലമുറയിലും ജ്ഞാനികളുണ്ടായിരുന്നു. പക്ഷെ നമ്മളറിയുന്നതു ചില തലമുറയിലെയും സമൂഹത്തിലെയും ജ്ഞാനികളെ മാത്രമാണ്. പല സമൂഹങ്ങളിലും അവർ അവഗണിക്കപ്പെട്ടിരുന്നു. അളവുകളില്ലാത്ത അതിരുകളില്ലാത്ത അന്തർബോധമുണർത്താനും സുബോധത്തിനു കാതോർക്കാനും ആത്മബോധമുണർത്താനുള്ള പ്രവർത്തന സമ്പ്രദായങ്ങൾ മറ്റുള്ളവർക്ക് പ്രാപ്യമാക്കാനും സമയമായിരിക്കുന്നു.
ആന്തരിക ക്ഷേമത്തിനായുള്ള സാങ്കേതിക വിദ്യകള്‍
ഭൗതികസുഖസൗകര്യങ്ങൾ അഭിവൃദ്ധിപ്പെടുത്താനായി സാങ്കേതിക വിദ്യ ഉള്ളതു പോലെത്തന്നെ നമ്മുടെ ആന്തരികക്ഷേമം മെച്ചപ്പെടുത്താനും ശാസ്ത്രവും സാങ്കേതിക വിദ്യകളുമുണ്ട്. എങ്ങിനെ ജീവിക്കണമെന്ന് നമുക്കറിയില്ലെങ്കിൽ എത്ര തന്നെ സാങ്കേതിക വളർച്ചയുണ്ടായാലും വലിയ പ്രയോജനമൊന്നുമില്ലല്ലോ. ഏതു കാലത്തെ മാനവരാശിയേക്കാളും സുഖവും സൗകര്യങ്ങളും നമുക്കിന്നുണ്ട്. പക്ഷെ നമുക്ക് പറയാൻ പറ്റുമോ ഈ ലോകത്തു ജീവിച്ചിരുന്ന എല്ലാവരേക്കാളും സന്തോഷവാന്മാരും മനോഹരമായി ജീവിക്കുന്നവരും നമ്മളാണെന്ന്? ഒരിക്കലുമില്ല. ആളുകളെല്ലാം ഞരമ്പുരോഗികളെ പോലെയായിരിക്കുന്നു. മറ്റു തലമുറകളേക്കാൾ വഷളന്മാരാണ് നമ്മളെന്നല്ല ഞാൻ പറഞ്ഞതിനർത്ഥം. പക്ഷെ അവരെക്കാൾ കാര്യമായി മെച്ചപ്പെട്ടവരുമല്ല. കാരണം, നമ്മുടെ സുഖസൗകര്യങ്ങൾക്കായി മറ്റു ജീവജാലങ്ങളെ ഇത്രത്തോളം ഉപദ്രവിച്ച മറ്റൊരു തലമുറ ഇതു വരെ ഉണ്ടായിട്ടില്ല എന്നതു തന്നെ.
സാങ്കേതിക വളർച്ച സുഖവും സൗകര്യങ്ങളും മെച്ചപ്പടുത്തുമെന്നത് ശരി തന്നെ, പക്ഷെ ഒരിക്കലും ആന്തരിക സൗഖ്യമുണ്ടാക്കുന്നില്ല. നമുക്കതിനു സമയമായിരിക്കുന്നു. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളാണ് ഇപ്പോഴും നിങ്ങളുടെ ക്ഷേമം തീരുമാനിക്കുന്നത്; അത് ശരിയല്ല, നിങ്ങളത് സ്വയം തീരുമാനിക്കേണ്ടതാണ്.
നിങ്ങളുടെ ശരീരവും മനസ്സും നിങ്ങൾ പറയുന്നതനുസരിക്കുകയാണെങ്കിൽ ഓരോ നിമിഷവും ആരോഗ്യവും പരമാനന്ദവുമല്ലേ നിങ്ങളാഗ്രഹിക്കൂ? അങ്ങിനെയൊരവസരമുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതേ ചെയ്യൂ. നിങ്ങളുടെ ഓരോ നിമിഷവും നിർവൃതിയുടേതല്ലെങ്കിൽ, നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളുടെ നിർദേശങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വേണ്ടത്ര അവബോധം ഇല്ലെന്നാണ്.
അതു കൊണ്ടു തന്നെ നമ്മൾ ആ വഴിക്ക് പ്രവർത്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. നമ്മുടെ പട്ടണങ്ങളിൽ ആശുപതികളുണ്ട്, സ്കൂളുകളുണ്ട്, ശൗച്യാലയങ്ങളുണ്ട്, എല്ലാമുണ്ട്. പക്ഷെ, ആളുകൾക്ക് ധ്യാനത്തിനിരിക്കാൻ ഒരു ചെറിയ ഇടമെങ്കിലുമുണ്ടോ? സാങ്കേതിക വളർച്ച അതിന്‍റെ പാരമ്യത്തിലെത്തുമ്പോൾ, നിങ്ങൾ ഇപ്പോൾ ചെയ്യുന്നതതെല്ലാം യന്ത്രവല്‍കരിക്കപ്പെടുമ്പോൾ, ഈ ലോകത്ത് നിലനിൽക്കുന്നത് എന്തിനെന്നറിയാതിരിക്കുമ്പോൾ, അപ്പോൾ ആന്തരിക സൗഖ്യത്തിന്‍റെ ആവശ്യകത വളരെ പ്രബലമാകും. ആ ദിവസത്തിനു വേണ്ടി നാം തയ്യാറാകണമെങ്കില്‍, നമ്മുടെ ആന്തരിക സത്തയില്‍ കേന്ദ്രീകരിച്ച ഭൗതിക സൗകര്യങ്ങളും അതിനു പറ്റിയ മനുഷ്യരേയും തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്.