ഈശ ഫൗണ്ടേഷനെതിരായ ആരോപണങ്ങൾ സുപ്രീം കോടതി തള്ളി, ആരോപണങ്ങൾക്കു പിന്നിലെ ഉദ്ദേശ്യവും കോടതി ചോദ്യം ചെയ്തു
ഈശ ഫൗണ്ടേഷനെതിരായ കേസ് സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവുകളിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തുകയും രണ്ടു വനിതാ സന്ന്യാസിമാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഫൗണ്ടേഷനിൽ താമസിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഈശ ഫൗണ്ടേഷനിൽ രണ്ടു സന്ന്യാസിനിമാരെ സ്വന്തം താല്പര്യത്തിനു വിരുദ്ധമായി പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിക്കപ്പെട്ട്, ഈശ ഫൗണ്ടേഷനെതിരായി നൽകിയ കേസ് സുപ്രീം കോടതി തള്ളി. 39 ഉം 42 ഉം വയസ്സുള്ള രണ്ടു സന്ന്യാസിനിമാർ സ്വന്തം താല്പര്യപ്രകാരമാണ് ഫൗണ്ടേഷനിൽ താമസിക്കുന്നതെന്ന് കോടതി സ്ഥിരീകരിച്ചു.
ആളുകളെ അപകീർത്തിപ്പെടുത്താനും, സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും കോടതി നടപടികൾ ഉപയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് (സിജെഐ) ആയ ശ്രീ ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. കൂടാതെ ഈശ ഫൗണ്ടേഷനെതിരെ പൊലീസ് അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയതിലും സുപ്രീം കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ടിൻ്റെ വിശദാംശങ്ങളിലേക്ക് പോകാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.
ഒരു ഘട്ടത്തിൽ, ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്ത സിജെഐ, ആരോപണങ്ങൾ ഉന്നയിച്ച ഹർജിക്കാരനോട്, “നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണോ അതോ നിങ്ങളുടെ മകൾക്ക് വേണ്ടിയാണോ വാദിക്കുന്നത് എന്ന് എനിക്ക് ഇപ്പോൾ സംശയമുണ്ട്.” എന്നു പറഞ്ഞു
രണ്ടു സന്ന്യാസിനിമാരുമായി സിജെഐ നേരത്തെ ആശയവിനിമയം നടത്തിയിരുന്നു, രണ്ടു സ്ത്രീകളും ബുദ്ധിശാലികളും സ്വതന്ത്രമായ തീരുമാനമെടുക്കാൻ കഴിവുള്ളവരുമാണെന്ന് സൂചിപ്പിച്ചിരുന്നു. സന്ന്യാസിനിമാർ അവരുടെ മാതാപിതാക്കളുമായി പതിവായി ബന്ധപ്പെട്ടിരുന്നതായും പോലീസ് സമ്മതിച്ചു - നിരവധി അന്വേഷണങ്ങളിലൂടെ രേഖപ്പെടുത്തിയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, 70 ലധികം ഫോൺ കോളുകൾ, സന്ന്യാസിനിമാരും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ഒന്നിലധികം തവണത്തെ കൂടിക്കാഴ്ചകൾ എന്നിവയുൾപ്പെടെയുള്ള രേഖകളുടെ തെളിവുകൾ കോടതി പരിശോധിച്ചു. "നിങ്ങളുടെ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ, അവരുടെ ജീവിതം നിയന്ത്രിക്കുന്നതിനായി നിങ്ങൾക്ക് പരാതി നൽകാൻ കഴിയില്ല" എന്നു ചീഫ് ജസ്റ്റിസ് പരാതിക്കാരെ അറിയിച്ചു.
കോടതി ഉത്തരവിൽ ഇങ്ങനെ പറയുന്നു: “ആശ്രമത്തിൽ ചേരുമ്പോൾ രണ്ടുപേരും പ്രായപൂർത്തിയായവർ ആയിരുന്നു, കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷനിൽ തുടരാനുള്ള വ്യക്തമായ താല്പര്യം അവർ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഹേബിയസ് കോർപ്പസ് ഹർജിയുടെ ഉദ്ദേശ്യം കൃത്യമായി തെളിഞ്ഞു വരുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് കൂടുതൽ നിർദ്ദേശങ്ങൾ ആവശ്യമില്ല.
വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മാ മായുവും മാ മതിയും പറഞ്ഞു, “സന്ന്യാസ ജീവിതം നയിക്കാനുള്ള ഞങ്ങളുടെ തിരഞ്ഞെടുപ്പിനോടൊപ്പം നിലകൊണ്ടതിന് സുപ്രീം കോടതി വിധിയിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ സ്വന്തം കുടുംബം നടത്തിയ ഈ വിചാരണ ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്, എന്നാൽ ഞങ്ങളോടൊപ്പം നിന്നതിന് ഈശ സന്നദ്ധപ്രവർത്തകരോടും സദ്ഗുരുവിനോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ കൃതജ്ഞരാണ്.
https://youtu.be/qA7OsEIbDHE?si=U7OlCiHeHbFTqu_E
സ്ത്രീകൾ അവരുടെ തിരഞ്ഞെടുപ്പുകളുടെ പേരിൽ അവഹേളിക്കപ്പെടുകയും ആരോപണവിധേയരാവുകയും ചെയ്യുന്നു
പ്രായപൂർത്തിയായ രണ്ടു പെൺമക്കൾ (39-ഉം 42-ഉം വയസ്സ്) അച്ഛൻ അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾക്കു മുന്നിൽ തലകുനിക്കണമെന്ന പരോക്ഷമായ സന്ദേശമാണ് ഈ ആരോപണങ്ങളുടെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന വശങ്ങളിലൊന്ന്. സത്യത്തിൽ ഇതാദ്യമായല്ല ഈ വ്യക്തി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. 2016-ൽ, തൻ്റെ പെൺമക്കളെ ബ്രെയിൻവാഷ്ഷ് ചെയ്തുവെന്ന് ആരോപിച്ച് അദ്ദേഹത്തിൻ്റെ ഭാര്യ ഇതേ കേസ് ഫയൽ ചെയ്തപ്പോൾ, മദ്രാസ് ഹൈക്കോടതി രണ്ടു ബ്രഹ്മചാരിണികളെയും (സന്ന്യാസിനിമാരെ) കാണുകയും അവർ പൂർണ്ണമായും സ്വന്തം താല്പര്യത്തിലാണ് ഈശ യോഗ കേന്ദ്രത്തിൽ കഴിയുന്നത് എന്ന് ഉറപ്പുവരുത്തിയ ശേഷം കേസ് തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് എന്നും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലെ വിരോധാഭാസം എന്തെന്നാൽ, ഈ സംഭവം നടന്നത് നവരാത്രിയുടെ - ദിവ്യമായ സ്ത്രൈണഭാവത്തെ ആഘോഷിക്കുന്ന പരമ്പരാഗതമായ ഉത്സവത്തിന്റെ, തലേദിവസമാണ്. ഇതു കേവലം പ്രാകൃതമെന്നു മാത്രമല്ല, അത്യന്തം അനുചിതവുമാണ്..
ഈശയിൽ, സ്ത്രീകളെ അവരുടെ ലിംഗഭേദത്തിൻ്റെ അടിസ്ഥാനത്തിൽ ഒരിക്കലും തീർപ്പുകല്പിക്കുകയോ, വിലയിരുത്തുകയോ, വിവേചനം കാണിക്കുകയോ ചെയ്യുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന മൗലികാവകാശത്തിനും വിപരീതമായി, രണ്ടു ബ്രഹ്മചാരിണികൾക്കും, തീർച്ചയായും ഈശ ഫൗണ്ടേഷനിലെ മറ്റു സന്നദ്ധപ്രവർത്തകർക്കും തെറ്റായ ആരോപണങ്ങൾ നിമിത്തം ക്ലേശമനുഭവിക്കേണ്ടി വന്നു. ഏതു തരം കാഴ്ചപ്പാടുകളാണ് ഈ ആരോപണങ്ങൾക്കു പിന്നിൽ എന്നതു വ്യക്തമാണ്. പുരുഷാധിപത്യത്തിൻ്റെയും സ്ത്രീവിരുദ്ധതയുടെയും അടിച്ചമർത്തലിൻ്റെയും ചിന്താഗതികളാണ് അവ.
സ്വകാര്യതയുടെ സമ്പൂർണ്ണ ലംഘനം
ഈശ യോഗ സെൻ്റർ പോലുള്ള ഒരു ആശ്രമത്തിൽ 150-ലധികം പോലീസുകാർ കയറിയിറങ്ങുന്നത് സ്ഥലത്തിൻ്റെ പവിത്രതയോടുള്ള നഗ്നമായ അവഗണന മാത്രമല്ല, ഇവിടെ താമസിക്കുന്ന ആയിരക്കണക്കിന് സന്ന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും അതിഥികളുടെയും വിദ്യാർത്ഥികളുടെയും സ്വകാര്യതയിലേക്കുള്ള പൂർണ്ണമായ കടന്നുകയറ്റം കൂടിയാണ്. ആശ്രമത്തിൻ്റെ എല്ലാ കോണുകളിലും പോലീസ് റെയ്ഡ് നടത്തുകയും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരോട് മൊഴി ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിൻ്റെ സമ്പന്നമായ ആത്മീയ സംസ്കാരത്തിൻ്റെ ഭാഗമായിരുന്ന പരമ്പരാഗത ജീവിതരീതികളെയും തിരഞ്ഞെടുപ്പുകളെയും നിയമവിരുദ്ധമാക്കാനുള്ള വ്യക്തമായ ശ്രമമാണിത്.
കൂടാതെ, ആശ്രമത്തിൽ അന്ന് മഹാലയ അമാവാസിയുടെ അനുഷ്ഠാനപരമായ ചടങ്ങുകൾ നടത്തുന്ന ദിവസമായിരുന്നു. നിരവധി അതിഥികളും സന്ദർശകരും ഈശ യോഗ കേന്ദ്രത്തിൽ തങ്ങളുടെ പൂർവികരെ സ്മരിക്കാനും ആദരം അർപ്പിയ്ക്കാനും എത്തുന്ന ദിവസമാണ് മഹാലയ അമാവാസി. അത്തരമൊരു സുപ്രധാന അവസരത്തിൽ, പോലീസ്, യോഗ സെൻ്ററിൽ അതിക്രമിച്ച് കയറുകയും, ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ അതവരുടെ സ്വകാര്യതയുടെ ലംഘനമായി പലർക്കും അനുഭവപ്പെടുകയും അത് അവരെ വൈകാരികമായും മാനസികമായും വളരെയധികം അസ്വസ്ഥമാക്കുകയും ചെയ്തു.
തദ്ദേശീയ സംസ്‌കാരത്തിൻ്റെയും സനാതന ധർമ്മത്തിൻ്റെയും പുനരുജ്ജീവനത്തിനെതിരായ ആക്രമണം
തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഈശ ഫൗണ്ടേഷനെതിരെ ഉയരുന്നത് ഇതാദ്യമായിട്ടല്ല. രാജ്യത്ത് തദ്ദേശീയ സംസ്‌കാരത്തിൻ്റെയും സനാതന ധർമ്മത്തിൻ്റെയും പുനരുജ്ജീവനത്തിനെതിരെ പ്രവർത്തിക്കുന്ന പല നിക്ഷിപ്ത താൽപ്പര്യക്കാരും വർഷങ്ങളായി ഫൗണ്ടേഷനെ ലക്ഷ്യം വച്ചിട്ടുണ്ട്.
3 പതിറ്റാണ്ടുകളായി, മതം, ജാതി, ദേശീയത, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള 100 കോടിയിലധികം ആളുകൾക്ക് പരിവർത്തനത്തിനും ക്ഷേമത്തിനുമുള്ള യോഗയുടെ ഉപകരണങ്ങൾ പ്രദാനം ചെയ്യുന്നതിനായി ഫൗണ്ടേഷൻ പ്രവർത്തിച്ചു. ഈ മാർഗ്ഗങ്ങൾ ഉൾച്ചേർക്കലിന്റെയും മൈത്രിയുടെയും ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു അടിത്തറ സൃഷ്ടിക്കുന്നു. കൂടാതെ, ലോകത്തുടനീളം സമൂഹത്തിൽ, ഇങ്ങനെയുള്ള കള്ള പ്രചരണങ്ങൾ പരത്തുന്നവർ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങൾക്ക് തികച്ചും വ്യത്യസ്തമായി ഇതു നിലകൊള്ളുന്നു.
ദരിദ്രരാണ് ഏറ്റവും കൂടുതൽ ക്ലേശം അനുഭവിക്കുന്നത്
ദശലക്ഷക്കണക്കിന് ഈശ സന്നദ്ധപ്രവർത്തകരെ സംബന്ധിച്ചിടത്തോളം, ഈ ആരോപണങ്ങളുടെ ഏറ്റവും വേദനാജനകമായ വശം, അതവരിൽ ഉണ്ടാക്കുന്ന വൈകാരിക ആഘാതമല്ല. മറിച്ച്, ഫൗണ്ടേഷൻ്റെ വിവിധ പ്രവർത്തനങ്ങളെ ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലെ ദരിദ്രരും സമൂഹത്തിലെ ഏറ്റവും ദുർബലരുമായ വിഭാഗങ്ങൾക്ക് ഏൽക്കുന്ന ദാരുണമായ ആഘാതമാണ്. ഈശയുടെ പ്രവർത്തനങ്ങളിലൂടെ സൗജന്യ ചികിത്സ സ്വീകരിക്കുന്ന ഗ്രാമീണ ഭാരതത്തിലെ 50 ലക്ഷം രോഗികളായാലും, ഈശയുടെ കൃഷി, മണ്ണ്, ജലസംരംഭങ്ങളിൽ നിന്ന് പ്രയോജനം നേടിയ 225,000 കർഷകരായാലും, ഇതവരുടെ ജീവിതത്തെ ബാധിക്കുന്നു, കാരണം, ഈ അത്യന്താപേക്ഷിതമായ സാമൂഹിക പ്രവർത്തനങ്ങളിൽ ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം, അർത്ഥശൂന്യവും നിസ്സാരവുമായ ആരോപണങ്ങളോടു പോരാടി പാഴാക്കേണ്ടി വരുന്നു.