ശിവന്‍ കഞ്ചാവു വലിച്ചിരുന്നോ? കഞ്ചാവ് ഈശ്വര സാക്ഷാത്കാരത്തിലേക്ക് നയിക്കുമോ?
ശിവന്‍ കഞ്ചാവു വലിച്ചിരുന്നുവോയെന്ന ചോദ്യത്തിനു മറുപടി പറയുന്നതിനിടയില്‍ കഞ്ചാവ് തലച്ചോറില്‍ എന്തു പ്രവര്ത്തിക്കുന്നുവെന്നതിനെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു.
ചോദ്യം: കഞ്ചാവ് ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒരു മാര്‍ഗ്ഗമാണോ? സര്‍വ്വോപരി, ശിവന്‍ കഞ്ചാവു വലിക്കുമെന്നൂ വിശ്വസിക്കപ്പെട്ടിരുന്നു.
സദ്ഗുരു: നിങ്ങള്‍ എന്‍റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കുകയാണെങ്കില്‍, ഞാന്‍ എല്ലായ്‌പ്പോഴും ലഹരി ബാധിച്ചവനാണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഹിമാലയത്തിലും മറ്റിടങ്ങളിലും വെച്ചു കഞ്ചാവു വലിച്ചു കൊണ്ടിരുന്നവര്‍ പല തവണ എന്നെ അവരോടൊപ്പം കൂടാന്‍ ക്ഷണിച്ചിരുന്നു. കാരണം, ഞാന്‍ കഞ്ചാവു വലിക്കുന്ന ഒരാളാണെന്നാണ് അവര്‍ കരുതിയിരുന്നത്. ഞാന്‍ ആ സാധനം ഒരിക്കലും തൊട്ടിട്ടില്ല. ഒരു പ്രത്യേക വിധത്തില്‍ നിങ്ങള്‍ക്ക് എന്നോടൊത്തായിരിക്കാന്‍ കഴിയുകയാണെങ്കില്‍, നിങ്ങളെ ലഹരി ബാധിച്ചവരാക്കാന്‍ എനിക്കു കഴിയും, കാരണം, ലഹരിവസ്തു വെളിയിലല്ല, ഉള്ളിലാണ്. നിങ്ങള്‍ സെല്‍ഫ് സ്റ്റാര്‍ട്ട് ആണോ, പുഷ് സ്റ്റാര്‍ട്ട് ആണോ എന്നതാണു ചോദ്യം.
സ്വന്തം ശരീരത്തിനുള്ളിലേക്കു നമ്മള്‍ നിക്ഷേപിക്കുന്ന ലഹരിവസ്തുക്കള്‍ എന്തു തന്നെയായാലും, നമുക്കുള്ളില്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തേജനം സൃഷ്ടിക്കാന്‍ മാത്രമേ അവയ്ക്കു കഴിയൂ. എന്നാല്‍, തന്‍റെയുള്ളില്‍ നിന്നു തന്നെ ഇത്തരമൊരു ഉത്തേജനമുളവാക്കുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമെങ്കില്‍, വലിയ സന്തോഷത്തോടെ നിങ്ങള്‍ക്കിവിടെ ഇരിക്കാന്‍ കഴിയും, വെളിയില്‍ നിന്നും എന്തെങ്കിലും ഉള്ളിലാക്കേണ്ടതിന്‍റെ ആവശ്യം വരില്ല.
Soma or Somasundara is one of the prominent names of Shiva – always inebriated, but fully alert. He was not stoned on something as petty as a weed. His energies were at the peak.സോമന്‍ എന്നത് ശിവനെ വിളിക്കുന്ന അനേകം നാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സോമം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ലഹരി എന്നര്‍ത്ഥം. വെളിയില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ആവശ്യമാകും വിധം ശിവന്‍ അത്രക്കു ബലഹീനനായിരുന്നില്ല. അദ്ദേഹം ലഹരി ബാധിതനായിരുന്നിട്ടുണ്ട്, അക്കാര്യത്തില്‍ ഇരുപക്ഷമില്ല. എന്നാല്‍ അദ്ദേഹം ഏതെങ്കിലുമൊരു ലഹരിവസ്തു ഉപയോഗിക്കുന്നില്ല. അദ്ദേഹമാണ് ലഹരി വസ്തു.
നിങ്ങളെ ലഹരി ബാധിക്കുന്നില്ലെങ്കില്‍. ഒരേയൊരു വിമോചനസ്ഥാനമായ പരമശൂന്യതയിലേയ്ക്ക് എടുത്തു ചാടുന്നതിനും മാത്രമുള്ള ഉന്മാദം ഒരിക്കലും നിങ്ങള്‍ക്കുണ്ടാകുകയില്ല. ഉന്മത്തതയുടേതായ ഒരവസ്ഥയില്‍ മാത്രമേ മനസ്സും ശരീരവും പിന്നീടൊരിക്കലും ഒരു പരിമിതിയാകാതിരിക്കൂ. അതു കൊണ്ട് സോമന്‍ അഥവാ സോമസുന്ദരന്‍ എന്നത് ശിവന്‍റെ പ്രമുഖ നാമങ്ങളിലൊന്നാണ് - എപ്പോഴും ലഹരി ബാധിച്ചവന്‍. എന്നാല്‍, പൂര്‍ണ്ണമായ ജാഗ്രത പുലര്‍ത്തുന്നവനും. ഒരിക്കലും അദ്ദേഹം ലഹരിക്കായി കഞ്ചാവു പോലുള്ള ക്ഷുദ്രമായ എന്തെങ്കിലും സാധനം സേവിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ ഊര്‍ജ്ജങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ഇതിനര്‍ത്ഥം, ജീവചൈതന്യത്തിന് എന്നേക്കും ആയിരിക്കാന്‍ കഴിയുന്നതിന്‍റെ പരമാവധിയാണ് അദ്ദേഹമെന്നാണ് - ജീവചൈതന്യം അതിന്‍റെ പാരമ്യത്തിലേക്കു വികസിച്ചു. അദ്ദേഹം ലഹരിയുടെയും തീക്ഷ്ണതയുടെയും കാര്യക്ഷമതയുടെയും പാരമ്യത്തിലാണ്.
ഒരിക്കല്‍ ഇപ്രകാരം സംഭവിച്ചു: ആദിശങ്കരന്‍ നടക്കുകയായിരുന്നു. അദ്ദേഹം വേഗത്തില്‍ നടക്കുന്ന ഒരാളായിരുന്നിരിക്കണം, കാരണം, മുപ്പത്തിരണ്ടു വയസ്സായപ്പോഴേയ്ക്കും അദ്ദേഹം തന്‍റെ ദേഹം വെടിഞ്ഞു. എന്നാല്‍, പന്ത്രണ്ടു മുതല്‍ മുപ്പത്തിരണ്ടു വയസ്സു വരെയുള്ള ഇരുപതു വര്‍ഷക്കാലം ഇന്ത്യയില്‍ വടക്കു നിന്നും തെക്കോട്ടേയ്ക്കും കിഴക്കു നിന്നും പടിഞ്ഞാട്ടേയ്ക്കും കേരളത്തില്‍ നിന്നും നേരെ ബദരീനാഥിലേയ്ക്കും തിരികെയും എല്ലാ ദിശകളിലേയ്ക്കും അദ്ദേഹം ഏതാനും തവണ സഞ്ചരിച്ചു. തന്‍റെ ചുരുങ്ങിയ ജീവിതകാലത്ത് ഇത്രയും ദൂരം നടന്നു തീര്‍ക്കണമെങ്കില്‍ ഈ മനുഷ്യന്‍ വാസ്തവത്തില്‍ ഒരു ചടുല നടത്തക്കാരനായിരുന്നിരിക്കണം. ഈ കാലയളവില്‍ അദ്ദേഹം ആയിരക്കണക്കിനു താളുകള്‍ വരുന്ന സാഹിത്യത്തിനു ജന്മം നല്‍കി.
അങ്ങനെയൊരിക്കല്‍, ആദിശങ്കരന്‍ മുന്‍പിലും അദ്ദേഹത്തിന്‍റെ ഒരു കൂട്ടം ശിഷ്യന്മാര്‍ പിന്നിലുമായി വേഗത്തില്‍ നടന്നു കൊണ്ടിരിക്കെ അവര്‍ ഒരു ഗ്രാമത്തിലെത്തി. ആ ഗ്രാമത്തിനു വെളിയില്‍ ഏതാനും ആളുകള്‍ മദ്യപിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹം കണ്ടു. അത് നാടന്‍ മദ്യമായ ചാരായമോ കള്ളോ ആകാനായിരുന്നു ഏറ്റവും കൂടുതല്‍ സാദ്ധ്യത. ഇന്ത്യയില്‍ അക്കാലങ്ങളില്‍, ഇരുപത്തിയഞ്ചു മുതല്‍ മുപ്പതു വര്‍ഷം മുന്‍പു വരെ പോലും, ഗ്രാമത്തിനു വെളിയില്‍ മാത്രമേ മദ്യഷാപ്പുകള്‍ ഉണ്ടായിരുന്നുള്ളൂ. അവ ഒരിക്കലും ഗ്രാമത്തിലേക്കു കൊണ്ടു വന്നിരുന്നില്ല. ഇപ്പോഴാകട്ടെ, ഗ്രാമത്തിനുള്ളിലും വീടുകള്‍ക്കു സമീപത്തും നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിനു മുന്‍പിലും മദ്യം വില്‍ക്കപ്പെടുന്നു. അക്കാലങ്ങളില്‍ പട്ടണത്തിനു വെളിയില്‍ വെച്ചായിരുന്നു എല്ലായ്‌പ്പോഴും ഇതു നടന്നിരുന്നത്.
മദ്യലഹരിയിലായിരുന്ന അവരെ ആദിശങ്കരന്‍ നോക്കി നിന്നു. ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണെന്നും, മറ്റുള്ള എല്ലാവര്‍ക്കും ഇതു നഷ്ടമാകുന്നുവെന്നും എല്ലായ്‌പ്പോഴും മദ്യപര്‍ ചിന്തിക്കുന്നതായി നിങ്ങള്‍ക്കറിയാം. അതു കൊണ്ട് അവരദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. അദ്ദേഹം ഒരു വാക്കും ഉരിയാടാതെ ആ ഷാപ്പിലേക്കു കയറുകയും ഒരു മണ്‍കുടത്തിലിരുന്ന കള്ളെടുത്തു കുടിച്ചതിനു ശേഷം നടത്തം തുടരുകയും ചെയ്തു.
അദ്ദേഹത്തിനു പിറകില്‍ തന്‍റെ ശിഷ്യന്മാര്‍ വേഗത്തില്‍ നടന്നു കൊണ്ടിരുന്നു. അവര്‍ തമ്മില്‍ത്തമ്മില്‍ ഇപ്രകാരം ചര്‍ച്ച ചെയ്തു;'' ഗുരുവിനു മദ്യപിക്കാമെങ്കില്‍ എന്തു കൊണ്ട് നമുക്കു പാടില്ല?'' എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി ആദിശങ്കരന്‍ ബോധവാനായിരുന്നു. അവര്‍ അതിനടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ ഒരു ഇരുമ്പുപണിക്കാരന്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആദിശങ്കരന്‍ അകത്തു പ്രവേശിച്ച് ഒരു കലം ഉരുകിയ ഇരുമ്പെടുത്തു കുടിച്ചതിനു ശേഷം നടത്തം തുടര്‍ന്നു. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ അനുകരിക്കാന്‍ പോകുന്നില്ലല്ലോ! അതു കൊണ്ട് ശിവന്‍ കഞ്ചാവു വലിക്കുന്നുവെന്നു നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ പോലും, അതിനു വേണ്ടി ശ്രമിച്ച് നിങ്ങള്‍ അദ്ദേഹത്തെ അനുകരിക്കാതിരിക്കുക.
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം, സ്ഫടികം പോലെ തെളിമയോടെ ജീവിക്കുകയെന്നതാണ്. കഞ്ചാവ് കഴിച്ച് അവ്യക്തതയിലാകുന്നത് ജീവിതമല്ല. നിങ്ങള്‍ രോഗാതുരനും മരണാസന്നനുമാകുമ്പോള്‍ ജിവിതം അവ്യക്തതയിലാകാനിടയുണ്ട്. നിങ്ങള്‍ ജീവനോടെയിരിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യക്തതയാണ്. വ്യക്തത ലഹരിയുളവാക്കാം. ഈ ആളുകളെല്ലാവരും മലമുകളില്‍ നിന്നും താഴേക്കു ചാടുകയും വിമാനത്തില്‍ നിന്നും വെളിയിലേക്കു കുതിക്കുകയും അവിശ്വസനീയമാം വിധം ആപത്ക്കരമായ കാര്യങ്ങള്‍ ചെയ്യുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. അതീവ ജാഗ്രത പുലര്‍ത്തുന്നതിലൂടെ മറ്റൊരു തരം ലഹരിയും ഉണര്‍വ്വും കൈവരുന്നുവെന്നതാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതിനു കാരണം.
വെളിയില്‍ കായികമായി വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അഡ്രിനാലിന്‍റെ തോത് ഉയര്‍ത്തുകയാണു നിങ്ങള്‍ ചെയ്യുന്നത്. എന്നാല്‍, ബാഹ്യമായ ചോദന കൂടാതെ പൂര്‍ണ്ണമായ ഉണര്‍വ്വോടെയും ജാഗ്രതയോടെയും ലഹരിയിലും നിങ്ങളിവിടെ ഇരിക്കുകയാണെങ്കില്‍, ശിവന്‍റെ ഒരംശം നിങ്ങളില്‍ അങ്കുരിച്ചിട്ടുണ്ടെന്നു ഞാന്‍ പറയും. ലഹരി കൊണ്ട് ഉന്മത്തനാകുന്നത്ര ജാഗ്രതയോടെ നിങ്ങള്‍ക്കിവിടെ ഇരിക്കാന്‍ കഴിയുകയാണെങ്കില്‍, അതു തന്നെയാണ് ലഹരി പിടിയിക്കുന്നതിനുള്ള മാര്‍ഗ്ഗം, കഞ്ചാവു വലിക്കലല്ല. കഞ്ചാവ് പശുക്കള്‍ക്കു കൊടുക്കുക. മനുഷ്യര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ നിങ്ങളുപയോഗിക്കുന്ന ലഹരിപദാര്‍ത്ഥം ഏതു തന്നെയായാലും, അതു നിങ്ങളുടെ മാനുഷികമായ കര്‍മ്മകുശലതയെ കുറക്കുകയായിരിക്കും ചെയ്യുക. ഒരു മനുഷ്യനെന്ന നിലക്കുള്ള നിങ്ങളുടെ കഴിവുകളെ അവ പരിപോഷിപ്പിച്ചിരുന്നുവെങ്കില്‍, എല്ലാവരും സദാ സമയവും മദ്യ ലഹരിയിലായിരിക്കാന്‍ ഞാനുപദേശിക്കുമായിരുന്നു. എന്നാല്‍, ഒരു മനുഷ്യനെന്ന നിലയ്ക്ക് നിങ്ങള്‍ക്കുള്ള കഴിവുകളെ അവ ദുര്‍ബലപ്പെടുത്തുന്നുവെന്നതാണു വിഷയം. ഒരാള്‍ മുപ്പതു മുതല്‍ തൊണ്ണൂറു ദിവസത്തിലമധികം കാലം തുടര്‍ച്ചയായി പുക വലിക്കുകയാണെങ്കില്‍, അയാളുടെ ഐക്യു നിലയില്‍ 8 പോയിന്‍റ് ഇടിവുണ്ടാകുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. മാനസിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയില്‍ സംഭവിക്കുന്ന ഈ കുറവ് ഒരിക്കലും പൂര്‍ണ്ണമായി നികത്താന്‍ കഴിയില്ല.
നിങ്ങള്‍ ഏതെങ്കിലുമൊരു ഗവേഷണ ഫലത്തെ ആശ്രയിക്കേണ്ടതില്ല. പൊതുവെ, കഞ്ചാവു വലിക്കുന്നവരെ നിരീക്ഷിക്കുകയാണെങ്കില്‍, അവര്‍ ലഹരിയിലായിരിക്കുമ്പോള്‍ ശാന്തരാണെന്ന് നിങ്ങള്‍ക്കു കാണാന്‍ കഴിയും. എന്നാല്‍, അവരുപയോഗിക്കുന്ന ലഹരി-മരുന്ന് രണ്ടു ദിവസത്തേയ്ക്ക് നിങ്ങളവര്‍ക്കു കൊടുക്കാതിരിക്കുന്ന പക്ഷം, അവര്‍ എന്തു മാത്രം അസ്വസ്ഥരാകുന്നുവെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും. മദ്യത്തിന്‍റെയോ മയക്കു മരുന്നിന്‍റെയോ ലഹരിയില്‍ ചിന്തയും വികാരങ്ങളും മന്ദീഭവിച്ച അവസ്ഥയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്കു ശാന്തനായിരിക്കാന്‍ കഴിയും. എന്നാല്‍, അത്തരം ശാന്തതയ്ക്ക് യാതൊരു വിലയുമില്ല. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യമായ ലഹരി വസ്തു ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളെ സംബന്ധിച്ച ഏതെങ്കിലുമൊരു സംഗതിക്കു സങ്കോചം സംഭവിക്കുന്നു. എന്നാല്‍, ഉള്ളില്‍ നിന്നുമാണ് നിങ്ങള്‍ക്കു ലഹരിയുളവാകുന്നതെങ്കില്‍, നിങ്ങളെ സംബന്ധിച്ച ഏതെങ്കിലുമൊന്ന് സ്വയമേവ പുഷ്ടിപ്പെടുന്നു. ഇത് വലിയൊരു വ്യത്യാസമാണ്.
ഇക്കാലത്ത് അമേരിക്കയിലെ പല സ്റ്റേറ്റുകളിലും കഞ്ചാവിന്‍റെ ഉപയോഗത്തിന് നിയമാനുമതി ലഭിച്ചതോടെ പല വലിയ കോര്‍പ്പറേറ്റു കമ്പനികളും വിവിധ തരം കഞ്ചാവ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. 2018-ല്‍ കഞ്ചാവ് അമേരിക്കയില്‍ 10.4 ബില്യണ്‍ ഡോളര്‍ വിറ്റു വരവുള്ള ഒരു വ്യവസായമായിരുന്നു.
മനുഷ്യ മസ്തിഷ്‌കത്തിന് ഇന്നുള്ള കര്‍മ്മകുശലത കൈവരിക്കുന്നതിന് ലക്ഷോപലക്ഷം വര്‍ഷത്തെ പരിണാമം വേണ്ടി വന്നു. എന്നാല്‍ ഈ കാര്യക്ഷമതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ. നിങ്ങള്‍ കഞ്ചാവു ലഹരിയില്‍ നിമഗ്നനാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതൊരു പിന്‍നടത്തമാണ്. ഇതില്‍ ആത്മീയമായി ഒന്നുമില്ല.
തെക്കേ അമേരിക്കയില്‍ നിന്നുമുള്ള അയഹുവസ്‌ക്കയാണ് ആത്മീയമെന്നു നിരീക്ഷിക്കപ്പെടുന്ന മറ്റൊരു ലഹരിപദാര്‍ത്ഥം. സംഭവിക്കുന്നത് ഇതാണ്; നിങ്ങള്‍ ഇതു കഴിച്ച് എല്ലാം ഛര്‍ദ്ദിക്കുന്നു! ഇതാണ് ആത്മീയതയെന്നു നിങ്ങള്‍ ചിന്തിക്കുന്ന പക്ഷം - നിങ്ങള്‍ക്കു ശുഭാശംസകള്‍! ഞങ്ങള്‍ വളരുന്ന പ്രായത്തില്‍ ഒരു പ്രത്യേക കമ്പനി നിര്‍മ്മിക്കുന്ന ഒരു വയറിളക്ക മരുന്നുണ്ടായിരുന്നു. കുന്തികുമാരി ഭേദി എണ്ണ എന്നായിരുന്നു അതിന്‍റെ പേര്. ആവണക്കെണ്ണയും ജാപാലം എന്നു വിളിക്കുന്ന ഒരു വസ്തുവും ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു അത്. ആരെങ്കിലുമൊരാള്‍ സദാ സമയവും വിചിത്രമായ രീതിയില്‍ പെരുമാറുകയാണെങ്കില്‍, ആളുകള്‍ ഇപ്രകാരം പറയുമായിരുന്നു; നിങ്ങള്‍ നിര്‍ബന്ധമായും അയാള്‍ക്ക് കുന്തി കുമാരിഭേദി എണ്ണ കൊടുക്കൂ. കാരണം, അയാളുടെ ശിരസ്സിലേക്കു മലം കയറിയിരിക്കുന്നു. അതു മുഴുവനായും വയറിളക്കേണ്ടിയിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം. എന്തോ അസംബന്ധം നിങ്ങളുടെ ശിരസ്സില്‍ക്കയറിയിരിക്കുന്നു. നിങ്ങളതു പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് - ഇല്ല, നിങ്ങള്‍ക്കു വേണ്ടത് കുന്തി കുമാരി ഭേദി എണ്ണയാണ്!