മാ ഗാംഭീരി: "ക്ഷമിക്കണം ഈ പാർക്കിംഗ് സ്ഥലം ജഗ്ഗിക്കായി നീക്കിവെച്ചതാണ്." ഒരു വോളണ്ടിയർ എന്നോട് വളരെ വിനയപൂർവം പറഞ്ഞു. "ഇതെന്തൊരു അന്യായമാണ്", എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ അടുത്ത ലെയ്‌നിലേക്ക് വണ്ടി തിരിച്ച് വേറൊരു പാർക്കിംഗ് സ്ഥലം കണ്ടെത്താനായി ശ്രമിച്ചു. ഞാൻ ശരിക്കും യോഗ ക്ലാസിനു വന്നത് എൻ്റെ സഹോദരിക്ക് വേണ്ടിയായിരുന്നു, അവളുടെ ആസ്ത്മ കുറക്കാൻ യോഗ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവൾ വന്നത്. ഞാൻ ശരിക്കും അവളെ ഇവിടെ കൊണ്ട് വിടാനും തിരിച്ചു കൊണ്ടുപോകാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുത്താണ് കൂടെ വന്നത്, അങ്ങനെ ഞാനും ക്ലാസ്സിൽ എത്തി. കൗമാരം കഴിഞ്ഞ ഊർജ്ജസ്വലയായ പൈലറ്റ് ട്രെയിനിങ് ചെയ്യുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ, യോഗ ക്ലാസ് എന്നത് ഞാൻ തീർച്ചയായും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നില്ല .

ജിം ട്രെയിനർ പോലൊരാൾ വന്നിട്ട് ഞങ്ങൾക്ക് ചില യോഗ രീതികൾ കാണിച്ചു തരുമെന്ന് പ്രതീക്ഷിച്ച് ഞാൻ ഒട്ടും താല്പര്യമില്ലാതെ ക്ലാസിലിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം എന്നെ തീർത്തും നിരാശപ്പെടുത്തികൊണ്ട്, വെളുത്ത കുർത്തയും ദോത്തിയും ധരിച്ച താടിയുള്ള ഒരാൾ വളരെ ശാന്തതയോടെ ക്ലാസ്സിലേക്ക് വന്നു. അതൊരു മികച്ച തുടക്കമായിരുന്നില്ല. സദ്ഗുരുവിൻ്റെ ശബ്ദം വളരെ ആകർഷണീയമായി തോന്നിയെങ്കിലും ഞാൻ ക്ലാസ് അത്രക്കൊന്നും ശ്രദ്ധിച്ചില്ല. പിറ്റേ ദിവസം ഞാൻ ശരിക്കും കുറച്ച് നേരത്തെ എത്തി , അദ്ദേഹത്തിൻ്റെ പാർക്കിംഗ് സ്ഥലം കൈക്കലാക്കി! അങ്ങനെ ചെയ്തതിലുള്ള സംതൃപ്തിയില്‍ അന്ന് ഞാൻ ക്ലാസ്സിൽ പോയി ഇരുന്നു, എന്നാൽ രണ്ടാമത്തെ ദിവസം ഞങ്ങൾക്ക് വളരെ വ്യത്യസ്തതമായി തോന്നി. തിരിച്ചു പോകുന്ന വഴി, സാധാരണ ഞങ്ങൾ നിർത്താതെ സംസാരിക്കുന്ന സഹോദരിമാരായിരുന്നു, പക്ഷെ അന്ന് ഒരക്ഷരം പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. മൂന്നാമത്തെ ദിവസം അദ്ദേഹത്തിൻ്റെ പാർക്കിംഗ് സ്ഥലം ഒഴിവായിരുന്നു, എന്നിട്ടും അതെടുക്കേണ്ടെന്ന് ഞാൻ വിചാരിച്ചു. ആ ദിവസം ഞാൻ ശ്രദ്ധയോടെ ഇരുന്നു, അദ്ദേഹം പറഞ്ഞ ഓരോ വാക്കും പൂർണ്ണമായും ശ്രദ്ധിച്ചു. ക്ലാസിനു ശേഷം എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അദ്ദേഹം എൻ്റെ അടുത്ത് വന്ന് എൻ്റെ വിമാനയാത്ര അനുഭവങ്ങളെ കുറിച്ച് ചോദിച്ചു .

ആ രാത്രി ഞാനുറങ്ങിയില്ല.

ആത്മീയ പാതയെ കുറിച്ചോ ബോധോദയത്തെ കുറിച്ചോ ഒരു ഗുരു എന്താണെന്നോ ഒന്നും എനിക്ക് യാതൊരു സങ്കല്‍പ്പവും ഉണ്ടായിരുന്നില്ല. സദ്‌ഗുരു ആരാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ അദ്ദേഹത്തെ എന്നെന്നേക്കുമായി അറിയാമെന്ന് എനിക്ക് തോന്നി. ഈ പാത എന്തായാലും എൻ്റെ ജീവിതമാകുമെന്ന് ആ ദിവസം എൻ്റെ ഉള്ളിൽ ഒരു വ്യക്തത ഉണ്ടായിരുന്നു, പക്ഷേ എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. അന്നുമുതൽ ഞാൻ സജീവമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. ഞാൻ വളരെ ചെറുപ്പമായതിനാൽ, ഈ പാതയിലൂടെ സഞ്ചരിക്കുന്നതിൻ്റെ അർത്ഥമെന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായോ എന്ന് എൻ്റെ മാതാപിതാക്കൾ ആശങ്കാകുലരായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അവർ സദ്ഗുരുവിനെ കണ്ടു. മീറ്റിംഗിന് ശേഷം, 3 മാസത്തെ ഇടവേള എടുക്കാനും ഇത് തന്നെയാണോ എനിക്ക് ശെരിക്കും വേണ്ടത് എന്നു നോക്കാനും സദ്ഗുരു എന്നെ ഉപദേശിച്ചു. എൻ്റെ മാതാപിതാക്കൾ എന്നെ UK യിലേക്ക് പറഞ്ഞയച്ചു, പക്ഷേ തീർച്ചയായും, എൻ്റെ വ്യക്തത യഥാർത്ഥമായിരുന്നു, 90 ദിവസത്തെ ഹോള്‍നെസ്സ് പ്രോഗ്രാമിനായി (Wholeness Programme ) ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി.

എൻ്റെ തീരുമാനത്തെ മാനിക്കുകയും മുന്നോട്ടുള്ള എൻ്റെ യാത്രയെ അനുഗ്രഹിക്കുകയും ചെയ്ത എൻ്റെ മാതാപിതാക്കളോട് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു .

യോഗാധ്യാപകനിൽ നിന്ന് ഗുരുവിലേക്ക്

90 ദിവസത്തെ ഹോള്‍നെസ്സ് പരിപാടിയിൽ (Wholeness Programme ) ഞാൻ കണ്ട സദ്ഗുരു, അദ്ദേഹവുമായുള്ള എന്റെ ബന്ധത്തെ പലരീതിയിൽ പക്വതപ്പെടുത്തി. ഓരോ ദിവസവും അദ്ദേഹം വ്യത്യസ്തമായാണ് കാണപ്പെട്ടത് എന്ന്‍ മാത്രമല്ല, വ്യത്യസ്ത ഊർജ്ജം പുറപ്പെടുവിക്കുകയും ചെയ്തു. ആദ്യത്തെ മുപ്പത് ദിവസം, അദ്ദേഹം ഓരോ ദിവസവും പുതിയതും എന്നാൽ ശക്തവുമായ ധ്യാനം നടത്തും. ഞങ്ങളിൽ പലർക്കും നമ്മുടെ സാധാരണ ബോധത്തിന് അതീതമായ ജീവിത ദർശനങ്ങളുണ്ടായി. 90 ദിവസത്തിന്റെ അവസാനം, എനിക്ക് അനുഭവപ്പെട്ടു ഞങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ശിഷ്യരിലേക്കും തുടര്‍ന്ന്‍ ഭക്തരായും മാറി എന്ന്, അതോടൊപ്പം സദ്ഗുരു ഒരു യോഗാധ്യാപകനിൽ നിന്ന് ആത്മീയഗുരുവിലേക്കും രൂപാന്തരപ്പെട്ടു. ഞങ്ങളിൽ ഒരാളും ഇത് സ്വയം വ്യക്തമാക്കിയില്ല, പക്ഷെ അത് മനപൂര്‍വ്വമല്ലാതെ സംഭവിച്ചു. ഹോള്‍നെസ്സ് പരിപാടിക്ക് (Wholeness Programme ) ശേഷം ഞാൻ ഒരു മുഴുവൻ സമയ താമസക്കാരിയായി തുടർന്നു- ഇതില്‍ ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യം ഇല്ലാതായിരുന്നു. തിരഞ്ഞെടുപ്പുകളില്ലാതെ ഈ പാതയില്‍ നടക്കുക എന്നതിന്റെ അർത്ഥം എനിക്ക് താമസിയാതെ ആസ്വദിക്കാൻ കഴിഞ്ഞു.  

എന്റെ സന്തുലനാവസ്ഥ കണ്ടെത്തുന്നു

ഹോള്‍നെസ്സ് പ്രോഗ്രാമിന് ശേഷം, ദിവസംതോറും എന്റെ ഉള്ളിൽ തന്നെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും മൂർദ്ധന്യാവസ്ഥകൾ അഭിമുഖീകരിക്കുന്ന തരത്തിൽ എന്റെ ഊർജ്ജം വികസിച്ചു. ഒരു 20 വയസ്സുള്ള പെൺകുട്ടിക്ക്, പലപ്പോഴും അതെല്ലാം സഹിക്കാൻ പറ്റുന്നതായിരുന്നില്ല. എന്റെ മനസ്സിലെ ആഴങ്ങളില്‍ അങ്ങേയറ്റം എത്തിയെന്ന്‍ എനിക്ക് തോന്നിയ ഒരു ദിവസം, ഞാൻ സഹായത്തിനായി സദ്ഗുരുവിനെ വിളിച്ചു. “ഇതിൽ നിന്ന് പുറത്തുവരാൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും ഞാൻ നിനക്ക് തന്നിട്ടുണ്ട്, " എന്ന് മാത്രം പറഞ്ഞ അദ്ദേഹം ഫോൺ താഴെ വെച്ചു. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ച് എന്റെ സ്വന്തം സാധനയുടെ ഷെഡ്യൂൾ തയ്യാറാക്കി. അടുത്ത 48 ദിവസം, എന്റെ പ്രഭാത പരിശീലനത്തിനും ഭക്ഷണത്തിനും ശേഷം, രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെ, ഞങ്ങൾ ശിവലയ എന്ന് വിളിച്ചിരുന്ന ഒരു വേപ്പിമരത്തിനടിയിലെ ഒരു കല്ലിൽ ഞാൻ ഇരുന്നു, 3 മണിക്കൂർ ഓം മന്ത്രോച്ചാരണവും 3 മണിക്കൂർ സുഖക്രിയയും അതിനു ശേഷം സംയമ ധ്യാനവും ചെയ്തു. വൈകുന്നേരം സദ്ഗുരു സാന്നിദ്ധ്യത്തിനും ,വൈകുന്നേരത്തെ പരിശീലനത്തിനും വേണ്ടി മാത്രമേ ഞാൻ ഭൂമിയിൽ കാൽ വെയ്ക്കുകയുള്ളൂ. സംയമയോട് കൂടിയ സാധന എനിക്ക് അന്തരിക സന്തുലനാവസ്ഥ നേടി തന്നു. ഈ പാതയിലേക്ക് എത്തിപ്പെട്ടത് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. 1996 ൽ ഞാൻ ബ്രഹ്മചര്യയിലേക്ക് ഉപനയനം ചെയ്യപ്പെട്ടു .  

വിജി അക്കയുടെ ബിസിബെലെ ഭാത്ത്

തുടക്കത്തിൽ ഞങ്ങൾ അഞ്ചു പേര് മാത്രമായിരുന്നു ആശ്രമത്തിലുണ്ടായിരുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടി ഞങ്ങൾക്ക് വേണ്ടി വിറകടുപ്പിൽ പാചകം ചെയ്യുമായിരുന്നു. ഒരു ചെറിയ ഷെഡിനെ അടുക്കളയും ഡൈനിങ്ങ് ഹാളുമായി ഉപയോഗിച്ചു. ഞാൻ പാട്ടിയെ അവരുടെ ജോലിയിൽ സഹായിക്കുമായിരുന്നു. ആശ്രമത്തിലുള്ളപ്പോൾ സദ്ഗുരു ഞങ്ങളോടൊപ്പം പച്ചക്കറി മുറിക്കാൻ കൂടും. ഒരിക്കൽ വിജ്‌ജി അക്ക ഞങ്ങൾക്കായി ബിസിബെലെ ഭാത്ത് ഉണ്ടാക്കി. അക്ക പ്രശംസ പ്രതീക്ഷിച്ച് സദ്ഗുരുവിനോട് അതെങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു , "ഹ്മം... വളരെ നല്ല സാംബാർ സാദം !" വിജി അക്കയുടെ മുഖം വാടി. അവരുടെ കളിയാക്കലുകൾ ഞങ്ങൾ വളരെ അധികം ആസ്വദിച്ചിരുന്നു.

sadhgurus-wife-vijjimaa-samadhi

വിജിയും ഞാനും തുടക്കം മുതൽ പരസ്പരം നല്ല അടുപ്പത്തിലായിരുന്നു. ആശ്രമത്തിലായിരിക്കുമ്പോഴെല്ലാം ഞങ്ങൾ ഒരുമിച്ച് ഞങ്ങളുടെ സാധന ചെയ്യാറുണ്ടായിരുന്നു. വിജി ശരീരം ഉപേക്ഷിച്ച ദിവസം മുഴുവൻ ഞാൻ അവരുടെ കൂടെയുണ്ടായിരുന്നു.

1997 ജനുവരി 23, പൗർണ്ണമി ദിനത്തിൽ സദ്ഗുരു എന്നെ വിളിച്ച്, വിജിയുടെ കൂടെയുണ്ടാവാൻ ആവശ്യപ്പെട്ടു. വിജി ഒരു പ്രത്യേക സാധനയിലായിരുന്നു, അതിനാൽ ഞാൻ അവളോടൊപ്പം ധ്യാനിക്കുകയോ അല്ലെങ്കിൽ ബ്രഹ്മചാരികൾക്ക് ഭക്ഷണം തയ്യാറാക്കാൻ അവളെ സഹായിക്കുകയോ ചെയ്തു. പൗർണമി ദിനത്തിൽ അവൾ ഞങ്ങൾക്ക് ഭക്ഷണം വിളമ്പുമായിരുന്നു. ഞങ്ങളുടെ ആദ്യ ധ്യാനത്തിന് ശേഷം, അവൾ നേരെ സദ്ഗുരുവിന്റ ഡെസ്‌കിനടുത്തേക്ക് പോയി അവിടെ നിന്ന് ഒരു ഡയറിയെടുത്ത് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു, "ഇനി മുതൽ ജഗ്ഗിയുടെ എല്ലാ കൂടിക്കാഴ്ചകളും ഇതിലെഴുതി അദ്ദേഹത്തെ ഏൽപ്പിക്കണം." ഞാൻ ചെറുതായി എതിർത്തു. സദ്ഗുരുവിന്റെ കൂടിക്കാഴ്ചകളെല്ലാം വിജി അറിഞ്ഞ് അത് അദ്ദേഹത്തെ അറിയിക്കുന്നതിൽ ഞാൻ വളരെ തൃപ്തയായിരുന്നു. അത് വളരെ നന്നായി നടക്കുന്നുമുണ്ടായിരുന്നു. അതിനാൽ അവരെന്തിനാണ് അതിൽ മാറ്റം വരുത്തുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ വിജി നിർബന്ധിച്ചു. ഞാനെന്തായാലും അത് ചെയ്യാൻ പോകുന്നില്ലെന്ന് ചിന്തയിൽ ഡയറി വാങ്ങി വെച്ചു. അതെ ദിവസം വൈകിട്ട് തന്നെ ശരീരം ഉപേക്ഷിക്കാനാണ് അവരുടെ മഹത്തായ തീരുമാനം എന്നത് ഞാനറിഞ്ഞിരുന്നില്ല.

ആ ഡയറി ഈ ദിവസം വരെ എന്റെ കെയിലുണ്ട്. അത് അവരുടെ ഓർമ്മക്കായിട്ടല്ല മറിച്ച് ഇവിടെ നിലനിൽക്കുന്ന ഒരു വലിയ സാധ്യതയുടെ ഓർമപ്പെടുത്തലയിട്ടാണ് ഞാൻ സൂക്ഷിക്കുന്നത്. എന്റെ നിരാശയുടെയും മടുപ്പിന്റെയും നിമിഷങ്ങളിൽ അതെന്നെ മുന്നോട്ട് കൊണ്ടുപോകുന്നു.

പ്രതിഷ്ഠാപനത്തിന്റെ വില

അതിനിടക്ക് സദ്ഗുരെ ധ്യാനലിംഗ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഊർജ്ജ പ്രക്രിയകൾ ചെയ്തു തുടങ്ങിയിരുന്നു, ശരിക്കും അത് എന്താണെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു രൂപവുമുണ്ടായിരുന്നില്ല. ആ പ്രതിഷ്ഠക്കു ശേഷം ശരീരം വെടിയുമെന്നു തീരുമാനിച്ചതിനാൽ സദ്ഗുരു ഞങ്ങളെയെല്ലാം അതിനായി സജ്ജരാക്കുകയായിരുന്നു- ശരിക്കും അദ്ദേഹം തന്റെ സമാധി ആദ്യമേ നിർമിച്ചിരുന്നു. ഞങ്ങൾ വളരെ ആശങ്കാകുലരായി; ധ്യാനലിംഗ പ്രതിഷ്ഠ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും സദ്ഗുരുവിന്റെ ജീവനായിരുന്നു ഞങ്ങൾക്ക് ഏറ്റവും വിലപിടിച്ചത്. അതിനാൽ ആ സാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയില്ലായിരുന്നു. ഞങ്ങൾ ബ്രഹ്മചാരികളെല്ലാം കൂടെ അദ്ദേഹത്തിന്റെ ജീവിതം എളുപ്പമായിരിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ഞങ്ങളെല്ലാം ചെറുപ്പക്കാരായിരുന്നു, അതിനാൽ ഞങ്ങൾ ആദ്യം തീരുമാനിച്ചത് ഞങ്ങൾ തമ്മിൽ വഴക്കിടില്ല എന്നായിരുന്നു. ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് സദ്ഗുരുവിനെ ബുദ്ധിമുട്ടിക്കാതെ അത് ഞങ്ങളുടെ ഇടയിൽ തന്നെ തീർക്കാമെന്നും തീരുമാനിച്ചു. രണ്ടാമതായി അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ഞങ്ങൾ ചിത്ത് ശക്തി ധ്യാനം ചെയ്യാൻ തുടങ്ങി. ആ ധ്യാനം ഞങ്ങൾ കുറെ ആഴ്ചകളോളം എല്ലാ ദിവസവും ചെയ്തു. .

പ്രതിഷ്ഠയുടെ അവസാനം അടുത്തുകൊണ്ടിരിക്കെ, അവസാന പ്രതിഷ്ഠക്ക് തന്റെ ശരീരം പൂർണ്ണ സജ്ജമാകേണ്ടതിനാൽ ആ ദിവസം എന്നാണെന്ന് സദ്ഗുരു ഞങ്ങളോട് പറഞ്ഞിരുന്നില്ല. ആദ്യം അദ്ദേഹം പറഞ്ഞു അത് വേഗം തന്നെ നടക്കുമെന്ന്; പിന്നെ അദ്ദേഹം പറയാൻ തുടങ്ങി, "ശരി, ഒരുപക്ഷേ നാളെ, അല്ലെങ്കിൽ പിറ്റേന്ന്." ഞങ്ങൾ ആ ദിവസത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 1999 ജൂൺ 23 ന് സദ്‌ഗുരു പറഞ്ഞു, പ്രതിഷ്ഠ അടുത്ത ദിവസം നടക്കുമെന്ന്. ആ പ്രക്രിയയുടെ അവസാന ഘട്ടത്തിൽ അദ്ദേഹത്തെ ശല്യപ്പെടുത്താത്ത വളരെ അച്ചടക്കമുള്ള കുറച്ച് വോളന്റിയേഴ്‌സിനെ മാത്രം വിളിക്കാൻ എന്നോട് പറഞ്ഞിരുന്നു, അതുകൊണ്ടു തന്നെ ഞങ്ങൾ 150-200 ഓളം ആളുകൾ മണ്ഡപത്തില്‍ ഇരുന്നു.

dhyanalinga-consecration-pic

ആ പ്രക്രിയയ്ക്കിടയിൽ, ക്ഷണിക്കപ്പെട്ട ധ്യാനികൾ ലിംഗത്തിലേക്ക് പുറംതിരിഞ്ഞിരുന്നു ഇരുന്നു, ബ്രഹ്മചാരിമാർ ലിംഗത്തിന് അഭിമുഖമായി ഇരുന്നു. സദ്‌ഗുരു അവുദയാറിലായിരുന്നു( ലിംഗം വെച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ആധാര ശില). ഒരു പ്രത്യേക പ്രക്രിയയുടെ അവസാനത്തിൽ അദ്ദേഹം "ആഗ്ന" എന്ന് പറഞ്ഞു. ഞങ്ങൾ അദ്ദേഹം നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുകയും പ്രക്രിയയ്‌ക്കൊപ്പം പോകുകയും ചെയ്തു. തുടർന്ന് അദ്ദേഹം "വിശുദ്ധി", "അനാഹത" എന്ന് പറഞ്ഞു. "മണിപ്പുരക" എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കഠിനമായ വേദനയിലെന്ന പോലെ മുന്നോട്ട് കുനിഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു, "സ്വാദിഷ്ഠനാ ", അപ്പോൾ അദ്ദേഹത്തിന്റെ കാലുകൾ തീരെ അസ്ഥിരമായി കാണപ്പെട്ടു. അത് കണ്ട് ഞാൻ എൻറെ കാൽവിരലുകളിൽ ആണിരുന്നത്. ഒടുവിൽ, "മുലധാര" എന്ന് പറയുന്നത് ഞങ്ങൾ കേട്ടു, അടുത്തതായി അദ്ദേഹം താഴെ വീഴുന്നതാണ് കണ്ടത്. ഉടനെ ഞാൻ ഓടി അദ്ദേഹത്തിന്റെ തല അവഡിയാർ കല്ലിൽ ഇടിക്കാതിരിക്കാൻ എന്റെ കൈ അദ്ദേഹത്തിന്റെ തലക്കടിയിൽ വെച്ചു, അപ്പോളേക്കും മറ്റ് ബ്രഹ്മചാരികളെല്ലാം ചുറ്റുമെത്തി.

ഞങ്ങൾ അദ്ദേഹത്തെ പുറത്തെത്തിച്ച് വാഹനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിച്ചു. അടുത്ത മൂന്നു ദിവസത്തിന് ശേഷം, വോളന്റിയേഴ്സിന്റെ കൂട്ടായ്മയില്‍ വളരെ കുറച്ചു സമയത്തേക്കല്ലാതെ അദ്ദേഹത്തെ കണ്ടതേയില്ല. അതിനുപോലും അദ്ദേഹത്തിന് ബ്രഹ്മചാരികളുടെ സഹായം വേണമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ശുഭകരമായ വാർത്ത കേൾക്കാനായി ഞാൻ വളരെ അസ്വസ്ഥയായിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം എനിക്ക് അദ്ദേഹത്തെ കാണാൻ ചെല്ലാനായി ഒരു സന്ദേശം ലഭിച്ചു. ഞാൻ ചെല്ലുമ്പോൾ അദ്ദേഹം തന്റെ ചാരുകസേരയിൽ യശസ്സോടെ ഇരിക്കുകയായിരുന്നു ഞാൻ അദ്ദേഹത്തെ മുറുകെ പിടിച്ച് കരഞ്ഞു. അദ്ദേഹവും കണ്ണീരിലായിരുന്നു. ആ നിമിഷം എല്ലാം സമ്പൂർണ്ണമായിരുന്നു. അദ്ദേഹം അവിടെയുണ്ട്, ജീവനോടെ .... ഞങ്ങളോടൊപ്പം.  

ഈശയുടെ വളർച്ച

പ്രതിഷ്ഠ പൂർത്തിയായതോടെ, ഞങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിക്കുകയും, ഞങ്ങൾ എല്ലാവരും പലജോലികൾ ഒരേ സമയം ചെയ്യുകയും ചെയ്തു. വീട്ടുജോലി, അടുക്കളജോലി, ആശ്രമ കാര്യനിർവഹണം അങ്ങനെ എന്റെ സ്വന്തം പ്രവർത്തനങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു. സദ്‌ഗുരുവിനെക്കുറിച്ചുള്ള ഒരു കാര്യമെന്താണെന്നു വെച്ചാൽ അദ്ദേഹം എല്ലാത്തിനെയും വളരെ ആഘോഷപൂർവ്വം ആക്കുന്നു, അതിനാൽ തന്നെ ഞങ്ങൾ രാവും പകലും ജോലിചെയ്യുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് ചുറ്റും വളരെയധികം ആഹ്ളാദമുണ്ടായിരുന്നു.

അടിസ്ഥാനസൗകര്യങ്ങളും മറ്റു കാര്യങ്ങളും ഒരുക്കുന്നത് പോലും രസകരമായിരുന്നു. സ്വാമി നിസർഗ്ഗയും ഞാനും സ്പന്ദ ഹാളിൽ ഒരു പുതിയ അടുക്കള ശരിയാക്കാൻ തീരുമാനിച്ചത് ഞാനോർക്കുന്നു. അതിനുള്ള മാർഗ നിർദേശങ്ങൾക്കും പാത്രങ്ങൾക്കും വേണ്ടി പിന്നീട് ഞാനൊരു ചെട്ടിയാർ കുടുംബവുമായി ചര്‍ച്ച ചെയ്തു. ചെട്ടിയാർ കുടുംബം അവർക്ക് സ്ത്രീധനമായി പാത്രങ്ങളുടെ ഒരു വലിയ ശേഖരം നൽകുന്നതിന് അറിയപ്പെട്ടവര്‍ ആണ് (സ്വർണ്ണവും വജ്രങ്ങളും ഒഴികെ! ), അവർ അവരുടെ പാത്രങ്ങളെല്ലാം നാമമാത്രമായ വിലക്ക് ഞങ്ങള്‍ക്ക് തന്നു. അവരുടെ സ്ത്രീധനത്തിൽ നിന്ന് സ്പൂണുകളും, കിണ്ണങ്ങളും, പ്ലേറ്റുകളും, വിളമ്പാനുള്ള തവികളും, ഗ്ലാസുകളും വലിയ പാത്രങ്ങളും തിരഞ്ഞെടുത്തത് ഞങ്ങൾ വളരെ ആസ്വദിച്ചു. അങ്ങനെ ഒരു സ്ത്രീയുടെ സ്ത്രീധനം കൊണ്ട് ഞങ്ങൾ ഞങ്ങളുടെ മൊത്തം അടുക്കള സെറ്റ് ചെയ്തു !

കൂടാതെ ഞങ്ങൾ ഓരോ മാസവും ചെയ്യാന്‍ ഒരു പുതിയ ആചാരം ആരംഭിച്ചു. ഞങ്ങളെല്ലാവരും മാസത്തിൽ ഒരു തവണ ഒരുമിച്ച് അടുക്കളയിൽ ഒത്തുകൂടും - കുറച്ചുപേർ പാചകം ചെയ്യാൻ, കുറച്ചുപേർ സഹായിക്കാൻ മറ്റുള്ളവർ വെറുതെ ബുദ്ധിമുട്ടിക്കാനും. ആ ദിവസം ഞങ്ങൾ ഒരുമിച്ച് പൂന്തോട്ടത്തിലിരുന്നാണ് ഭക്ഷണം കഴിക്കുക, ആശ്രമത്തിലുള്ളപ്പോൾ സദ്ഗുരുവും ഞങ്ങളോടൊപ്പം കൂടും. ഒരിക്കൽ അദ്ദേഹം പറഞ്ഞു എല്ലാ പൗര്ണമിയിലും ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുക- എല്ലാ ലൈറ്റുകളും അണച്ച് നിലാവെളിച്ചത്തിൽ ഭക്ഷണം കഴിക്കു. അങ്ങനെയാണ് ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ട "മൂൺലൈറ്റ് ഡിന്നർ" തുടങ്ങുന്നത്.

ഒരു അപ്രതീക്ഷിത വെളിപാട്

kailash-manasarovar-lake-maa-gambiri

പിന്നീടുള്ള വർഷങ്ങളിൽ ഈശ യാത്ര എന്റെ പ്രധാന ഉത്തരവാദിത്തമായി മാറിയപ്പോള്‍, കൈലാസ് മാനസസരോവർ യാത്രക്ക് മെഡിറ്റെറ്റെരസ്- നെയും കൊണ്ടുപോകുന്നതിനായി, അതിനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ സദ്ഗുരു എന്നോട് പറഞ്ഞു. അങ്ങനെ 2006 -ൽ, ഞങ്ങൾ ആദ്യത്തെ 160 പേരെ ആ പുണ്യ യാത്രക്ക് കൊണ്ടുപോയി. ഞാൻ ഓരോ ജോലികൾ സംഘടിപ്പിക്കുന്ന തിരക്കിലായതിനാൽ കൈലാസത്തെ കുറിച്ചോ മനസസരോവറിനെ കുറിച്ചോ, അതിലുള്ള ആത്മീയ തലത്തെപ്പറ്റിയോ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

യാത്രയിൽ ഒരു സ്ഥലത്ത് സദ്ഗുരുവിന്റെ ജീപ്പ് നിർത്തി, അദ്ദേഹം പുറത്തിറങ്ങുന്നത് കണ്ടപ്പോൾ ഞാനും എന്റെ വണ്ടിയിൽ നിന്ന് ഇറങ്ങി പുറകെ പോയി. നേരെ അകലെ ഒരു വലിയ തടാകമുണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ എന്തോ എന്റെ ഉള്ളിൽ മാറിമറിഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയും ശക്തമായ ഒരു സ്ഥലത്തേക്കുള്ള തീർത്ഥാടനത്തിലാണ് ഞാനെന്ന്, അതുവരെ കരുതിയിരുന്നില്ല- എല്ലാം സംഘടിപ്പിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. ഞാൻ സദ്ഗുരുവിനെ തിരിഞ്ഞു നോക്കി, അദ്ദേഹവും കണ്ണീരിലായിരുന്നു. അതിനുശേഷം, ഓരോ വർഷവും കൈലാഷ് മാനസരോവർ യാത്ര സംഘടിപ്പിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മെഡിറ്റേറ്റേഴ്സിനെ സുരക്ഷിതമായി ചൈനയിലെ തരിശായി കിടക്കുന്ന പ്രദേശത്തേക്ക് അയയ്ക്കുന്നത്, തരണം ചെയ്യാനാവാത്ത വിദ്യയാണെങ്കിലും ഈ ഉത്തരവാദിത്തം ലഭിക്കുന്നത് ഭാഗ്യവും അനുഗ്രഹവുമാണെന്ന് ഞാൻ കരുതുന്നു.

വേദനയുടെ ആനന്ദം

 

2009 ലെ യാത്രയ്ക്കിടെ വളരെ വ്യത്യസ്തമായ ഒരനുഭവം എനിക്കുണ്ടായി .

കൈലാസിലേക്ക് പോകുമ്പോൾ, ഒരു അപകടം സംഭവിച്ച് എന്റെ കൈത്തണ്ടയിൽ ഒന്നിലധികം ഒടിവുകൾ ഉണ്ടായി. ഭാഗ്യവശാൽ ഞങ്ങളുടെ ഡോക്ടർമാരിലൊരാൾ പത്ത് മിനിറ്റിനുള്ളിൽ അവിടെയെത്തി അത് താൽക്കാലികമായി ശരിയാക്കി. അപ്പോഴും വേദന അസഹനീയമായിരുന്നു. അവർ എനിക്ക് നിരവധി കുത്തിവയ്പ്പുകളും വേദനസംഹാരികളും നൽകി, പക്ഷേ ഒരു കാര്യവുമുണ്ടായില്ല, വേദന കൊണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .അടുത്ത എന്റെ റൂം മേറ്റ് ഉറങ്ങുന്നുണ്ടായിരുന്നു, ജനലിലൂടെ കൈലാസവും നോക്കി ഞാൻ തലയിണകളിൽ ചാരി ഇരുന്നു. ചില സമയങ്ങളിൽ, ഞാൻ എന്റെ ഉള്ളിൽ "ശംഭോ" എന്ന് ചൊല്ലുന്നുണ്ടായിരുന്നു, പിന്നീട് പെട്ടെന്ന് ഞാൻ അതേ രീതിയിൽ "സദ്ഗുരു" എന്ന് ചൊല്ലിക്കൊണ്ടിരുന്നു. ഞാൻ അങ്ങനെ മന്ത്രിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് തുടർച്ചയായി നടന്നുകൊണ്ടിരുന്നു . നമുക്ക് "സദ്ഗുരു" എന്ന് ചൊല്ലാമെന്ന് പോലും എനിക്കറിയില്ലായിരുന്നു! പതുക്കെ ഞാനും വേദനയും തമ്മിൽ ഒരു അകലമുണ്ടെന്ന് മനസ്സിലായി. കഠിനമായ വേദന അപ്പോഴും അവിടെ ഉണ്ടായിരുന്നു, എന്നാൽ ഞാൻ വേദനയിലല്ലായിരുന്നു

ആ വർഷം ഞാൻ കൈലാസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, എന്റെ ഉള്ളിൽ അടിസ്ഥാനപരമായ എന്തോ ഒരു മാറ്റം വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. "എന്നാൽ അതെന്താണ്?" എന്ന് ഞാൻ അത്ഭുതപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ മനസ്സിലാക്കി, ബാല്യകാലം മുതൽ ഇന്നോളം ഞാനെത്രത്തോളം സന്തോഷം അനുഭവിച്ചിട്ടുണ്ടോ അത്രയും തന്നെ അനിർവചനീയമായ വേദന എന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് - ആ വേദന ഇല്ലാതായിരിക്കുന്നു!

പിന്നീടൊരിക്കൽ എനിക്ക് ക്ഷീണം അനുഭവപെട്ടപ്പോൾ, ശിവപാദത്തിലേക്ക് സാധാരണ ചെയ്യാറുള്ള സായാഹ്‌ന നടത്തത്തിനു പോയി. അങ്ങനെ നടക്കുമ്പോൾ എനിക്ക് ശാന്തമായ ഒരു കാറ്റ് അനുഭവപ്പെട്ടു, അപ്പോൾ എന്റെ പരിധിക്കപ്പുറം ഒരു ശാന്തത അനുഭവപ്പെട്ടു. ഞാൻ പതുക്കെ പർവതത്തിലേക്ക് നോക്കി. എല്ലത്തിനെയും ഉൾക്കൊള്ളുന്നതിന്റെ ഒരു അവബോധം എന്നിൽ പടരുന്നതായി അനുഭവപ്പെട്ടു. ആകാശം, പർവതങ്ങൾ, കാറ്റ്, മരങ്ങൾ, ചുറ്റുമുള്ള ജീവിതങ്ങളെല്ലാം എന്റെ ഉള്ളിൽ ഒന്നായി അനുഭവപ്പെട്ടു. ആ തോന്നൽ കുറച്ചുകാലം നീണ്ടുനിന്നു. അതിനുശേഷം ദിവസങ്ങളോളം, ഭൂമിയുടെ സ്പർശനവുമായി എനിക്ക് വലിയ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ ഞാൻ നഗ്നപാദനയായി നടന്നു, എന്റെ ഉള്ളിൽ ആഴത്തിലുള്ള നിശബ്ദത അനുഭവപ്പെട്ടു.

ഏറ്റവും മനോഹരവും പരിവർത്തനാത്മകവുമായ മാറ്റങ്ങൾ എനിക്ക് സംഭവിച്ചത്, ഞാനവയെ ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ ആയിരുന്നു .

ദൈവങ്ങളുടെ അസൂയ

on-the-path-of-the-divine-maa-gambiri-and-sadhguru-pic

ഒരു ചെറിയ സ്ഥലത്തെ എളിയ തുടക്കം മുതൽ, സദ്ഗുരുവിനെ ആരാണെന്ന് ലോകം തിരിച്ചറിയുന്ന ഒരു കാലത്തെക്കുറിച്ച് ആദ്യ വർഷങ്ങളിൽ ഞങ്ങൾ സ്വപ്നം കാണാറുണ്ടായിരുന്നു. ഒടുവിൽ അത് സംഭവിക്കുന്നത് കാണുന്നത് അങ്ങേയറ്റം ഹൃദയസ്പർശിയാണ്. സദ്ഗുരുവിനൊപ്പം ഈ ആശ്രമഭൂമിയുടെ തിരച്ചിലിൽ മുതൽ ഇന്നുവരെ, ഈ യാത്രയിൽ ഉടനീളം ഉണ്ടാകാനായത് എന്റെ ഭാഗ്യമാണ്. ദൈവങ്ങൾ പോലും അസൂയപ്പെടുന്ന ഒരു ഇടം നാം സൃഷ്ടിക്കണമെന്ന് സദ്ഗുരു ഒരിക്കൽ പറഞ്ഞിരുന്നു. ശരിയാണ് അത് സൃഷ്ടിക്കുന്ന ആളുടെ കൂടെയാണ് ഞാനുള്ളത്.