ശി-വന്‍: ജീവിതത്തെ അതായിരിയ്ക്കുന്ന വിധത്തില്‍ കാണുന്നതിനുള്ള ഒരു ഉപായം
മനസ്സിന്റെ എല്ലാ വൈകല്യങ്ങളും പരിഹരിയ്ക്കുന്നതിനു ശി-വന്‍ എങ്ങനെ ഒരു ഉപായമായിരിയ്ക്കുന്നുവെന്നതിനെക്കുറിച്ച് സദ്ഗുരു വിശദീകരിയ്ക്കുന്നു. അപ്പോള്‍ അസ്തിത്വത്തെ അതായിരിയ്ക്കുന്ന വിധത്തില്‍ നോക്കിക്കാണുന്നതിന് നമുക്കു കഴിയുന്നു.
തനിയ്ക്കറിയില്ലെന്നു തുറന്നു സമ്മതിയ്ക്കുന്നതിനുള്ള ആര്‍ജ്ജവം നിങ്ങള്ക്കില്ലാത്തതിനാലാണ് വിശ്വാസം സംഭവിയ്ക്കുന്നത്. ''എനിയ്ക്കറിയില്ലെ''്ന്നത് ഒരു വലിയ സാദ്ധ്യതയാണ്. ''എനിയ്ക്കറിയില്ലെ''ന്നു നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ മാത്രമേ അറിയുന്നതിനുള്ള ആഗ്രഹമുളവാകൂ. അറിയുന്നതിനുള്ള ആഗ്രഹമങ്കുരിച്ചാല് അന്വഷണ പ്രക്രിയയ്ക്കു തുടക്കമാകുന്നു. അന്വഷണ പ്രക്രിയ തുടങ്ങിയാല്‍ അറിയുന്നതിനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍, നിങ്ങള്‍ക്കറിവില്ലാത്ത ഒരു സംഗതി വെറുതെ വിശ്വസിയ്ക്കുക മാത്രമാണു നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, തനിയ്ക്ക് ഒരിയ്ക്കലും അറിവാകില്ലെന്ന കാര്യം നിങ്ങള്‍ ഉറപ്പാക്കിക്കഴിഞ്ഞു.
“എനിയ്ക്കറിയില്ല“ എന്നത് ഒരു വലിയ സാദ്ധ്യതയാണ്
മറ്റേ അറ്റത്ത് എന്താണുള്ളതെന്നതിനെക്കുറിച്ച് നിങ്ങളെന്തെങ്കിലും സങ്കല്പം മെനയുകയാണെങ്കില്‍ ശരിയായ അന്വേഷണം സംഭവിയ്ക്കുകയില്ല. ഒരുവന് അറിയില്ലെങ്കില്‍ മാത്രമേ അയാളുടെ അന്വേഷണം വാസ്തവമായും സത്യസന്ധമാകൂ. ''എനിയ്ക്കറിയില്ലെ''ന്നതില്‍ നിന്നുമാണ് എപ്പോഴും അന്വേഷണം മുളപൊട്ടുന്നത്. നിങ്ങള്‍ക്കറിയില്ല, അതു കൊണ്ട് നിങ്ങളന്വേഷിയ്ക്കുന്നു. നിഷ്ക്കളങ്കതയുടേതായ ഒരു പ്രത്യേക അവസ്ഥയില്‍ നിന്നുമാണ് അന്വേഷണം ഉരുവാകുന്നത്. ഈ ശൂന്യാവസ്ഥയില്‍ നിന്നും നിങ്ങള്‍ വെളിയില്‍ വരാനാഗ്രഹിയ്ക്കുന്നു. അന്വേഷണമെന്നത് ഒരു തേടലാണ് - അത് എന്താണെന്നു നിങ്ങള്‍ക്കറിയില്ല; നിങ്ങള്‍ അന്വേഷിയ്ക്കുകയാണ്, സ്വന്തം വഴി കണ്ടെത്തുകയാണ്.
നിര്‍ഭാഗ്യവശാല്‍ ഈ ലോകത്തുള്ള ഭൂരിഭാഗമാളുകളും പരിശ്രമിയ്ക്കുന്നതിനു തയ്യാറല്ലാത്തവരാണ്. വിശ്വാസസംഹിതകള്‍ ഇതിന് എളുപ്പത്തില്‍ പകരം വയ്ക്കാവുന്ന ഒരു സംഗതിയായിത്തീര്ന്നിരിയ്ക്കുന്നു. നിങ്ങള്‍ വെറുതെ വിശ്വസിയ്ക്കുക മാത്രം ചെയ്യുന്നു:''അതെ, ദൈവമുണ്ട്. അതെ, ചെകുത്താനുണ്ട്.'' ഇതു കൊണ്ടു നിങ്ങള്‍ക്ക് സ്വയം വിഡ്ഢിയാക്കാന്‍ കഴിയും. എന്നാല്‍ ഇത് അര്‍ത്ഥശൂന്യമാണ്. കാരണം, നിങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തിയിരിയ്ക്കുന്നതാണിത്.
ആളുകള്‍ക്ക് അനേകം വിശ്വാസപ്രമാണങ്ങളുണ്ട്. അവര്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചു സംസാരിയ്ക്കുകയും, തങ്ങള്‍ക്ക് ഇവിടെ ലഭിയ്ക്കാത്ത എല്ലാക്കാര്യങ്ങളുമുള്ള ഒരു സ്ഥലത്തെ സങ്കല്പ്പിയ്ക്കുകയും ചെയ്യുന്നു - ആഹാരസാധനങ്ങള്‍, സ്ത്രീകള്‍, ദൈവങ്ങള്‍ തുടങ്ങി മറ്റെല്ലാതും. തനിയ്ക്ക് ഇവിടെ ഇല്ലാതാക്കപ്പട്ടതെല്ലാം നിങ്ങള്‍ 'അവിടെ' കെട്ടിപ്പൊക്കുന്നു. ഇക്കാരണത്താലാണ് ഇന്ത്യന്‍ സംസ്കാരത്തില്‍ നമ്മള് 'ശി-വന്‍' എന്നതിന് 'ഇതല്ലാത്തതെന്തോ അത്' എന്ന് അര്‍ത്ഥം പറഞ്ഞത്.
'ശിവന്' എന്നു നമ്മള് പറയുന്നത് ഏതെങ്കിലും ദൈവത്തെക്കുറിച്ചല്ല. 'ശിവന്' എന്നതിന്റെ ശരിയ്ക്കുള്ള അര്‍ത്ഥം 'ഇതല്ലാത്തതെന്തോ അത്' എന്നാണ്. എല്ലാ സൃഷ്ടികളും വരുന്നത് ഒന്നുമില്ലായ്മയില്‍ നിന്നുമാണെന്നും അതിലേയ്ക്കു തന്നെ തിരിച്ചു പോകുമെന്നും ഇന്ന് ഭൗതിക ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. വിശാലമായ ഈ ഒന്നുമില്ലായ്മയാണ് അസ്തിത്വത്തിന്റെ അടിസ്ഥാനവും ഈ വിശ്വത്തിന്റെ മൗലികമായ സവിശേഷതയും. ലക്ഷോപലക്ഷം സംഖ്യ വരുന്ന ബൃഹത്തായ ഈ സൗരയൂഥങ്ങള്‍ നമ്മള് ശിവന് എന്നു വിളിയ്ക്കുന്ന വിശാലമായ ഈ ഒന്നുമില്ലായ്മയിലെ ഒരു പൊടിപാറല് മാത്രമാണ്.
ഒന്നും സങ്കല്‍പ്പിക്കരുത്
അപ്പോള്‍ എന്താണു അവിടെയുള്ളത്? ഒന്നുമില്ല. എങ്ങനെയാണു നിങ്ങള്‍ ഒന്നുമല്ലാത്ത ഒന്നിനെ സങ്കല്പ്പിയ്ക്കുക? കഠിന പരിശ്രമം ചെയ്തു കണ്ടെത്തുക! എത്രത്തോളം ഇതു നിങ്ങള്‍ പ്രായോഗികമാക്കുന്നുവോ, അത്രത്തോളം അതു നിങ്ങളുടെ മനസ്സിലുള്ള എല്ലാ രൂപങ്ങളെയും ഇല്ലാതാക്കും. ഈ സംസ്കാരത്തില്‍ അവര്‍ നിങ്ങളോടു 'ശിവന്' എന്നു നിരന്തരം ഉരുവിടാന്‍ പറഞ്ഞിരുന്നു. കാരണം, നിങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള എല്ലാ രൂപങ്ങളെയും നശിപ്പിയ്ക്കുന്നതിനെക്കുറിച്ചാണു നമ്മള് പറയുന്നത്. നിങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്നത് ദൈവങ്ങളെയോ ഭൂതങ്ങളെയോ കുട്ടിച്ചാത്തന്മാരെയോ എന്നത് വിഷയമല്ല. നിങ്ങളാണ് അവയെ സൃഷ്ടിച്ചത്. നിങ്ങളവയെ നശിപ്പിയ്ക്കുന്നില്ലെങ്കില്, യാഥാര്‍ത്ഥ്യത്തെ അതായിരിയ്ക്കുന്ന വിധത്തില്‍ നിങ്ങളൊരിയ്ക്കലും കാണില്ല. ഇവയെല്ലാം ചുറ്റും ഒഴുകിനടക്കുന്നതായി നിങ്ങളെപ്പോഴും ഭാവന ചെയ്യും. അതു കൊണ്ട്, ഇവയെയെല്ലാം നശിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രയോഗ ശാസ്ത്രമെന്ന നിലയ്ക്കാണ് ഇതു നല്കപ്പെട്ടത്.
നിങ്ങള്‍ യാതൊന്നിനെയും സങ്കല്പിയ്ക്കുന്നില്ലെന്നതാണ് ആത്മീയമായ ഒരു സാധനാ ക്രമത്തിന്റെ അടിസ്ഥാനം. 'ശിവന്'എന്നു നിങ്ങള്‍ പറയുമ്പോള്‍, ശിവന് അവിടെ മുകളില്‍ ഇരിയ്ക്കുന്നതായി നിങ്ങള്‍ വിശ്വസിയ്ക്കുന്നുവെന്നല്ല അതിനര്‍ത്ഥം. നിങ്ങള്‍ ഒരു ശബ്ദം ഉപായമായി ഉപയോഗിയ്ക്കുന്നുവെന്നു മാത്രം. എന്തെങ്കിലും അടിസ്ഥാനമില്ലാതെയല്ല ഈ ശബ്ദം നല്കപ്പെട്ടത്. എന്തെല്ലാം വ്യത്യസ്ത തരം ശബ്ദങ്ങളാണ് നമുക്കു പ്രയോജനപ്പെടുന്നതെന്നു നമ്മള് നിരീക്ഷിച്ച് തിരിച്ചറിഞ്ഞു. ഇതിനെ എരിച്ചുകളയുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണു ശി-വന്‍. അപ്പോള്‍, ജീവിതം ഓരോ നിമിഷവും പുതുമയോടെ തുടങ്ങുന്നു. നിങ്ങളുടെ മാനസിക ഇടം ഒരു തെളിഞ്ഞ കണ്ണാടി പോലെയായിത്തീരുന്നു. ഉള്ളതെന്തോ അതു മാത്രമേ അതു നിങ്ങളെ കാണിയ്ക്കൂ; കൂടുതലൊന്നും കാണിയ്ക്കില്ല. അപ്രകാരമായിരിയ്ക്കണം നിങ്ങളുടെ മനസ്സ്. ഇത് പ്രയോജനമുള്ള ഒരു മനസ്സാണ്. ഇപ്പോഴാണെങ്കില്‍ വളരെയധികം കാര്യങ്ങള്‍ അതില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്നു. നിങ്ങളുടെ വീട്ടിലെ കണ്ണാടി ഈ വിധത്തിലാകുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ: അതിനു മുന്പില് ആരു വന്നാലും പത്തു ശതമാനം മാത്രമേ അതു പ്രതിഫലിപ്പിയ്ക്കൂ. അതു താമസം വിനാ ഉപയോഗശൂന്യമായിത്തീരുന്നു.
സങ്കല്പിയ്ക്കാന് കഴിയാത്ത ഒരു കാര്യത്തെക്കുറിച്ചു നിങ്ങള്‍ സങ്കല്പിയ്ക്കുമ്പോള്, രൂപമില്ലാത്ത എന്തോ ഒന്നിനെ കാണാന്‍ ശ്രമിയ്ക്കുകയാണു നിങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ യഥാര്‍ത്ഥമായും അതിനു വേണ്ടി ശ്രമിയ്ക്കുകയാണെങ്കില്‍ അതാണ് അന്വേഷണം. അപ്പോള്‍ നിങ്ങള്‍ ശാരീരികമായ സൃഷ്ടിയെ അതിശയിയ്ക്കുന്നു. നിങ്ങള്‍ ശാരീരികതയെ അതിശയിച്ചതിനു ശേഷം പിന്നെയും ഇവിടെയിരിയ്ക്കുകയാണെങ്കില്, അതിനര്‍ത്ഥം നിങ്ങള്‍ മറ്റെന്തിനെയോ സ്പര്ശിച്ചിരിയ്ക്കുന്നുവെന്നാണ്. ആ മറ്റെന്തിനെയോ ആണു നമ്മള് 'ഇതല്ലാത്തതെന്തോ അതെ'ന്നു വിളിയ്ക്കുന്നത്.
അതുകൊണ്ട്, 'ശിവന്' എന്നു പറയുന്നതിലൂടെ നിങ്ങള്‍ ഇതല്ലാത്തതെന്തോ അതിനെ സങ്കല്പിയ്ക്കാന് ശ്രമിയ്ക്കുകയാണ്. അതിനു വേണ്ടി നിങ്ങള്‍ എത്രത്തോളം ശ്രമം ചെയ്യുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സ് വൃത്തിയുള്ളതും നിരപ്പൊത്തതുമാകുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതും, സ്നേഹിയ്ക്കുന്നതും വെറുക്കുന്നതുമായ എല്ലാക്കാര്യങ്ങളും അപ്രത്യക്ഷമാകുന്നു. ഒരിയ്ക്കല്‍ നിങ്ങള്‍ക്ക് വൃത്തിയുള്ളതും നിരപ്പൊത്തതുമായ ഒരു കണ്ണാടി കൈവന്നു കഴിഞ്ഞാല്‍, എല്ലാറ്റിനെയും അവ ആയിരിയ്ക്കുന്നതു പോലെ നിങ്ങള്‍ കാണുന്നു. കാരണം, സ്വന്തം മനസ്സിന്റെ ആകാശമാണ് ഈ അസ്തിത്വത്തിലുള്ള ഏതൊരു സംഗതിയും നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന ഒരേയൊരു ഇടം. അതിനെ നിങ്ങള്‍ വെടിപ്പുള്ളതും നിരപ്പൊത്തതുമായി സൂക്ഷിയ്ക്കാത്ത പക്ഷം, നിങ്ങളുടെ ഭൂതങ്ങളെത്തന്നെ നിങ്ങള്‍ കാണുന്നതായിരിയ്ക്കും.
ഭൂതങ്ങളോടു പോരടിയ്ക്കല്
ഞാന്‍ നിങ്ങളോട് ഒരു തമാശ പറയട്ടെ. ഒരാള്‍ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. അദ്ദേഹം വളരെ എളിമയുള്ള ഒരു മനുഷ്യനായിരുന്നു. അത്തരത്തിലുള്ള ഒരു ശാരീരികപരിശോധന അദ്ദേഹത്തിനു പരിചിതമായിരുന്നില്ല. അവര്‍ അദ്ദേഹത്തെ നാമമാത്ര വസ്ത്രധാരിയാക്കുകയും ശരീരഭാരം, ഉയരം, ട്രെഡ്മില് എന്നിങ്ങനെയുള്ള എല്ലാ പരിശോധനകള്‍ക്കും വിധേയമാക്കുകയും ചെയ്തു. ഇതെല്ലാം നടക്കുന്ന സമയത്ത് എന്തോ കാരണത്താല്‍ അവരദ്ദേഹത്തെ ബാത്റൂമില്‍ പോകാനനുവദിച്ചില്ല. അദ്ദേഹത്തിനാകട്ടെ, അതു ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. അദ്ദേഹമതു കിടക്കയില്‍ സാധിച്ചു! താന്‍ എന്താണു ചെയ്തിരിയ്ക്കുന്നതെന്ന് തന്നെ പരിചരിച്ചിരുന്ന സുന്ദരിയായ നഴ്സ് കാണുന്നതിന് അദ്ദേഹമാഗ്രഹിച്ചില്ല. കാരണം, അദ്ദേഹം വിനയവാനായ ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട് അദ്ദേഹം കിടക്കവിരിയെടുത്ത് മൂന്നാംനിലയിലെ ജനലിലൂടെ വെളിയിലേയ്ക്കെറിഞ്ഞു.
ഈ ഭൂതലത്തിന്റെ ആകൃതിയെക്കുറിച്ചു ചിന്തിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് താഴെ തെരുവോരത്തു കൂടി ഒരു മദ്യപന് നടക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ഈ വെളുത്ത കിടക്കവിരി പറന്നു വന്ന് അയാളുടെ മേല്‍ വീണു. അയാള്‍ കൈകാലുകള്‍ ചലിപ്പിയ്ക്കുകയും നിലത്തു കിടന്നുരുളുകയും അതുമിതുമെല്ലാം ചെയ്യുകയും ചെയ്തു. എങ്ങനെയോ അയാള്‍ ആ കിടക്കവിരിയില്‍ നിന്നും വെളിയില്‍ വരികയും അത് അയാളുടെ കാല്പ്പാദങ്ങളിലേയ്ക്ക് ഊര്‍ന്നു വീഴുകയും ചെയ്തു. അയാള്‍ വൃത്തിഹീനമായ ആ കിടക്കവിരിയിലേയ്ക്കു നോക്കി. അപ്പോള്‍ ആരോ ചോദിച്ചു;''എന്താണു സംഭവിച്ചത്?'' അയാള്‍ പറഞ്ഞു;''ഞാന്‍ ഒരു ഭൂതത്തിന്റെ മലം തൊഴിച്ചു വെളിയില്ക്കൊണ്ടു വരികയായിരുന്നു!'' ഇതാണ് ഭൂരിഭാഗം ആളുകളുടെയും കാര്യത്തില്‍ സംഭവിയ്ക്കുന്നത്. ഇല്ലാത്ത ഭൂതങ്ങളോടു യുദ്ധം ചെയ്യുകയാണു നിങ്ങള്‍. നിങ്ങള്‍ക്ക് അവയോടു യുദ്ധം ചെയ്തു വിജയം നേടാം. എന്നാല്‍, നിങ്ങള്‍ എത്ര മേല്‍ വിജയിയ്ക്കുന്നുവോ അത്രത്തോളം പരാജയപ്പെടുന്നു.
അന്വേഷിയ്ക്കലെന്നാല് എന്തിനെയെങ്കിലും വിഭാവനം ചെയ്ത് അതില്‍ എത്തിച്ചേരാന്‍ ശ്രമിയ്ക്കലല്ല - അതു ഭ്രാന്താണ്. നിങ്ങള്‍ ഒന്നിനെക്കുറിച്ചും ഭാവന ചെയ്യേണ്ടതില്ല. എങ്ങനെയാണ് ഒന്നിനെക്കുറിച്ചും ഭാവന ചെയ്യാതിരിയ്ക്കുക? കാരണം, ഒരിയ്ക്കല്‍ നിങ്ങള്‍ക്ക് ഓര്മ്മകളുണ്ടായാല്, ഭാവന നിലവില്‍ വരുന്നു. അതു കൊണ്ടാണ് ഈ ഉപായം നല്കപ്പെട്ടത് - ഇതല്ലാത്തതെന്തോ അതിനെ ഭാവ-ന ചെയ്യുക. വീണ്ടും വീണ്ടും കഠിന പരിശ്രമം ചെയ്യുക. അപ്പോള്‍ മനസ്സ് ഠിം... എന്നില്ലാതാകുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും.