നിങ്ങൾക്ക് സ്വയം ഒറ്റപ്പെട്ടതായി തോന്നിയാൽ എന്തു ചെയ്യണം? | സദ്ഗുരു | What to do When You Feel Lonely?
കോപമോ സന്തോഷമോ സ്നേഹമോ എന്തുമാകട്ടെ, നമുക്ക് അത് സ്ഥിരതയോടെ നിലനിർത്താൻ കഴിയുമെങ്കിൽ, അത് സാക്ഷാത്കാരത്തിനുള്ള ഒരു മാർഗ്ഗമാകുന്നത് എങ്ങനെയെന്ന് സദ്ഗുരു വിശദീകരിക്കുന്നു.
ചോദ്യം: ഞാൻ ശരിക്കും സന്തോഷവാനും വ്യക്തതയുള്ളവനും ആകുമ്പോൾ എന്റെ ഉള്ളിൽ ഒരു പ്രസരിപ്പുണ്ടാകുന്നു; അത് ഞാൻ അലിഞ്ഞു പോകുന്നതുപോലെയാണ്. പക്ഷേ, എന്റെ ചുറ്റുമുള്ള ആളുകൾ, ഞാൻ അനുവദിക്കാതിരുന്നിട്ടുപോലും, എന്നെ താഴേക്ക് വലിക്കുന്നു. എന്നാൽ ഞാൻ എന്നിലേക്ക് ഒതുങ്ങിയാൽ, എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു. ഞാൻ എന്ത് ചെയ്യണം?
സദ്ഗുരു: നിങ്ങൾക്ക് എത്രമാത്രം ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നുവോ, അത്രയും നിങ്ങൾക്ക് കൂട്ടുകെട്ടുകൾ ആവശ്യമായി വരുന്നു. നിങ്ങൾ കൂടുതൽ സന്തോഷവാനും പ്രസരിപ്പുള്ളവനുമാകുമ്പോൾ, നിങ്ങൾക്ക് കൂട്ടുകെട്ടിന്റെ ആവശ്യകത കുറയും. അതിനാൽ നിങ്ങൾ തനിച്ചായിരിക്കുമ്പോൾ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ തീർച്ചയായും മോശം കൂട്ടുകെട്ടിലാണെന്നാണ്! നിങ്ങൾ ഒരു നല്ല വ്യക്തിയുടെ കൂടെ ആയിരുന്നെങ്കിൽ, എങ്ങനെ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും? നിങ്ങൾ ആനന്ദഭരിതനാവുകയല്ലേ വേണ്ടത്. ആളുകൾക്ക് ആനന്ദം എന്നാൽ, സംസാരിക്കുകയോ, നൃത്തം ചെയ്യുകയോ, സംഗീതം കേൾക്കുകയോ, അങ്ങനെ അതുമിതുമൊക്കെ ചെയ്യലാണ്. എന്നാൽ നിങ്ങൾക്ക് നിശബ്ദമായി ഇരുന്നുകൊണ്ട് തന്നെ തികച്ചും ആഹ്ളാദഭരിതരാകാനും കഴിയും.
നിങ്ങളുടെ ആഹ്ളാദം കൃത്രിമമാണെങ്കിൽ, നിങ്ങൾക്ക് കൂട്ടുകെട്ട് ആവശ്യമാണ്. സ്വന്തം പ്രകൃതത്താൽ നിങ്ങൾ ആഹ്ളാദഭരിതനാണെങ്കിൽ, ജീവിതം പ്രസരിപ്പുള്ളതാണെങ്കിൽ, പ്രവർത്തനങ്ങൾ അതിന്റെ ഒരു പരിണതഫലം മാത്രമാണ്. നിങ്ങളുടെ ജീവിതം ആഹ്ളാദഭരിതമല്ലെങ്കിൽ, നിങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, പ്രവർത്തനം അതിനുള്ള മാർഗ്ഗമായിത്തീരുന്നു.
ഇതാണ് ആ വലിയ വ്യത്യാസം. ഒന്നുകിൽ നിങ്ങൾ നൃത്തം ചെയ്ത് ഒരു പ്രത്യേക ആഹ്ളാദാവസ്ഥയിൽ എത്തുന്നു, അല്ലെങ്കിൽ നിങ്ങൾ അതിയായ ആഹ്ളാദാവസ്ഥയിൽ ആയതിനാൽ നിങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിയാതെ നൃത്തം ചെയ്യുന്നു. ഇവ രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്. ഒന്നുകിൽ നിങ്ങൾ സന്തോഷവാനായതിനാൽ നിങ്ങൾ പൊട്ടിച്ചിരിക്കുന്നു, അല്ലെങ്കിൽ നിങ്ങളോട് ആരോ പറഞ്ഞതുകൊണ്ട്, "എല്ലാ ദിവസവും രാവിലെ നിങ്ങൾ ചിരിക്കുകയാണെങ്കിൽ, ഒരു ദിവസം നിങ്ങൾ സന്തോഷവാനായിത്തീരും." ഇവ രണ്ട് വ്യത്യസ്ത വഴികളാണ്. ചുറ്റുപാടും ഒന്ന് നോക്കൂ; എന്നിട്ട് ജീവിതം ഏത് വഴിയിലാണ് പ്രവർത്തിക്കുന്നത് എന്ന് എന്നോട് പറയൂ.
പൂവുള്ളതുകൊണ്ടാണോ ചെടിയും വേരും പൂവിന് താങ്ങുപോലെ ഉയർന്നു വന്നത്? അല്ല. ചെടിയുടെ പ്രസരിപ്പ് അടക്കിവയ്ക്കാനാകാത്തതിനാൽ അത് പൂവിടുന്നു. ഇങ്ങനെയാണ് ജീവിതം സംഭവിക്കേണ്ടത്. നിങ്ങൾ മറ്റൊരു രീതിയിൽ ജീവിക്കാൻ ശ്രമിച്ചാൽ, അത് വളരെ കഠിനമായ ജീവിതമായിരിക്കും.
യഥാർത്ഥത്തിൽ സന്തോഷമില്ലാതെ, പുറംലോകത്തിൽ സന്തോഷവാനെന്ന് കാണിക്കുക എന്നത്, ലോകത്തിലെ ഏറ്റവും കഠിനമായ ജീവിതമാണ്. നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ, നിങ്ങൾ സന്തുഷ്ടരാണെന്ന് എല്ലാവരേയും കാണിക്കാൻ അസാധാരണമായ പ്രയത്നം വേണ്ടിവരും. നിങ്ങൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ? സന്തോഷമുള്ളപ്പോൾ മാത്രം പുറത്ത് സന്തോഷം കാണിക്കുന്ന ചിലരുണ്ട്; അവർ സന്തോഷമില്ലാത്തപ്പോൾ പുറത്തും സന്തോഷം കാണിക്കാറില്ല. അവർ അത് എല്ലാവരോടും ഒരേ രീതിയിൽ കാണിക്കുന്നു, അവരുടെ പ്രവൃത്തികൾ ലോകം മുഴുവനും മനസ്സിലാക്കുന്നു. എന്നാൽ ചില ആളുകൾക്ക് എല്ലായ്പ്പോഴും നടിക്കാൻ കഴിയുന്നു, പക്ഷേ അത് അങ്ങനെ നിലനിർത്താൻ അസാധാരണമായ ഊർജ്ജം ആവശ്യമാണ്. നിരന്തരം അങ്ങനെ ചെയ്യുന്നതിന്റെ പരിണിതഫലമായി അത്തരക്കാർക്ക് ശരീരത്തിൽ മുഴയും രോഗങ്ങളുമുണ്ടാവുന്നു. നിങ്ങളുടെ മനസ്സ് ഒരു പ്രത്യേകരീതിയിൽ മാറ്റുകയാണെങ്കിൽ നിങ്ങൾ നിങ്ങളോടുതന്നെ ഇങ്ങനെ ചെയ്യും.
ആളുകൾക്കുള്ള ഒരേയൊരു രക്ഷാകരമായ കൃപ അവർ ഒരിക്കലും സ്ഥിരമായി ഒന്നും ചെയ്യുന്നില്ല എന്നതാണ്. അവരുടെ സന്തോഷം മിന്നിമറയുന്നു, അവരുടെ ദുരിതം മിന്നിമറയുന്നു. അതൊരിക്കലും സ്ഥായിയായി നിൽക്കുന്നില്ല. നിങ്ങൾ തീർത്തും ദയനീയമായിത്തീരുകയാണെങ്കിൽ, അതിന്റെ അനന്തരഫലം നിങ്ങൾ കാണും. നിങ്ങൾ തീർത്തും സന്തോഷവാനാണെങ്കിൽ, അതിന്റെ അനന്തരഫലം നിങ്ങൾ കാണും. നിങ്ങൾ തീർത്തും കോപിച്ചാൽ അതിന്റെ അനന്തരഫലം നിങ്ങൾ കാണും. നിങ്ങൾ സ്ഥായിയല്ലാത്തതിനാൽ ഒന്നിന്റെയും അനന്തരഫലം നിങ്ങൾ കാണുന്നില്ല.
ആളുകൾ എന്നോട് ചോദിക്കുന്നു, "സദ്ഗുരു, എനിക്ക് എന്ത് മനോഭാവവും വികാരവുമാണ് ഉണ്ടായിരിക്കേണ്ടത്?" ഞാൻ പറയുന്നു, "എന്തായാലും കുഴപ്പമില്ല." നിങ്ങൾക്ക് ദേഷ്യപ്പെടണമെങ്കിൽ, 24 മണിക്കൂറും നിർത്താതെ ദേഷ്യപ്പെടുക; നിങ്ങൾ പ്രബുദ്ധനായിത്തീരും. നിങ്ങൾക്ക് പ്രണയം ഇഷ്ടമാണെങ്കിൽ 24 മണിക്കൂറും സ്നേഹിക്കുക. നിങ്ങൾ പ്രബുദ്ധനായിത്തീരും. അത് തുടർന്നുകൊണ്ടിരിക്കുക, നിങ്ങൾ ഒരു പ്രത്യേക തിരിച്ചറിവിലേക്ക് വരും. അത്രയേ വേണ്ടൂ.
അസ്തിത്വത്തിലുള്ള എല്ലാത്തിനും - ഓരോ കോശത്തിനും, ഓരോ അണുവിനും - നിങ്ങൾ സ്ഥിരതയോടെ മുന്നോട്ട് പോയാൽ അപ്പുറത്തേക്കുള്ള ഒരു വാതിലാകാൻ കഴിയും. എന്നാൽ പ്രശ്നം ആളുകൾ വ്യതിചലിക്കുന്നതാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇന്ന് ലോകത്ത് ഇത് സംഭവിക്കുന്നു. തങ്ങളുടെ ശ്രദ്ധാ ദൈർഘ്യം വളരെ കുറവാണെന്നത് ഒരു ഗുണമാണെന്ന് ആളുകൾ കരുതുന്നു. നിങ്ങൾ വ്യതിചലിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഒന്നും സംഭവിക്കില്ല. നിങ്ങൾ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നിടത്തെല്ലാം പോകുക, പക്ഷേ സ്ഥിരതയുള്ളവരാവുക.