മഹാഭാരതം എഴാം ഭാഗം: ദേവവ്രതന് ഭീഷ്മനാകുന്നു.
ഗംഗ ശന്തനുവിനെ ദേവവ്രതന്റെ അടുത്ത് വിടുന്ന ഇടത്ത് നിന്നും നാം കഥ തുടരുന്നു. പിന്നെ എങ്ങനെ ദേവവ്രതന് ഭീഷ്മന്‍ എന്ന പേര് ലഭിച്ചുവെന്നും.
മത്സ്യഗന്ധി എന്ന മുക്കുവരാജകുമാരി
സദ്ഗുരു: ഛേദിയിലെ രാജാവായ ഉപരിചരന്‍ നായാട്ടിലുള്ള താല്പര്യം മൂലം ഒരിക്കല്‍ കുറെനാള്‍ തുടര്‍ച്ചയായി കാട്ടില്‍ താമസിച്ചു. ആ കാലത്ത് അദ്ദേഹം ഒരു മുക്കുവയുവതിയുമായി അടുപ്പത്തിലായി. അവള് ഇരട്ടകളെ പ്രസവിച്ചു. മത്സ്യരാജനെന്നും മത്സ്യഗന്ധിയെന്നും കുഞ്ഞുങ്ങള്‍ക്ക് പേരിട്ടു. ആണ്‍കുട്ടിയെ രാജാവ് കൊട്ടാരത്തിലേക്കു കൂടെ കൊണ്ടുപോയി. പെണ്‍കുട്ടി അമ്മയോടൊപ്പം മുക്കുവരുടെ ഇടയില്‍ കഴിഞ്ഞു. മത്സ്യത്തിന്റെ ഗന്ധമുള്ളവര്‍ എന്നാണല്ലൊ മത്സ്യഗന്ധിക്കര്ത്ഥം.ഇരുണ്ടനിറമുള്ള ഒരു സുന്ദരിയായി അവള് വളര്‍ന്നു. മുക്കുവരുടെ മുഖ്യനായ ദാശന് അവളെ വേണ്ടവിധം വളര്‍ത്തി. വലിയ ജ്ഞാനിയും ബോധോദയം സിദ്ധിച്ചവനുമായ പരാശരമഹര്‍ഷിയുടെ ആശ്രമം ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലിന് സാരമായ പരിക്കു പറ്റി. ഒരു വിധം അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് മുനി മുക്കുവര്‍ താമസിക്കുന്ന ദ്വീപില്‍ വന്നു ചേര്‍ന്നു. അവര്‍ അദ്ദേഹത്തിന് അഭയം നല്കി. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ദാശന് മത്സ്യഗന്ധിയെ നിയോഗിച്ചു.
മഹാജ്ഞാനിയായിരുന്ന പരാശരന്, ആരേയും ആകര്‍ഷിക്കുന്ന വ്യക്തിപ്രഭാവം കാരണം മത്സ്യഗന്ധി അദ്ദേഹത്തില്‍ അനുരക്തയായി. സഹോദരന് രാജധാനിയില്‍ രാജകുമാരനായി കഴിയവേ, താന്‍ മുക്കവരോടൊപ്പം കഴിയുകയാണല്ലോ എന്ന സങ്കടം അവളെ വല്ലാതെ അലട്ടിയിരുന്നു. മുനിയോടു ചേര്‍ന്നാല്‍ തനിക്ക് എവിടെയെങ്കിലും എത്തിച്ചേരാന്‍ സാധിക്കുമെന്ന് അവള് കരുതി. അവര്‍ താമസിച്ചത് ഒരു ദ്വീപിലായിരുന്നു, അവര്‍ക്കൊരു പുത്രനും ജനിച്ചു. ദ്വീപില്‍ ജനിച്ചതു കൊണ്ട് അവര്‍ അവനെ ദ്വൈപായനന്‍ എന്നു വിളിച്ചു. ഇരുണ്ട നിറമുള്ളവനാകയാല് കൃഷ്ണന് എന്നും പേരു കിട്ടി. ഈ കൃഷ്ണ ദ്വൈപായനന്‍ പിന്നീട് വേദവ്യാസന് എന്ന പേരില്‍ പ്രസിദ്ധനായി. അദ്ദേഹമാണ് വേദങ്ങളെ സമാഹരിച്ചത്. വ്യാസന് തന്നെയാണ് മഹാഭാരതകഥയുടെ ആഖ്യാതവും.
പരാശരന് മകനേയും കൊണ്ട് ദ്വീപില്‍ നിന്നു പോയി. പോകുന്നതിനു മുമ്പേ അദ്ദേഹം മത്സ്യഗന്ധിയെ അനുഗ്രഹിച്ചു “മത്സ്യഗന്ധം പോയി നീ സ്വര്‍ഗീയ സുഗന്ധമുള്ളവളായിത്തീരും” ഒരു മനുഷ്യനും ഇതുവരെ നുകര്‍ന്നിട്ടില്ലാത്ത സുഗന്ധം, ഏതോ അലൗകീകമായൊരു പുഷ്പത്തിന്റെ സൗരഭ്യമായിരുന്നു അത്. അതോടെ അവളുടെ പേര് സത്യവതി എന്നായി. സത്യത്തിന്റെ സുഗന്ധം വഹിക്കുന്നവള്‍. അതായി അവളുടെ സവിശേഷമായ ആകര്‍ഷണം.
ശാന്തനുവിന്റെ വിവാഹാഭ്യര്‍ത്ഥന
ഒരിക്കല്‍ ശന്തനു കാട്ടില്‍ വെച്ച് സത്യവതിയെ കാണാനിടയായി. പ്രഥമ ദര്‍ശനത്തില്‍ത്തന്നെ പ്രേമം തോന്നുകയും ചെയ്തു. അദ്ദേഹം സത്യവതിയുടെ പിതാവിനോട് മകളെ തനിക്കു വിവാഹം കഴിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. സത്യവതിയുടെ വളര്‍ത്തച്ഛനായ ദാശന് സ്വന്തം നിലയില്‍ ചെറിയൊരു രാജാവായിരുന്നു. ചക്രവര്‍ത്തി വിവാഹാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍ ആ അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ ദാശന് നിശ്ചയിച്ചു. “മകളെ വധുവായി അങ്ങേക്കു തരാന്‍ തയ്യാറാണ്. പക്ഷെ അവളിലുണ്ടാവുന്ന മകന് കുരുരാജ്യത്തിലെ അടുത്ത ചക്രവര്‍ത്തിയാകുമെന്ന് വാക്കു തരണം”. ശന്തനു തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. “യുവരാജാവായി ദേവവ്രതനെ അഭിഷേകം ചെയ്തു കഴിഞ്ഞു. അവനേക്കാള്‍ ഉത്തമനായൊരു രാജാവിനെ കുരുരാജ്യത്തിനു കിട്ടുകയില്ല.”
പ്രണയപരവശനായ ശന്തനുവിന്റെ അവസ്ഥ ദാശന് തീര്‍ത്തും മനസ്സിലാക്കി. “എങ്കില്‍ എന്റെ മകളേ മറന്നേക്കൂ....” അതിന് മഹാരാജാവ് തയ്യാറായില്ല. പല വട്ടം കേണപേക്ഷിച്ചു. കൂടുതല്‍ അപേക്ഷിക്കുന്നതിന് അനുസരിച്ച് ചൂണ്ടയില്‍ കൂടുതല്‍ കുരുങ്ങിയെന്ന് ദാശന് മനസ്സിലാക്കി. “എന്റെ വാക്കിനു മാറ്റമില്ല. എന്റെ മകളെ വിവാഹം കഴിപ്പിച്ചു തരണമെങ്കില്‍, അവളുടെ മകന് അങ്ങേക്കു ശേഷം ചക്രവര്ത്തിയാകുമെന്ന ഉറപ്പു കിട്ടണം. അല്ലെങ്കില്‍ നിങ്ങളുടെ കൊട്ടാരത്തില്‍ പോയി സന്തോഷത്തോടെ ജീവിക്കുക.”
ശന്തനു നിരാശനായി രാജധാനിയിലേക്കു മടങ്ങി. സത്യവതിയെ മറക്കാനാവാതെ വിഷാദമൂകനായി അവളുടെ ആ സ്വര്‍ഗീയ സൗരഭ്യം വീണ്ടും വീണ്ടും ഓര്‍മ്മ വന്നു. രാജ്യകാര്യങ്ങള്‍ അന്വേക്ഷിക്കാനായി ഉത്സാഹം കെട്ട് മൗനം പാലിച്ച് തനിയെ ഇരുന്നു. അച്ചനില്‍ വന്ന മാറ്റം ദേവവ്രതനെ അസ്വസ്ഥനാക്കി. പല തവണ കാര്യം തിരക്കിയെങ്കിലും, അച്ചന് ലജ്ജ കൊണ്ട് മകനോട് തന്റെ വ്യസനകാരണം വെളിപ്പെടുത്തിയില്ല.
അവസാനം ദേവ്രതന് ശന്തനുവിനെ കാട്ടിലേക്കു കൊണ്ടു പോയ തേരാളിയെ കണ്ട് വിവരങ്ങളന്വേഷിച്ചു. “എന്റെ അച്ഛനെന്തു പറ്റി? നായാട്ടു കഴിഞ്ഞു വന്നതിനു ശേഷം ആളാകെ മാറിയല്ലോ. എന്താണ് ആ മൗഢ്യത്തിനു കാരണം? “കൃത്യമായി എന്തു നടന്നുവെന്നറിഞ്ഞു കൂടാ” തേരാളി പറഞ്ഞു. “തേരില്‍ നിന്നിറങ്ങി വലിയ സന്തോഷത്തോടെ ദാശന്റെ വീട്ടിലേക്കു പോയി. മഹാരാജാവിന്റെ പ്രൗഢിയോടെ, വലിയ ഉത്സാഹത്തോടെ, ഉള്ളില്‍ നിറഞ്ഞ സ്നേഹത്തോടെയാണ് പോയത്. എന്നാല്‍ തിരിച്ചു വന്നത് ഒരു ജീവശ്ചവമായിട്ടായിരുന്നു.
ദേവവ്രതന് ഭീക്ഷ്മനാകുന്നു
അച്ഛന് സംഭവിച്ചതെന്താണെന്നറിയാന്‍ ദേവവ്രതന് നേരിട്ട് ദാശനെ ചെന്നു കണ്ടു. “മഹാരാജാവിന് എന്റെ മകളെ വിവാഹം കഴിക്കണം. “ദാശന് സാഹചര്യം വിശദമാക്കി. “എന്റെ പക്ഷത്തു നിന്ന് ലഘുവായ ഒരു വ്യവസ്ഥ. എന്റെ മകളില്‍ മഹാരാജാവിനുണ്ടാകുന്ന മകനായിരിക്കണം അടുത്ത കിരീടാവകാശി. താങ്കളാണ് ഇവിടെ പ്രശ്നം....മഹാരാജാവ് യുവരാജാവായി താങ്കളെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നല്ലൊ!” “അതൊരു പ്രശ്നമേയല്ല” ദേവവ്രതന് ദൃഢസ്വരത്തില്‍ പറഞ്ഞു. “എനിക്കു രാജാവാകണ്ട....ഒരു കാലത്തും ഞാന്‍ അതിനവകാശം ഉന്നയിക്കില്ല. സത്യവതിയുടെ മകന് തന്ന രാജാവാകട്ടെ”. ദാശന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. “ചെറുപ്പത്തിന്റെ എടുത്തു ചാട്ടത്തില്‍ താങ്കള്‍ക്കങ്ങനെ പറയാം. പക്ഷെ പിന്നീട് അങ്ങേക്കു മക്കളുണ്ടാകുമ്പോള്‍ അവര്‍ സിംഹാസനത്തിനായി പോരിനു പുറപ്പെടില്ലേ?” ദേവവ്രതന് ഒട്ടും സംശയിക്കാതെ ദാശനു വാക്കു കൊടുത്തു, “ ഞാന്‍ ഒരു കാലത്തും വിവാഹിതനാവുകയില്ല അങ്ങനെ ഞാന്‍ ഉറപ്പു വരുത്താം, എന്റെ മക്കള്‍ കുരു സിംഹാസനത്തിനായി പോരിനു പുറപ്പെടുകയില്ല. എന്ന്. എന്റെ അച്ഛന്റെ അവകാശികളായി സത്യവതിയുടെ പുത്രന്മാര് മാത്രമെ ഉണ്ടാവൂ.”
മുക്കുവമുഖ്യന് ആഹാരം കഴിക്കുന്നതിനിടയിലായിരുന്നു ദേവവ്രതന് പ്രവേശിച്ചത്. ദാശന് മീന്‍ കഷണത്തില്‍ നിന്നും മുള്ള് അടര്‍ത്തി മാറ്റിക്കൊണ്ട് രാജകുമാരന്റെ നേരെ നോക്കി. “യുവരാജകുമാരാ, താങ്കളുടെ വാക്കുകള്‍ അതേപടി ഞാന്‍ മാനിക്കുന്നു. പക്ഷെ ജീവിതം ഏതെല്ലാം വഴിക്കു തിരിയുമെന്ന് അങ്ങേക്കറിഞ്ഞു കൂട. അങ്ങ് വിവാഹം കഴിക്കില്ലായിരിക്കാം, എന്നാല്‍ അതു കൊണ്ട് മക്കളുണ്ടാവില്ല എന്നു പറയാനാവില്ലല്ലോ.” പിന്നെ ദേവ്രതന് നിമിഷ നേരം പോലും സങ്കോചിച്ചുനിന്നില്ല. അങ്ങേയറ്റത്തെ നടപടിയെടുത്തു. സ്വയം ഷണ്ഡനാക്കി. ദാശന്റെ മുന്നില്‍ ശപഥം ചെയ്തു. “ഒരു കാലത്തും എനിക്കു മകളുണ്ടാവില്ല. അതിനുള്ള ശേഷി എനിക്കില്ലാതായിരിക്കുന്നു. ഇപ്പോള്‍ അങ്ങേക്കു തൃപ്തിയായോ? “തൃപ്തിയായി” ദാശന് സമ്മതം മൂളി. എല്ലാവരും അമ്പരന്നു നിന്നു. “ഒരു മനുഷ്യന് അവനവനോടു ചെയ്യുന്ന ഏറ്റവും കഠോരമായ കൃത്യം”. എല്ലാവരും ദേവവ്രതനെ ഭീഷ്മന്‍ എന്നു വാഴ്ത്തി. ആരും നിര്‍ബന്ധിക്കാതെ തന്നെ, അവനവനോടു ക്രൂരത കാട്ടിയവന്. അങ്ങനെ ശന്തനു സത്യവതിയെ വിവാഹം കഴിച്ചു.