സെൻ ആത്മീയ മാർഗം യോഗമാർഗവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
സദ്ഗുരു സെൻ എന്ന ആത്മീയ മാർഗത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നു. ഒരു മനുഷ്യന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള ഫലപ്രദ മാർഗമായി സെൻ എങ്ങനെ രൂപാന്തരപ്പെട്ടു എന്നും അദ്ദേഹം വിശദീകരിക്കുന്നു.
സദ്ഗുരു: സംസ്കൃതത്തിലെ ധ്യാൻ എന്ന വാക്കിൽ നിന്നുമാണ് സെൻ എന്ന പദം ഉദ്ഭവിച്ചത്. ഗൗതമ ബുദ്ധൻ ധ്യാൻ അഥവാ ധ്യാനം പഠിപ്പിച്ചിരുന്നു. ബോധിധർമ്മൻ ധ്യാനത്തെ ചൈനക്കാർക്ക് പരിചയപ്പെടുത്തി, ചൈനക്കാർ അതിനെ ചാൻ എന്ന് വിളിച്ചു. ചാൻ പിന്നീട് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ എത്തിയപ്പോൾ സെൻ എന്നായിത്തീർന്നു .
.
നമ്മൾ എന്തിനെയാണോ യോഗ എന്നു വിളിക്കുന്നത് അവർ അതിനെ സെൻ എന്നു വിളിച്ചു. നമ്മൾ യോഗയെ ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്നു, എന്നാൽ സെൻ അതിനെ ഒരു കലാരൂപമായി കൈകാര്യം ചെയുന്നു.
വേദങ്ങളോ, ഗ്രന്ഥങ്ങളോ, നിയമങ്ങളോ, മറ്റു പ്രായോഗിക പരിശീലന മുറകളോ ഒന്നും ഇല്ലാത്ത ഒരു ആത്മീയ പാതയാണ് സെൻ. കാര്യമായി ഒന്നുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വ്യക്തമായ ചട്ടക്കൂടുകളില്ലാത്ത ഒരു ആത്മീയ മാർഗ്ഗമാണത്. ഒന്ന് നോക്കിയാൽ, യോഗയും സെനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. നമ്മൾ എന്തിനെയാണോ യോഗ എന്നു വിളിക്കുന്നത് അതിനെ അവർ സെൻ എന്നു വിളിക്കുന്നു. അത്ര മാത്രം. നമ്മൾ യോഗയെ ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്നു, എന്നാൽ സെൻ അതിനെ ഒരു കലാരൂപമായി കൈകാര്യം ചെയുന്നു. ഒരു കല ആസ്വദിക്കണമെങ്കിൽ നിങ്ങൾ നിങ്ങളെ ഒരു പ്രത്യേക രീതിയിൽ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പക്ഷെ, ശാസ്ത്രത്തിനു ഒരു പരിശീലനത്തിൻറെ ആവശ്യമില്ല. എല്ലാവർക്കും അതിൻറെ ഫലം അനുഭവിക്കാൻ സാധിക്കും.
സെൻ ഇത്രയും ജനപ്രീതി നേടാനുള്ള കാരണം, മുൻതലമുറയിലെ അതിപ്രഗല്‌ഭരായ ഒരു പാട് മഹത് വ്യക്തികൾ സെന്നിലേക്ക് കടന്നുവന്നത്കൊണ്ട്തന്നെയാണ്. തുടർച്ചയായി നാലോ അഞ്ചോ നൂറ്റാണ്ടുകളിലെ അനിതരസാധാരണ വ്യക്തിത്വങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടു എന്നതാണ് മഹാത്ഭുതം. അതുകൊണ്ടൊക്കെത്തന്നെ സെന്നിന് ഒരു അസാമാന്യ പരിവേഷവും ഗുണനിലവാരവും കൈവന്നു. ഓരോരുത്തരും അവരവരുടെ സവിശേഷമാർഗ്ഗത്തിലൂടെ സെൻ ആത്മീയ മാർഗത്തിനെ വികസിപ്പിച്ചെടുക്കുകയും അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയും ചെയ്തു. ഇത്തരം ഒരു പരമ്പര രൂപപ്പെടുന്നത് തന്നെ അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സമ്പൂർണ ജ്ഞാനസിദ്ധി കൈവന്ന ഡസൻ കണക്കിന് മഹത് വ്യക്തികളാണ് നവീനസമ്പ്രദായങ്ങളിലൂടെ ഈ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകിയത്. ഈ രീതി ഇനി ആവർത്തിക്കാൻ സാധ്യത കുറവാണ്. അഥവാ അത് ആവർത്തിച്ചാൽ, സെൻ എന്ന പ്രതിഭാസം അർത്ഥശൂന്യമായിപ്പോവും. കാരണം , ഇത്തരം പ്രസ്ഥാനങ്ങളെല്ലാം യദൃശ്ചയാ സംഭവിക്കുന്നതാണ്.
ഹ്യൂട്ടി എന്ന പേരിരൊരാൾ സെൻ ആത്മീയ മാർഗത്തിലുണ്ടായിരുന്നു. അദ്ദേഹം ആരെയും ഒന്നും പഠിപ്പിച്ചിരുന്നില്ല, പക്ഷെ മാസ്റ്റർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എപ്പോഴും ഒരു ഭാണ്ഡം മുതുകിലേറ്റിയാണ് അദ്ദേഹം നടന്നിരുന്നത്. അതിനുള്ളിൽ മറ്റു പല സാധനങ്ങളോടൊപ്പം മധുരപലഹാരങ്ങളും അദ്ദേഹം കുത്തിനിറച്ചിരിക്കും. അതുകൊണ്ടുതന്നെ ഏതൊക്കെ ഗ്രാമത്തിൽ ചെന്നാലും അവിടെയുള്ള കുട്ടികൾ അയാളെ പൊതിയുകയും, അവർക്കു തിന്നാൻ ആ പലഹാരങ്ങൾ അയാൾ വിതരണം ചെയ്യുകയും ചെയ്യും. അധികം വൈകാതെ തന്നെ അയാൾ സ്ഥലം വിടും. അത്ര മാത്രം. അതിനപ്പുറം ഒന്നുമില്ല. എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു കൊടുക്കാൻ ആളുകൾ അദ്ദേഹത്തോട് പറയും. അപ്പോഴൊക്കെ, ഒരു ചെറു ചിരി മാത്രം മറുപടി നൽകി അയാൾ യാത്രയാകും.
ഒരു ദിവസം, ബാനിൻ എന്ന് പേരുള്ള ഒരു സെൻ മാസ്റ്റർ, ഹ്യൂട്ടിയെ കാണാൻ വന്നു. വളരെ ജനപ്രീതിയുള്ള ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. ഹ്യൂട്ടി, സത്യത്തിൽ സെൻ മാർഗം സ്വീകരിച്ചയാളാണോ എന്നറിയുകയായിരുന്നു അദ്ദേഹത്തിൻറെ ഉദ്ദേശ്യം. അതുകൊണ്ടു തന്നെ അദ്ദേഹം ഹ്യൂട്ടിയോട് ചോദിച്ചു, “എന്താണ് സെൻ?” ഉടനെത്തന്നെ, മുതുകിലുള്ള ഭാണ്ഡം താഴെയിറക്കി, ഹ്യൂട്ടി നേരെ നിന്നു. അപ്പോൾ ബാനിൻ അടുത്ത ചോദ്ദ്യം ചോദിച്ചു, “സെൻ ൻറെ ലക്ഷ്യമെന്താണ്?” മറുപടിയായി, ഇറക്കിവെച്ച ഭാണ്ഡവും മുതുകിലേറ്റി ഹ്യൂട്ടി യാത്രയായി. ഒന്നും ഉരിയാടാതെ.
അതുപോലെതന്നെയാണ് യോഗയും. ഓരോ ആത്മീയ ജീവിതമാർഗവും നിഷ്കർഷിക്കുന്നത് അതുതന്നെയാണ്. നിങ്ങൾ യോഗമാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഇപ്പോൾ ചുമക്കുന്ന ഭാരം ഇറക്കി വെച്ച്, മുന്നിൽ കാണുന്നതിലൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ, സ്വതന്ത്രനായി, നിവർന്നു നിൽക്കാൻ പഠിക്കണം . ഈ ജീവിതമാർഗത്തിനു നിങ്ങൾ യോഗ എന്നോ സെൻ എന്നോ, അതുമല്ല മറ്റെന്ത് പേര് വിളിച്ചാലും ഇതുപോലെയൊക്കെത്തന്നെ ചെയ്യണം. അത് വളരെ പ്രധാനമാണ്. പിറകിലൊരു ഭാരമുണ്ടെങ്കിൽ നിങ്ങൾക്കൊരിക്കലുമത് സാധിക്കില്ല. അസാധ്യമെന്നു ഞാൻ തീർത്തു പറയില്ല പക്ഷെ, അത് അത്യപൂർവമായിരിക്കും. ചിലപ്പോൾ പല
ദശലക്ഷങ്ങളിലൊരാൾക്ക് സാധിക്കുമായിരിക്കും. എന്താണ് യോഗയുടെ ലക്‌ഷ്യം? ഇറക്കി വെച്ച ഭാരം ഒന്ന് കൂടി ചുമക്കുക. അത്ര തന്നെ. പക്ഷെ, അറിഞ്ഞുകൊണ്ട് ചുമക്കുമ്പോൾ അത് ഒരു ഭാരമായി തോന്നുകയില്ല എന്നതാണ് സത്യം. ഭാരം തോന്നാതിരിക്കാനുള്ള കാരണം, എല്ലാം നിലനിൽക്കുന്നുണ്ടെങ്കിലും സത്യത്തിൽ അത് ഒന്നുമല്ല എന്നത് അപ്പോഴേക്കും നിങ്ങൾ മനസിലാക്കിയിരിക്കും എന്നതാണ്.
Editor’s Note: Sadhguru explores the realm of the enlightened in "Encounter the Enlightened." Purchase the ebook.