നമ്മൾ ഇന്നറിയുന്ന മതം, അത് ഒരു നൂറു വർഷങ്ങൾക്കു ശേഷം നാമാവശേഷമാവും
2016 മെയ് 30 ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട സദ്ഗുരുവിൻ്റെ അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗം ഇവിടെ ചേർക്കുന്നു .
“സദ്ഗുരു ഇങ്ങനെ പറഞ്ഞു തുടങ്ങി... ഇതെനിക്ക് സംഭവിച്ചതാണ്... ഒരു ദിവസം,... ഞാൻ കണ്ണടച്ച് ഒരിടത്തു ഇരിക്കുകയായിരുന്നു, ഏകദേശം ഒരു 25 -30 മിനുട്ടോളം. കണ്ണ് തുറന്നു നോക്കിയപ്പോളതാ ഒരു കൂട്ടം ആളുകൾ എനിക്ക് ചുറ്റും വട്ടം കൂടിയിരിക്കുന്നു. ചിലർക്ക് അവരുടെ ഭാവിയെന്തെന്നറിയണം; മറ്റു ചിലർക്ക് അവരുടെ മകളുടെ കല്യാണം എന്ന് നടക്കുമെന്നറിയണം... അങ്ങിനെ പല തരത്തിലുള്ള അസംബന്ധങ്ങൾ. ഞാൻ വിചാരിച്ചു, ഇവരൊക്കെ ഇതെവിടെ നിന്ന് വന്നു? അവർ പറഞ്ഞു, "13 ദിവസമായി നിങ്ങളിവിടെ ഈ ഇരിപ്പിരിക്കുന്നു!" എന്റെ കാലുകൾ ഞാൻ നിവർത്താൻ ശ്രമിച്ചപ്പോൾ പറ്റുന്നില്ല, അത് മരവിച്ചു പോയിരിക്കുന്നു. അത് ശരിയാക്കിയെടുക്കാൻ തന്നെ രണ്ടു മണിക്കൂർ നേരത്തെ തിരുമ്മലും ചൂടുവെള്ള പ്രയോഗവും വേണ്ടി വന്നു. ഞാൻ ഒരിടത്തു് 13 ദിവസം ഒരേ ഇരുപ്പു ഇരുന്നിട്ടും എനിക്ക് തോന്നിയത് വെറും 25 -30 മിനുട്ടാണെന്നാണ്; നമ്മൾ നമ്മുടെ ശരീരത്തിൽ നിന്നും എത്രമാത്രം അകലം പാലിക്കുന്നുവോ അത്രമാത്രം നമ്മൾ സമയത്തിന്റെ ചട്ടക്കൂട്ടിൽ നിന്നും അകലുകയാണ് എന്നതാണ് അതിന്റെ കാരണം. അത്തരം സിദ്ധിയുള്ള ആളുകളെ നമ്മൾ സമയാധിപതി എന്ന് വിളിക്കുന്നു. കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണവർ. സമയത്തെ അതിജീവിക്കാൻ നിങ്ങൾ പഠിച്ചുകഴിഞ്ഞാൽ പിന്നെ ഒന്നിനും അത്രയൊന്നും പ്രാധാന്യം കൊടുക്കാൻ തോന്നില്ല... .” says Sadhguru.
അതിശയകരമായി തോന്നുന്നു, അല്ലെ?. അതിനേക്കാൾ മഹത്തരമായി തോന്നുന്നത്, "ഇതൊരു വലിയ കാര്യമൊന്നുമല്ല, ഇതനുഭവിച്ചറിയാൻ എല്ലാവര്ക്കും പറ്റും" എന്ന് സദ്ഗുരു പറയുന്നത് കേൾക്കുമ്പോഴാണ്. അതെയോ? എല്ലാവര്ക്കും പറ്റുമോ? എന്ന ചോദ്യങ്ങൾക്കു ഒരു ഉൾച്ചിരിയോടെ "അതെ" എന്ന് സദ്ഗുരു പറയുമ്പോൾ, അതൊരു വെല്ലുവിളിയും അതേസമയം തന്നെ ഒരു ക്ഷണക്കത്തുമായി തോന്നി, അടുത്ത ചോദ്യവും അതിനടുത്ത ചോദ്യവുമായി, അങ്ങിനെ തുരുതുരാ ചോദ്യങ്ങളായി.....
ചോദ്യോത്തരമെന്നു ലഘൂകരിക്കാതെ പറയട്ടെ, ഒരു മണിക്കൂറോളം നീണ്ടു നിന്ന ആ അപൂർവ സമാഗമത്തിന്റെ... മനുഷ്യജീവന്റെ നിഗൂഢരഹസ്യങ്ങളും നഗ്നസത്യങ്ങളും ജീവിതയാഥാർഥ്യങ്ങളും ലളിതമായി മനസിലാക്കിത്തരുന്ന വിവരണങ്ങളുടെ... തമാശയും വിവേകവും സമർത്യവും ഒത്തിണങ്ങിയ കുറിക്കു കൊള്ളുന്ന ഉത്തരങ്ങളുടെ, വിശദീകരങ്ങളുടെ, സമാഹരണമാണ് ചുവടെ.
ചോദ്യം: ഞങ്ങൾക്കിപ്പോൾ ആകാംക്ഷ കൂടിയിരിക്കുന്നു. എങ്ങിനെയാണ് കാലത്തെ അതിജീവിക്കുന്നത്?
സദ്ഗുരു: നിങ്ങൾ അതിനായി ശ്രമിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ ഭൗതിക ശരീരത്തെ അതിജീവിച്ചാൽ സ്വാഭാവികമായും നിങ്ങൾ കാലത്തെ അതിജീവിക്കും. നിങ്ങൾ ആലോചിച്ചിട്ടുണ്ടോ, ആളുകൾ എങ്ങിനെയാണ് സമയത്തെ അവർക്കുള്ളിൽ കാത്തു സൂക്ഷിക്കുന്നത് എന്ന്? അത് അവർ അവരുടെ ശരീരം ഉപയോഗിച്ച് മാത്രമാണ്. ഉച്ച കഴിഞ്ഞുള്ള സമയമായെന്ന് ആളുകൾ എങ്ങിനെയാണ് അറിയുന്നത്? പ്രാതൽ കഴിഞ്ഞു, ഇനി ഉച്ചഭക്ഷണത്തിനുള്ള സമയമായി - അതുപോലെ, ഒരു നേരത്തെ ആഹാരം തൊട്ടു മറ്റൊരു നേരത്തെ ആഹാരം വരെയുള്ള സമയം... ഇതെല്ലം നിങ്ങളുടെ ശരീരം ശേഖരിച്ചു വെക്കുന്നുണ്ട്. ഒരു നേരം നിങ്ങളുടെ മൂത്രസഞ്ചി നിറയുന്ന നിമിഷം തൊട്ടു അടുത്ത നിമിഷം അതുപോലെയുള്ള അവസ്ഥ വരുന്ന വരെയുള്ള സമയം, അതും നിങ്ങളുടെ ശരീരം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നിങ്ങളുടെ ഊര്ജ്യം നഷ്ടപ്പെട്ടു വരുന്നു, നിങ്ങൾക്കുറങ്ങാൻ സമയമായി - ഇതെല്ലം ഒരു തരത്തിൽ സമയം രേഖപ്പെടുത്തലാണ്. .
തുടർച്ചയായി ഒരു മൂന്ന് മണിക്കൂർ ഞാൻ നിങ്ങളെ ഇവിടെ പിടിച്ചിരുത്തി എന്ന് വെക്കൂ... നിങ്ങളുടെ ശരീരം നിങ്ങളോടു പറയും എനിക്ക് ചലിക്കണമെന്നു. അതെ സമയം, നിങ്ങൾക്കീ ഭൗതിക ശരീരം ഇല്ല എന്ന് വെക്കൂ, ഒരു 10,000 വര്ഷം നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയാലും നിങ്ങൾക്കൊന്നും തോന്നില്ല. കാരണം നിങ്ങളുടെ ശരീരമാണ് നിങ്ങളോടു സമയത്തെപ്പറ്റി സൂചിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളുടെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കൂ, ഒരു പൂർണവൃത്തം കഴിയുമ്പോഴാണ് നിങ്ങൾ ഒരു മണിക്കൂർ എന്ന് പറയുന്നത്. ശരിയല്ലേ? അതെ സമയം ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പൂർണ വൃത്തം വരയ്ക്കുമ്പോൾ അത് ഒരു മാസമായി മാറുന്നു. ഭൂമി സൂര്യന് ചുറ്റും ഒരു പൂർണവൃത്തം വരയ്ക്കുമ്പോഴോ, അത് ഒരു വർഷമായി മാറുന്നു. ഈ ലോകത്തു കാണുന്നതെല്ലാം ഒരു കാലചക്രമായാണ് കറങ്ങിക്കൊണ്ടിരിക്കുന്നതു. അതാണ് പ്രകൃതി നിയമം.
ചോദ്യം: അപ്പോൾ എങ്ങിനെയാണ് നമ്മൾ നമ്മുടെ ഭൗതിക ശരീരത്തെ അതിജീവിക്കുന്നത്?
സദ്ഗുരു: മനുഷ്യപ്രകൃതിയും പ്രപഞ്ച വ്യവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നതെങ്ങിനെയെന്നാണ് യോഗശാസ്ത്രം മുഴുവനായും പ്രതിപാദിക്കുന്നത്. നിങ്ങളുടെ ശരീരത്തിലെ ഓരോ ഭ്രമണവും പ്രപഞ്ചത്തിലെ കാലചക്രങ്ങളായ സൗരയൂഥവുമായും വിശ്വപ്രപഞ്ചവുമായും ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അതിനു കാരണം. അങ്ങിനെ നിങ്ങളുടെ ശരീരവും പ്രപഞ്ച വ്യവസ്ഥയുമായി പൊരുത്തപ്പെട്ടാൽ പിന്നെ ശരീരബോധം ചുരുങ്ങി ചുരുങ്ങി ഏതു രീതിയിൽ വേണമെങ്കിലും നിങ്ങളുടെ ശരീരത്തെ നിങ്ങൾക്കുപയോഗിക്കാൻ പറ്റും. അതേസമയം ശരീരബോധം നിങ്ങളിൽ അതിശക്തമാണെങ്കിൽ ഒരു നിർബന്ധ ബുദ്ധിയോടെ ശരീരം പ്രവർത്തിക്കുന്നത് നിങ്ങൾക്ക് കാണാൻ പറ്റും. അത് നിങ്ങളെ ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്തുകൊണ്ടിരിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങിനെ ചെയ്തില്ലെങ്കിൽ അത് നിങ്ങളെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപദ്രവിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
എത്ര മാത്രം ആഴത്തിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തോട് ചേർന്ന് നിൽക്കുന്നുവോ, അത്രമാത്രം നിങ്ങൾ കാലത്തിനും ചേർന്ന് നിൽക്കുന്നതായിരിക്കും. ഭൗതികകാര്യങ്ങളിൽ വ്യാപൃതരായ ആളുകൾ എപ്പോഴും വാച്ചിൽ നോക്കിക്കൊണ്ടേയിരിക്കുന്നത് കാണാം. അവർക്കു സമയം എളുപ്പത്തിൽ കടന്നു പോവുകയില്ല. ധിഷണവിലാസമുള്ള ഒരാൾ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ, സമയം പോവുന്നത് അയാൾ അറിയുകപോലുമില്ല. മണിക്കൂറുകൾ നൊടിയിടയിലെന്നപോലെ കടന്നുപോകും. അതേസമയം അയാൾ ധ്യാനനിരതനാണെന്നിരിക്കട്ടെ, പതിന്മടങ്ങു് ഇരട്ടിയായി സമയം പറന്നുപോവും.
എന്റെ കാര്യം നോക്കുകയാണെങ്കിൽ, ഒറ്റയിരിപ്പിന്, ഒരേ സ്ഥലത്തെനിക്ക് 10 -12 മണിക്കൂർ വരെ ഇരിക്കേണ്ടി വരും. കൂടെ സദസ്സിലുള്ള എല്ലാവരും ബാത്റൂമിൽ പോവാനും കുടിക്കാനും കഴിക്കാനും ഇടവേളകൾ എടുത്തുകൊണ്ടേയിരിക്കും പക്ഷെ ഞാൻ അതെ സ്ഥലത്തു തന്നെ ഇരിക്കുകയായിരിക്കും. ഇതൊരു വലിയ സംഭവമാണ് എന്നല്ല, മറിച്ചു, എന്റെ ശരീരത്തിന് എന്റെ മേൽ മേധാവിത്വബോധമില്ല എന്ന് കാണിക്കാനാണിത് പറഞ്ഞത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് ഉപയോഗിക്കാം അല്ലാതെ നിങ്ങളുടെ ശരീരം നിങ്ങളെ ഉപയോഗിക്കാൻ പാടില്ല. അതായിരിക്കണം ശരിയായ നിലപാട്.
ചോദ്യം: അതുകൊണ്ടാണോ യോഗശാസ്ത്രത്തെ ആത്മീയതയുടെ വലിയൊരു ഭാഗമായി നിങ്ങൾ ഉയർത്തിക്കാണിക്കുന്നതു?
സദ്ഗുരു: നിങ്ങളുടെ ഭൗതിക ശരീരമെന്നത് ഒരു ചെറിയ സാധനമൊന്നുമല്ല. അതൊരു ബൃഹത്തായ യന്ത്രമാണ്. പൂർണ ജാഗ്രതയോടെ നിങ്ങളതിനെ നിലനിർത്തിയിട്ടില്ലെങ്കിൽ, ജീവിതം അതിന്റെ ശരിയായ തീവ്രതയോടെ നിങ്ങൾക്കനുഭവിച്ചറിയാൻ സാധിക്കില്ല.
അടുത്തൊരു ദിവസം ഞാൻ തിരുപ്പതിയിലായിരുന്നപ്പോൾ ഒരു സ്കൂൾ ബസ് എന്റെ കാറിന്റെ മുന്നിലായി നിർത്തിയിട്ടിരുന്നു. ഉള്ളിലേക്കൊന്നു കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടു, അതിലിരിക്കുന്ന പത്തിൽ അഞ്ചു കുട്ടികളും പ്രായത്തിൽ കവിഞ്ഞ ഭാരമുള്ളവരായിരുന്നു. സ്കൂളിൽ പോകുന്ന ഒരു കുട്ടി ഇന്ന് വളരെ വിരസനായി കാണപ്പെടുന്നു. കാരണമെന്തെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? പത്തു വയസായ ഒരു കുട്ടിക്ക് ഈ പ്രപഞ്ചം മുഴുവൻ ഇന്നവന്റെ ഫോൺ സ്ക്രീനിൽ കാണാൻ പറ്റും - അവൻ കരുതുന്നത് അവനു എല്ലാം അറിയുമെന്നാണ്. അപ്പോൾ പിന്നെ അവരെന്താണീ ജീവിതത്തിൽ ഇനി ചെയ്യാൻ പോകുന്നത്? അവർ ചിലപ്പോൾ ഒരു ജോലിക്കായി ശ്രമിച്ചു അൽപ്പം കാശു സമ്പാദിക്കുമായിരിക്കാം - പക്ഷെ അതാണോ ജീവിതം? അവർക്കൊരു മരത്തിന്റെ കൊമ്പിൽ കേറാൻ പറ്റില്ല, ഓടാനോ ചാടാനോ പറ്റില്ല, മതിമറന്നൊന്നു നൃത്തം ചെയ്യാൻ പോലും പറ്റില്ല. വിരസനായ ബാലനിൽ നിന്നും അവനൊരു വിരസനായ യുവാവായി പരിണാമം പ്രാപിക്കും. അങ്ങിനെ ഒരു നാൾ അവർക്കു തോന്നും, എന്തെങ്കിലുമൊക്കെ കാര്യമായി ആഘോഷിക്കണമെന്നു, എന്നിട്ടു, മദ്യത്തിലും മയക്കുമരുന്നിലുമൊക്കെ ചെന്ന് ചാടും. മറ്റൊന്നും അവരെ ഉണർത്താതിരിക്കുമ്പോൾ അവർ രാസപദാർത്ഥങ്ങളെ കൂട്ടുപിടിക്കുകയാണ്.
ചോദ്യം: രാസപദാര്ഥങ്ങളില്ലാതെ നമ്മളെ ഉണർത്താൻ മറ്റു വഴികളുണ്ടോ?
സദ്ഗുരു: ഒന്ന് കണ്ണടച്ചാൽ മതി, നിർവൃതിയുടെ ആനന്ദാശ്രുക്കൾ കവിളുകളിലൂടെ ഒലിച്ചിറങ്ങുന്നതു കാണാനാവും - നിങ്ങൾക്ക് നിങ്ങളെ തൊട്ടറിയാനാവണമെന്ന് മാത്രം. അതിനു കെൽപ്പുള്ള എത്ര ദശലക്ഷം പേരെ വേണമെങ്കിലും എനിക്ക് കാണിച്ചു തരാൻ സാധിക്കും. ചിലരൊക്കെ മദ്യത്തിനെയും മയക്കുമരുന്നിനെയും സദാചാരബോധത്തോടെ സമീപിക്കുന്നത് കാണാനാവും. പക്ഷെ, അതിന്റെ അന്തഃസത്ത ഇത്ര മാത്രമേയുള്ളൂ - ആളുകൾ ജീവിതത്തിൽ ബൃഹത്തായ അനുഭവങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും പുതുപുത്തൻ ഉല്ലാസങ്ങൾ വേണം. മറ്റൊരു വഴിയും കാണുന്നില്ലെങ്കിൽ അവർ കുപ്പി പൊട്ടിച്ചു ആഘോഷിക്കും. കുറെ കഴിഞ്ഞാൽ കുപ്പി ഏൽക്കാതാവും - അപ്പോളവർ കൂടുതൽ വീര്യമുള്ള പദാർത്ഥങ്ങൾ തേടി പോകും. അതവരുടെ തലച്ചോറിൽ ദ്വാരങ്ങളുണ്ടാക്കുമെന്നവർക്കു അറിയാഞ്ഞിട്ടൊന്നുമല്ല - ഇനിയുമിനിയും കൂടുതലായി ആസ്വദിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണവരെ അതിലേക്കു ആനയിക്കുന്നത്. അതവരെ കൊല്ലുമെന്നറിഞ്ഞാലും ഈയാംപാറ്റകളെപ്പോലെ അവർ ആകര്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ കൂടുതൽ അനുഭവിച്ചറിയണമെന്ന അത്യാർത്തി അവനിൽ അത്രയും തീഷ്ണമാണ്.
ചോദ്യം: അപ്പോൾ ആത്മീയതയാണോ അതിനുള്ള (ഈ തീവ്രാഭിലാഷത്തിനുള്ള) മറുമരുന്ന്?
സദ്ഗുരു: ഇന്ന്, മനുഷ്യന്റെ ബുദ്ധി മറ്റെന്നുമില്ലാത്തവിധം മിന്നിത്തിളങ്ങുന്നുണ്ട്. മനുഷ്യചരിത്രം പരിശോധിച്ചാൽ ഒന്ന് മനസിലാവും, അവനവനു വേണ്ടി ചിന്തിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ പ്രാപ്തരാണിന്ന് - മറ്റേതു യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരെക്കാളും. ഇന്ന്, ദൈവം നേരിട്ട് വന്നു പറഞ്ഞാലും, യുക്തിരഹിതമെന്നു തോന്നിയാൽ, നിങ്ങളത് കാര്യമാക്കില്ല. ഒരുകാലത്തു അങ്ങനെയായിരുന്നില്ല. അതുകൊണ്ടുതന്നെ, സ്വർഗ്ഗമെന്ന ആശയം ഇപ്പോൾ തകർന്നു വീണുകൊണ്ടിരിക്കയാണ്. ഇന്നത് കുറച്ചാളുകളിൽ മാത്രം നിക്ഷിബ്ദമാണ്, പക്ഷെ അത് പടർന്നു പിടിക്കാൻ അധികകാലമൊന്നും വേണ്ട. .
ഇനി ഒരു 80 -100 വർഷങ്ങൾക്കുള്ളിൽ, ഇന്ന് കാണുന്ന സംഘടിത രൂപത്തിലുള്ള മതം നാമാവശേഷമാകും. കാരണം, ആളുകൾ അതീവ ശോചനീയാവസ്ഥയിൽ ജീവിച്ചിരുന്നപ്പോഴാണ് സ്വർഗമെന്ന വാക്കിനു അർഥം കണ്ടെത്തിയിരുന്നത്. ഇന്ന് നമ്മൾ ജീവിക്കുന്നത് സ്വർഗത്തേക്കാൾ സുന്ദരമായൊരു ലോകത്താണ്, അതുകൊണ്ടു തന്നെ ആളുകൾ പറയും, "എനിക്ക് സ്വർഗത്തിൽ പോകേണ്ട, ഇവിടമാണെൻറെ സ്വർഗം" എന്ന്. പക്ഷെ, കൂടുതൽ കൂടുതൽ ആസ്വദിക്കാനുള്ള അവന്റെ അടിസ്ഥാനപരമായ അഭിലാഷം ഒരിക്കലും മായാൻ പോകുന്നില്ല. ഈ സമൂഹത്തിന്റെ ഉന്നതിക്കായി നമ്മളോരോരുത്തരും കാര്യമായി പ്രവർത്തിച്ചിട്ടില്ലെങ്കിൽ, അവനവന്റെ ആന്തരിക ഉയർച്ചക്കായി സംഘടിതമായി ശ്രമിച്ചിട്ടില്ലെങ്കിൽ, ശക്തമായൊരു ഉൾകാഴ്ച അവനവനു ലഭിക്കാത്തിടത്തോളം കാലം, 90 ശതമാനം ആളുകളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറും - പിന്നെ അത് മാറ്റാനും പ്രയാസമായിരിക്കും. .
ഏകകോശജീവിയായ അമീബയിൽ നിന്നും ഇന്ന് കാണുന്ന മനുഷ്യനിലേക്ക് പരിണാമം പ്രാപിക്കാൻ അനേകയുഗങ്ങെളെടുത്തു. ശാസ്ത്രീയ അടിത്തറയുള്ളൊരു ആത്മീയ സമ്പ്രദായം ലോകത്തിൽ ഉടലെടുത്തിട്ടില്ലെങ്കിൽ, ഈ പരിണാമ പ്രക്രിയയിൽനിന്നൊരു തിരിച്ചുപോക്ക് സർവസാധാരണമായിത്തീരുമെന്നതിൽ സംശയമില്ല.
ചോദ്യം: ആളുകൾ നിരീശ്വരവാദികളാണെങ്കിലോ, പ്രത്യേകിച്ച് ഒന്നിലും വിശ്വാസമില്ലാത്തവർ?
സദ്ഗുരു: വിശ്വാസികളും അവിശ്വാസികളും എന്നത് രണ്ടു പ്രത്യേക തരം വിഭാഗം ആളുകളല്ല. രണ്ടുപേരും അവരവർക്കു പരിചയമില്ലാത്ത കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. സത്യമെന്താണെന്നു അന്വേഷിച്ചു കണ്ടെത്താനുള്ള ധൈര്യമോ പ്രതിബദ്ധതയോ ഇല്ലാത്തവരാണവർ. എന്തെങ്കിലുമൊക്കെ ഊഹിച്ചെടുക്കുകയാണ് രണ്ടുകൂട്ടരും. വളർന്നു വരുന്ന സംസ്കാരത്തിനനുസരിച്ചു ഒരാൾ ഒരനുമാനത്തിനു അനുകൂലമായും മറ്റൊരാൾ അതിനു പ്രതികൂലമായും പ്രതികരിക്കുന്നു. അവർക്കു രണ്ടു കൂട്ടർക്കും സത്യമെന്തെന്നറിയില്ല.
വിശ്വാസിയോ അവിശ്വാസിയോ ആവാതെ, "എനിക്കറിയാവുന്നതു എനിക്കറിയാം; എനിക്കറിയാത്തതു എനിക്കറിയില്ല" എന്ന് നിങ്ങൾ നിങ്ങളോടു തന്നെ തുറന്നു പറയാൻ ധൈര്യം കാണിച്ചു നോക്കൂ. അറിയാനുള്ള ആഗ്രഹം, അറിയാൻ വേണ്ടിയുള്ള പരിശ്രമം, അറിയാൻ വേണ്ടിയുള്ള അന്വേഷണം - അവസാനം അവൻ അത് കണ്ടെത്തുന്നു - ഒരു മനുഷ്യന്റെ അസ്തിത്വത്തിന്റെ സ്വഭാവം അങ്ങിനെയാണ്. .
ചോദ്യം: എന്നിരുന്നാലും, ഈ ദൈനംദിന സത്യങ്ങളല്ലേ, നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നം? ജോലിയിലെ മാനസികപിരിമുറുക്കം, ഒരിക്കലും കിട്ടാത്ത ഉദ്യോഗക്കയറ്റം, ഭീകരനായ മേലധികാരി, അങ്ങിനെ അങ്ങിനെ!
സദ്ഗുരു: കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ മുംബൈയിലായിരുന്നു. വളരെ വലിയ പദവിയിലിരിക്കുന്ന ഒരാൾ എന്റടുത്തു വന്നു പറഞ്ഞു, "സദ്ഗുരു, എനിക്കിനിയും ഇത് സഹിക്കാനാവില്ല. എന്റെ മേലധികാരി എന്റെ ജീവിതം നരകതുല്യമാക്കിക്കൊണ്ടിരിക്കുന്നു". ഞാൻ പറഞ്ഞു, "എങ്കിൽ അയാൾ നിങ്ങളെ പുറത്താക്കട്ടെ". അയാൾ ഭയം കൊണ്ട് വിറക്കാൻ തുടങ്ങി," സദ്ഗുരു, എന്താണീ പറയുന്നത്?" ഞാൻ പറഞ്ഞു, "എന്തിനാണ് നിങ്ങൾ ജോലിയിരുന്നു സഹിക്കുന്നത്? അതുപേക്ഷിക്കുക. എന്നിട്ടു കടൽത്തീരത്തിലൂടെ നടന്നു നോക്കുക" ജോലിയിരിക്കുമ്പോൾ നിങ്ങൾ കഷ്ടതയനുഭവിക്കുന്നു. ജോലിയിൽ നിന്ന് പിരിഞ്ഞാലും നിങ്ങൾ കഷ്ടതയനുഭവിച്ചുകൊണ്ടിരിക്കുന്നു. സത്യമല്ലേ?
നമ്മളാദ്യം ഒന്ന് തീരുമാനിക്കുക. നിങ്ങൾക്ക് വേണ്ടതൊരു ഉപജീവനമാർഗമാണോ, അതോ അതിൽനിന്നൊരു ജീവിതമാണോ? ഒരു പുഴുവിനും, വണ്ടിനും, പക്ഷിക്കുമെല്ലാം നിസ്സാരമായി ഇരതേടി ജീവിക്കാനാകുമെങ്കിൽ, ഇത്രയും ബുദ്ധിയുള്ള മനുഷ്യന് ഉപജീവനം ഒരു വലിയ കാര്യമാവേണ്ടതില്ല. മറ്റൊരാളെപ്പോലെ ജീവിക്കണം എന്ന തോന്നലുണ്ടാവുമ്പോഴാണ് ജീവിതം ദുസ്സഹമാവുന്നതു. മറ്റൊരാളെപ്പോലെ പണം സമ്പാദിക്കാൻ വേണ്ടി നിങ്ങൾ ഒരു ഉദ്യോഗത്തിൽ കയറുന്നു. മറ്റൊരാൾ ഓടിക്കുന്ന വാഹനം കണ്ടു നിങ്ങൾക്കും അതുപോലുള്ള വാഹനം ഓടിക്കണമെന്നു കരുതി നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള വ്യവസായം ചെയ്യുന്നു. മറ്റൊരാൾ നിർമിച്ച വീട് കണ്ടു അതുപോലുള്ള വീട് വേണമെന്ന് കരുതി നിങ്ങളിന്നു കാണുന്ന ഈ കഷ്ടപ്പാടിലെല്ലാം ചെന്ന് ചാടുന്നു. തെറ്റായ കാരണങ്ങളിലൂടെ നിങ്ങൾ കാര്യങ്ങൾ ചെയ്യുകയാണ്. ശരിക്കും നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുമില്ല.
"ശരിക്കും ചെയ്യേണ്ടുന്ന കാര്യം" എന്ന് ഞാൻ പറയുമ്പോൾ, അതൊരു അതിമോഹമാണെന്നു ഞാനർത്ഥമാക്കുന്നില്ല. നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ടതെന്നു തോന്നുന്ന ഒരു കാര്യം നിങ്ങൾ ചെയ്യുമ്പോൾ, ലോകത്തിനു തന്നെ മഹത്തായ സംഭാവനയെന്നു കരുതി നിങ്ങൾ ഒരു കാര്യം ചെയ്യുകയാണെങ്കിൽ, വളരെ സന്തോഷത്തോടുകൂടിയായിരിക്കും നിങ്ങളത് ചെയ്യുന്നത്. അപ്പോളവിടെ മനസികപിരിമുറുക്കമൊന്നും കടന്നുവരികയേയില്ല. അതേസമയം, തീരെ താല്പര്യമില്ലാതെയാണ് നിങ്ങളെന്തെങ്കിലും ചെയ്യുന്നതെങ്കിൽ, കിട്ടുന്ന പ്രതിഫലം മാത്രമാണ് മോഹമെങ്കിൽ, എനിക്ക് പ്രയോഗിക്കാനിഷ്ടമില്ലെങ്കിലും പറയട്ടെ, നിങ്ങൾ നിങ്ങളെ സ്വയം വില്പനച്ചരക്കാക്കുകയാണപ്പോൾ. .
ചോദ്യം: "എന്തും വലുതായി ചെയ്യണം " എന്നതായിരുന്നു ഇത്തലമുറയുടെ മുദ്രാവാക്യം. ഞങ്ങളതിനെ തീവ്രാഭിലാഷമെന്നു വിളിച്ചു. ആരും ഞങ്ങളോട് പറഞ്ഞില്ല, അതൊരു തെറ്റായ കാര്യമാണെന്ന്.
സദ്ഗുരു: നിങ്ങളെ സംബന്ധിച്ച് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ ജീവനോടെ ഇരിക്കുന്നുവെന്നതുതന്നെയാണ്. മനുഷ്യജീവിതമെന്ന ഈ മഹാപ്രതിഭാസം അതിന്റെ ശരിയായ അർത്ഥത്തിൽ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങളെങ്ങിനെയാണ് മറ്റെന്തെങ്കിലും ആസ്വദിക്കുക? നിങ്ങളീ ജീവിതം പരിപൂർണമായി ആസ്വദിക്കുന്നുണ്ടെങ്കിൽ, മറ്റുള്ളതെല്ലാം നിസ്സാര ഘടകങ്ങളാണ് - തീരെ പ്രധാനമല്ല. ഇന്ന് ഞാൻ കാർ ഓടിക്കും, നാളെ ചിലപ്പോൾ സൈക്കിൾ ഓടിക്കും - അതിലെന്താണിത്ര ആശ്ചര്യം? ഈ ജീവന്റെ യഥാർത്ഥ മൂല്യമെന്തെന്നു നിങ്ങൾ കാണാൻ ശ്രമിച്ചിട്ടില്ല, പകരം, ഒട്ടും വില കൽപ്പിക്കേണ്ടാത്ത അലങ്കാര വസ്തുക്കൾ കൊണ്ട് ജീവനെ മോടി പിടിപ്പിക്കാൻ ശ്രമിക്കുകയാണ് നിങ്ങൾ.
ഏകദേശം 20 മണിക്കൂറിൽ കൂടുതലുണ്ട് എന്റെ ദൈനംദിന പരിപാടികൾ. രണ്ടു ദിവസം അടുപ്പിച്ചു ഒരേ ബെഡിൽ കിടക്കുക എന്നത് എനിക്ക് ആഡംബരമാണ്. എന്നിട്ടും എന്തെങ്കിലും മനഃക്ലേശം അനുഭവിക്കുന്നതായി എന്നെ കണ്ടാൽ തോന്നുന്നുണ്ടോ? അതോ, മാനസിക പിരിമുറുക്കം കൊണ്ട് ഞാൻ മരിക്കുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല! തളർച്ച കൊണ്ട് ഞാൻ മരിച്ചുപോവുമായിരിക്കാം, എന്നാലും, വിരസത കൊണ്ട് ഞാൻ ഒരിക്കലും മരിക്കില്ല, അത് തീർച്ച. അതൊരു ഭയാനക മരണ മാർഗമാണ്. നിങ്ങളീ ജീവന് വില കല്പിക്കുന്നുണ്ടെങ്കിൽ, ഇതിൽ നിന്നെന്തു നേടും എന്ന ചിന്ത ഒഴിവാക്കിയേ മതിയാകൂ - പകരം എങ്ങിനെ ഒരു പങ്കാളിയാകാം എന്ന് ചിന്തിച്ചുനോക്കൂ.
ചോദ്യം: അതെ, ഞങ്ങൾ ജീവലഹരിയിലാണ് - വെള്ളിയാഴ്ചകളിൽ!
സദ്ഗുരു: “ദൈവത്തിനു നന്ദി, അവസാനം വെള്ളിയാഴ്ചയായിരിക്കുന്നു”, അല്ലെ? ആളുകൾ എന്നോട് പലവട്ടം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജോലിയും ജീവിതവും ബാലൻസ് ചെയ്യുന്നതെങ്ങിനെയെന്നു; കർമം നിങ്ങൾക്ക് ജീവിതമല്ലെങ്കിൽ അത് ചെയ്യരുത് എന്നാണ് ഞാൻ പറയുക. എന്റെ ജീവിതത്തിൽ, എനിക്കൊരിക്കലും വാരാന്ത്യമില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നു. എന്നുവെച്ചാൽ വർഷത്തിൽ 365 ദിവസവും. എന്നെ കണ്ടാൽ ഒരു ഇടവേള വേണ്ടവനെന്നോ ഒരവധിക്കാലം ആഘോഷിക്കേണ്ടവനാണെന്നോ തോന്നുന്നുണ്ടോ? ജീവിതത്തിൽ നിങ്ങൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അത് ചെയ്തുകൊണ്ടിരുന്നാൽ, പിന്നെ, നിങ്ങളുടെ ജീവിതകാലം മുഴുവൻ ഉല്ലാസകാലമായിരിക്കും. അതുകൊണ്ടു തന്നെ, നിങ്ങൾക്കിഷ്ടമുള്ളതു ചെയ്തു ജീവിതം ഒരവധിക്കാലമാക്കുക.
ജീവിതം തന്നെ ഒരു ലക്ഷ്യമാണ്. നിങ്ങൾ എത്രമാത്രം ബോധവാനാണ് എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഒരു കണക്കെടുത്തുനോക്കൂ, നിങ്ങൾ ഇന്ന് എത്ര മാത്രം ചുറുചുറുക്കുള്ളവനാണ്, എന്ന്? ഒരു ദിവസത്തിൽ ഒരിക്കലെങ്കിലും അത് രേഖപ്പെടുത്തുകയും ചെയ്യുക. കാരണം, അത് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നിങ്ങളുടെ ജീവിത വ്യവസായം നഷ്ടത്തിൽ കലാശിക്കും. രാത്രി കിടക്കാൻ പോകുന്നതിനു മുൻപെങ്കിലും സ്വയം നിരീക്ഷിക്കുക; ഇന്നലത്തേക്കാൾ മെച്ചപ്പെട്ട മനുഷ്യനായിട്ടുണ്ടോ ഇന്ന് എന്ന്? മെച്ചപ്പെട്ടവൻ എന്നതുകൊണ്ട്, മറ്റുള്ളവർക്ക് പ്രയോജനകരമായ എന്തെങ്കിലും ചെയ്തോ എന്നോ ആരെയെങ്കിലും സഹായിച്ചോ എന്നൊന്നും അർത്ഥമില്ല. ഞാൻ ഒരിക്കലും ഒരു സദാചാര ക്ലാസ് എടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഒരു ജീവൻ എന്ന നിലയിൽ നിങ്ങൾ അല്പം കൂടെ സന്തോഷവാനായോ എന്നാണ് ഉദ്ദേശിച്ചത്.
സന്തോഷം ഒരു ഇൻഷുറൻസാണ്. നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ, മറ്റുള്ളവർക്കെല്ലാം നിങ്ങൾ ഉൽകൃഷ്ടനായിരിക്കും. നിങ്ങൾ എപ്പോഴും പണവും എണ്ണിക്കൊണ്ടിരിക്കുന്നു. പക്ഷെ, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ജീവിതമൂല്യത്തിന്റെ കണക്കുകൾ സൂക്ഷിക്കാത്തതു? സ്വന്തം ജീവനേക്കാൾ പണം നിങ്ങൾക്ക് പ്രാധാന്യമുള്ളതായിരിക്കുന്നു.
ചോദ്യം: എങ്കിൽ, പോംവഴിയെന്താണ്?
സദ്ഗുരു: നിങ്ങളുടെ ക്ഷേമത്തിനായി പുറത്തേക്കു നോക്കാതിരിക്കുക, പകരം അകക്കണ്ണ് തുറക്കുക. ഒന്നാലോചിച്ചുനോക്കൂ, സ്വാഭാവികമായും ഹർഷോന്മത്തനാണ് നിങ്ങളെങ്കിൽ എന്താണ് ചെയ്യുക? അപ്പോൾ എന്താണോ അത്യാവശ്യം, അതല്ലേ ചെയ്യുക? പക്ഷെ, സന്തോഷം കിട്ടാനായി എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്? എന്തു ചെയ്താൽ സന്തോഷം കിട്ടും എന്നാണോ നിങ്ങളുടെ ചിന്തയിൽ തോന്നുന്നത്, അത് ചെയ്യുന്നു. അത് പലപ്പോഴും, ലോകത്തെ ഞെക്കിപ്പിഴിഞ്ഞു അതിന്റെ സത്തു മുഴുവൻ നമ്മുടെ സന്തോഷത്തിനായി അനുഭവിക്കുക എന്ന ആശയം ആയിരിക്കും; അത് മാറ്റി, നമ്മുടെ ജീവനെ അതിന്റെ പരമകോടിയിലേക്കെത്തിച്ചു ഈ ജീവൻ മുഴുവൻ സത്ത് അഥവാ രസം മാത്രമാണെന്ന് വരുത്തുക - അതാണ് പരിഹാരം.
Editor's Note: Rooted in the timeless wisdom of the yogic sciences, Isha Kriya is a yogic practice created by Sadhguru to help an individual get in touch with the source of his existence, to create life according to his own vision and ambition. Available as a free guided meditation online and with written instructions as well, it has the potential to transform the life of anyone who is willing to invest just a few minutes a day.