സദ്ഗുരു: ഗംഗ ലക്ഷണമൊത്ത ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ ഉടനെത്തന്നെ അവള്‍ കുഞ്ഞിനെയുമെടുത്ത് ആറ്റുതീരത്തെത്തി. കുഞ്ഞിനെ മുക്കിക്കൊന്നു. ശന്തനുവിന് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന്‍റെ ഹൃദയം തകര്‍ന്നു, പക്ഷെ എന്തിനിങ്ങനെ ചെയ്തു എന്നു ചോദിക്കാനായില്ല. ചോദിച്ചാല്‍ ആ ക്ഷണം അവള്‍ തന്നെ ഉപേക്ഷിച്ചുപോകും. അതായിരുന്നല്ലൊ വ്യവസ്ഥ. പ്രണയത്തിന്‍റേയും സന്തോഷത്തിന്‍റേയും ഊഞ്ഞാലില്‍ ആടിത്തിമര്‍ത്തിരുന്ന ശന്തനു ദുഃഖത്തിന്‍റെ ആഴങ്ങളിലേക്കു പതിച്ചു. അദ്ദേഹം ഭാര്യയെ ഭയപ്പെടാന്‍ തുടങ്ങി. എന്നാലും സ്‌നേഹത്തിന് ഒട്ടും കുറവു സംഭവിച്ചില്ല. കുറെനാള്‍ കഴിഞ്ഞു. രണ്ടാമതൊരു കുഞ്ഞു ജനിച്ചു. അതിനേയും അവള്‍ ആറ്റില്‍ മുക്കിക്കൊന്നു. ശന്തനുവിന് ഒരക്ഷരം മിണ്ടാനായില്ല. രാജാവ് ഭ്രാന്തിന്‍റെ വക്കില്‍ വരെയെത്തി. അപ്പോഴും ആ വ്യവസ്ഥ പാലിച്ചു. അങ്ങനെ ഏഴു കുഞ്ഞുങ്ങളെ അവള്‍ പ്രസവിച്ചു. ഏഴിനേയും ആറ്റില്‍ മുക്കിക്കൊന്നു.

പുരാണങ്ങളില്‍ പറയുന്നത് വസുക്കള്‍ വിശിഷ്ടസിദ്ധികളുള്ളവരും വിമാനങ്ങളില്‍ പറന്നു നടക്കുന്നവരുമാണെന്നാണ്. സ്വയം പറക്കുന്നതായിരുന്നു ആ വിമാനങ്ങള്‍.

എട്ടാമത്തെ മകനും പിറന്നു. നിസ്സഹാനായ ശന്തനു ഭാര്യയുടെ പുറകെ നദീതീരത്തേക്കു ചെന്നു. കുഞ്ഞിനെ പതിവുപോലെ ആറ്റിലേക്കെറിയാനോങ്ങിയപ്പോള്‍, മകനെ അദ്ദേഹം അമ്മയുടെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചു വാങ്ങി. “മതി, മനുഷ്യനു നിരക്കാത്ത ഈ പ്രവൃത്തി ഇനി ചെയ്യരുത്”. ഗംഗ പറഞ്ഞു. “അങ്ങ് കരാര്‍ ലംഘിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ പോവുകയായി. പോകും മുമ്പേ ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാം.

,

വളരെ വളരെ കാലം മുമ്പ്, വസിഷ്ഠമഹര്‍ഷിക്ക് നന്ദിനി എന്നു പേരായ ഒരു പശുവുണ്ടായിരുന്നു. ദൈവീക ശക്തികളുള്ള ഒരു പശു., ഒരു ദിവസം അഷ്ടവസുക്കള്‍ ആ പരിസരത്ത് വിനോദത്തിനായി എത്തി. പുരാണങ്ങളില്‍ പറയുന്നത് വസുക്കള്‍ വിശിഷ്ടസിദ്ധികളുള്ളവരും വിമാനങ്ങളില്‍ പറന്നു നടക്കുന്നവരുമാണെന്നാണ്. സ്വയം പറക്കുന്നതായിരുന്നു ആ വിമാനങ്ങള്‍. ദ്രവരൂപത്തിലുള്ള രസം പോലെ മിനുസമുള്ളതായിരുന്നുവത്രെ ആ വിമാനങ്ങളുടെ ഉപരിതലം. തീയോ ഇന്ഡനമൊ കൂടാതെ താനേ കത്തുന്ന വിളക്കുകളും അതിനകത്തുണ്ടായിരുന്നുവത്രെ.

ആശ്രമപ്രാന്തങ്ങളില്‍ ചുറ്റിത്തിരിഞ്ഞിരുന്ന വസുക്കള്‍ വസിഷ്ഠന്‍റെ നന്ദിനിയെ കാണാനിടയായി. പ്രഭാസന്‍ എന്ന വസുവിന്‍റെ ഭാര്യ നന്ദിനിയേ കിട്ടിയേ തീരു എന്ന് ശാഠ്യം പിടിച്ചു. പ്രഭാസന്‍ നന്ദിനിയെ പിടിക്കാന്‍ പുറപ്പെട്ടു. വേറെ രണ്ടുപേര്‍ തടഞ്ഞു. “വസിഷ്ഠന്‍റെ പശുവാണ്, അതിനെ തൊടരുത്” പ്രഭാസന്‍റെ ഭാര്യക്കു ദേഷ്യം വന്നു. “ഭീരുക്കള്‍ എപ്പോഴും ധര്‍മ്മത്തിന്‍റെ പേരില്‍ കാരണങ്ങള്‍ നിരത്തും. ധൈര്യമില്ല എന്നതാണ് വാസ്തവം”. ഭാര്യയുടെ വാക്കുകള്‍ പ്രഭാസനെ ചൊടിപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ അയാള്‍ നന്ദിനിയെ ബലമായി പിടിച്ചു കൊണ്ടു പോയി.

വസുക്കള്‍ ഗംഗയെ സമീപിച്ചു സങ്കടം പറഞ്ഞു. “ഭവതിയുടെ ഗര്‍ഭത്തില്‍ ജനിക്കാന്‍ അവസരം തരിക. ഭൂമിയില്‍ ഞങ്ങളുടെ വാസം കഴിയുന്നത്ര ചുരുക്കാനും അവിടുന്ന് മനസ്സിരുത്തണം.”

നന്ദിനിയെ അഷ്ടവസുക്കള്‍ അപഹരിച്ചെന്നറിഞ്ഞപ്പോള്‍ വസിഷ്ഠന്‍ കുപിതനായി. അദ്ദേഹം വസുക്കളെ ശപിച്ചു. “നിങ്ങള്‍ അതിഥികളായി വന്നു. ഞാന്‍ വേണ്ട സത്കാരങ്ങള്‍ ചെയ്തു. എന്നിട്ടും ഇങ്ങനെ ധിക്കാരം കാണിക്കാന്‍ എങ്ങനെ ധൈര്യം വന്നു”? അദ്ദേഹം വസുക്കളെ ശപിച്ചു. “മനുഷ്യസഹജമായ എല്ലാ പരിമിതികളോടും കൂടി ഭൂമിയില്‍ മനുഷ്യരായി പിറക്കുക. ജനന മരണങ്ങള്‍ അനുഭവിക്കുക. നിങ്ങളുടെ ചിറകുകള്‍ ഇല്ലാതാകും. മനുഷ്യരായി സാധാരണ ഗതിയില്‍ ഭൂമിയില്‍ നടക്കുക”. വസുക്കള്‍ ഗംഗയെ സമീപിച്ചു സങ്കടം പറഞ്ഞു. “ഭവതിയുടെ ഗര്‍ഭത്തില്‍ ജനിക്കാന്‍ അവസരം തരിക. ഭൂമിയില്‍ ഞങ്ങളുടെ വാസം കഴിയുന്നത്ര ചുരുക്കാനും അവിടുന്ന് മനസ്സിരുത്തണം.”

“അങ്ങനെ ഞാന്‍ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു” ഗംഗാദേവി ശാന്തനുവിനോടു പറഞ്ഞു. ജനിച്ച ഉടനെ മരണം. അതായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഏഴു പേരെ ഞാന്‍ എന്‍റെ രീതിയില്‍ രക്ഷിച്ചു. എട്ടാമത്തെ അങ്ങയും രക്ഷിച്ചു. ഏതായാലും അവന്‍ പ്രഭാസനാണ്. കുറ്റം ചെയ്തത് മുഖ്യമായും അവനാണല്ലോ. അതു കൊണ്ട് ഭൂമിയില്‍ അധികം കാലം കഴിയേണ്ടി വരും. ശിശുവായതു കൊണ്ട് തല്ക്കാലം ഞാന്‍ കൂടെ കൊണ്ടു പോകുന്നു. അവന് പതിനാറു വയസ്സ് തികയുമ്പോള്‍ തിരിച്ചേല്‍പ്പിക്കാം. അതിനുള്ളില്‍ സകല വിദ്യകളും അഭ്യസിപ്പിക്കാം. ഒരു രാജാവിനു വേണ്ട യോഗ്യതകളെല്ലാം അവനുണ്ടെന്ന് ഉറപ്പു വരുത്താം...” ശന്തനു വിസ്മയാധീനനായി നില്‍ക്കേ കുഞ്ഞിനേയും കൊണ്ട് ഗംഗ അപ്രത്യക്ഷമായി.

ശന്തനു നിരാശനായി, നിസ്സഹായനായി, ഗതി കെട്ടവനെ പോലെ അലഞ്ഞു. രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലാതായി. മഹാനായ ആ രാജാവ് വിഷാദത്തിനടിമപ്പെട്ട് ഒന്നിനും കെല്‍പ്പില്ലാത്തവനായി. എന്തു ചെയ്യണമെന്നു രൂപമില്ലാതെ ഉദാസീനനായി നാള്‍ കഴിച്ചു.

പതിനാറു വര്‍ഷം കഴിഞ്ഞു. ഗംഗ മകനെ ശന്തനുവിന് തിരിച്ചേല്‍പ്പിച്ചു. ദേവവ്രതന്‍ എന്നായിരുന്നു അവന്‍റെ പേര്. ധനുര്‍വിദ്യയില്‍ അവന്‍ പരശുരാമന്‍റെ ശിഷ്യനായിരുന്നു. വേദം പഠിച്ചത് ദേവഗുരുവായ ബ്രഹസ്പതിയില്‍ നിന്ന്. മറ്റു വിദ്യകളും അവന്‍ അതാതു വിഷയങ്ങളില്‍ ഏറ്റവും നിപുണന്‍മാരായവരില്‍ നിന്നും കരസ്ഥമാക്കി. ഒരു മഹാരാജാവിനു വേണ്ട സര്‍വ്വയോഗ്യതകളും അവന്‍ പതിനാറു വര്‍ഷത്തിനിടയില്‍ സ്വന്തമാക്കിയിരുന്നു. മകനെ കണ്ടതോടെ ശാന്തനുവിന്‍റെ വിഷാദമകന്നു. നിറഞ്ഞ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ദേവവ്രതനെ യുവരാജാവായി അഭിഷേകം ചെയ്തു.

ദേവവ്രതന്‍ രാജ്യകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. അച്ഛന്‍റെ മേല്‍നോട്ടത്തില്‍ മഹാരാജാവ് വീണ്ടുമൊരിക്കല്‍ കൂടി സ്വസ്ഥനും, സന്തോഷവാനുമായി. ഒരു ദിവസം ശന്തനു നായാട്ടിനുപോയി. കാട്ടില്‍ ഒരു സുന്ദരിയെ കണ്ടു. പിന്നേയും പ്രണയബദ്ധനായി.