ചോദ്യം: സദ്ഗുരു, എന്തു കൊണ്ടാണ് ആത്മീയതയ്ക്ക് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാകുന്നത്?  

 

സദ്ഗുരു: ആത്മീയമായ ഒരു പ്രക്രിയയെന്നതിനര്‍ത്ഥം നിങ്ങള്‍ ഒരു അന്വേഷിയായിരിയ്ക്കുന്നുവെന്നാണ്. മതപരനായ ഒരു വ്യക്തിയെന്നാല്‍ നിങ്ങള്‍ ഒരു വിശ്വാസിയായിരിയ്ക്കുന്നുവെന്നും. നിര്‍ഭാഗ്യവശാല്‍, അക്കാദമിക്കുകളും ശാസ്ത്രജ്ഞരും ഇപ്പോള്‍ വിശ്വാസികളായി കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയും ഒരു ആത്മാന്വേഷകനും തികഞ്ഞ പൊരുത്തമുള്ളവരാണ്. വേഗത്തിലും ബുദ്ധിപരമായും ചിന്തിയ്ക്കാന്‍ കഴിവുള്ള ഏതൊരു വ്യക്തിയും പ്രകൃത്യാ തന്നെ ഏതെങ്കിലും വിധത്തില്‍ ഒരു ആത്മാന്വേഷകനായിരിയ്ക്കും. അവര്‍ ഒരു പക്ഷെ സ്വയം ഈ വിധത്തില്‍ തങ്ങളെ തിരിച്ചറിയണമെന്നില്ല. എന്നാല്‍, എല്ലാം എന്തിനെക്കുറിച്ചാണെന്നറിയുന്നതിന് അവര്‍ ആഗ്രഹിയ്ക്കുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ ഒരു ആത്മാന്വേഷകനാണെന്നാണ്. എന്നാല്‍, എന്തെങ്കിലുമൊരു ഫലമുളവാകണമെന്ന ഉദ്ദേശ്യത്തോടെ നിങ്ങള്‍ സ്വന്തം അന്വേഷണത്തെ ആസൂത്രണം ചെയ്തിട്ടുണ്ടോ? അതല്ലെങ്കില്‍, ചെറുപ്പമായിരിയ്ക്കുമ്പോള്‍ അതുമിതുമെല്ലാം ചോദിയ്ക്കുകയും, എന്നാല്‍, മുപ്പതു വയസ്സാകുമ്പോഴേയ്ക്കും എല്ലാം വിസ്മരിയ്ക്കുകയും, എന്തിനൊക്കെയോ വേണ്ടി ഉഴറി നടന്നു കൊണ്ട് സ്വന്തം ജീവിതം ജീവിയ്ക്കുന്ന ആളുകളില്‍ ഒരാളാണോ നിങ്ങള്‍? ഭക്ഷണത്തിനു വേണ്ടി, പണത്തിനു വേണ്ടി, മറ്റെന്തിനോ വേണ്ടി ഉഴറി നടക്കുന്ന ഒരാള്‍? - ഇത്തരത്തിലാണ് ഭൂരിഭാഗം ആളുകളും സ്വന്തം ജീവിതം നയിയ്ക്കുന്നത്. 

ചോദ്യങ്ങള്‍ ജീവത്തായി നിലനിര്‍ത്തുക

 

നിങ്ങള്‍ നിര്‍ദ്ദിഷ്ട ചോദ്യങ്ങള്‍ ജീവത്തായി നിലനിര്‍ത്തുന്ന പക്ഷം സ്വാഭാവികമായി തന്നെ തന്നെ നിങ്ങളൊരു ആത്മാന്വേഷകനാണ്. എങ്ങനെയാണു നിങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തെ വെറുതെ ഉപേക്ഷിയ്ക്കാന്‍ കഴിയുക? സ്വന്തം ജീവിതം സംബന്ധിച്ച ഏതൊരു ചോദ്യത്തിനും നിങ്ങള്‍ക്ക് ഉത്തരം ലഭിയ്‌ക്കേണ്ടതാണ്. നിങ്ങളുടെ മനസ്സിനും ബുദ്ധിയ്ക്കും അതു സജീവമാക്കി നിലനിര്‍ത്തുന്നതിനുള്ള ശേഷിയുണ്ടാകില്ല. അല്പ കാലത്തിനു ശേഷം അതു വക്രതയുള്ളതായിത്തീരുന്നു. നിങ്ങള്‍ക്കു പത്തു വയസ്സുള്ളപ്പോള്‍ നിങ്ങള്‍ എങ്ങനെയായിരുന്നുവോ എന്നതില്‍ നിന്നും നിങ്ങള്‍ ഇപ്പോഴത്തെ നിങ്ങളിലേയ്ക്കു വന്നപ്പോള്‍ നിങ്ങള്‍ക്ക് അല്പം കൂടി വക്രത കൈവന്നിരിയ്ക്കുന്നു. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ക്കു മുപ്പതു വയസ്സാകുമ്പോഴേയ്ക്കും നിങ്ങള്‍ വളരെയധികം വക്രതയുള്ളവനായിട്ടുണ്ടാകും. നിങ്ങള്‍ക്കറിയില്ലെങ്കിലും നിങ്ങള്‍ ഇങ്ങനെ പറയാന്‍ തുടങ്ങുന്നു; ''ദൈവമാണ് മുഴുവന്‍ പ്രപഞ്ചത്തെയും സൃഷ്ടിച്ചത്.'.

 

പൊതുവെ ലോകത്തില്‍ ആളുകള്‍ മനസ്സിലാക്കിയിരിയ്ക്കുന്നത്, നിങ്ങള്‍ക്കു വാസ്തവത്തില്‍ അറിയാന്‍ പാടില്ലാത്ത എല്ലാക്കാര്യങ്ങളും ഒരു മുതിര്‍ന്ന വ്യക്തിയ്ക്ക് അറിയാമെന്നാണ്. മുതിര്‍ന്ന വ്യക്തിയാകട്ടെ തനിയ്ക്ക് അറിവില്ലാത്ത എല്ലാക്കാര്യങ്ങളും തനിയ്ക്ക് അറിയാമെന്ന മട്ടില്‍ പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത് ഇപ്രകാരമൊരു നിലപാടെടുക്കാനാണ്; ''എനിയ്ക്കറിയാവുന്ന കാര്യങ്ങള്‍ എനിയ്ക്കറിയാം. എനിയ്ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ എനിയ്ക്കറിയില്ല.'' 

സ്വന്തം മരണക്കിടക്കയില്‍പ്പോലും നിങ്ങള്‍ക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകില്ല. ഇതു ശരിയാണോ, അതോ, നിങ്ങള്‍ വെറുതെ ഊഹങ്ങള്‍ മെനയുമോ? ജീവിതകാലം മുഴുവന്‍ നീരീശ്വരവാദിയായി കഴിഞ്ഞിരുന്ന ധാരാളം ആളുകള്‍ തങ്ങളുടെ മരണം ആഗതമാകുമ്പോള്‍ പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങുന്നു. അവര്‍ക്കിപ്പോള്‍ കുറച്ചു നിശ്ചയാത്മകത വേണം. എന്നാല്‍ ആത്മീയ പ്രക്രിയ എന്നതിനര്‍ത്ഥം അനിശ്ചിതത്വത്തെ ആഘോഷിയ്ക്കലെന്നാണ്. ഈ ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണെന്നു നമുക്കറിയാം. നിശ്ചയാത്മകതയെക്കുറിച്ചുള്ള ഒരു വ്യാജധാരണ സൃഷ്ടിയ്ക്കുന്നതിനു പകരം ഈ അനിശ്ചിതത്വത്തെ കൈകാര്യം ചെയ്യുന്നതിന് എങ്ങനെ സ്വയം സജ്ജരാകാമെന്നു ചിന്തിക്കുകയാണു നമ്മള്‍ ചെയ്യുന്നത്. നിശ്ചയാത്മകതയെക്കുറിച്ചുള്ള വ്യാജ ധാരണ സൃഷ്ടിയ്ക്കാനാണ് എല്ലാവരും ശ്രമിയ്ക്കുന്നത്. ''ഓഹ്, ദൈവം അവിടെ ഇരിപ്പുണ്ട്, ആശങ്കപ്പെടേണ്ട. ദൈവം നിങ്ങളെ പരിപാലിച്ചു കൊള്ളും.''എന്നാല്‍ അതു പോലൊന്നും സംഭവിച്ചില്ല. നിങ്ങള്‍ നല്ല പോലെ പ്രവര്‍ത്തിച്ച കാര്യങ്ങള്‍ നല്ല ഫലം ചെയ്തു; നല്ല പോലെ പ്രവര്‍ത്തിയ്ക്കാത്ത കാര്യങ്ങള്‍ താറുമാറിലാകുകയും ചെയ്തു. എന്നാല്‍ വളരെയേറെ അനിശ്ചിതത്വങ്ങളുള്ളപ്പോള്‍, നമ്മള്‍ എല്ലാക്കാര്യങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍പ്പോലും, നാളെ പ്രഭാതത്തില്‍ നമ്മള്‍ മരിച്ചു വീഴാം. ഇതു സംഭവിക്കാം. . 

അനിശ്ചിതത്വത്തോടൊത്തു നൃത്തമാടല്‍

ആത്മവിശ്വാസവും, ഈശ്വരവിശ്വാസവും, പ്രത്യയശാസ്ത്രങ്ങളും ഇഴചേര്‍ന്ന ഒരു നിശ്ചയാത്മകതയെക്കുറിച്ചുള്ള വ്യാജമായ ധാരണ നിങ്ങളുടെ ജീവിതത്തിലേയ്ക്കു കൊണ്ടു വരാന്‍ ശ്രമിയ്ക്കുന്നതിനു പകരം, അനിശ്ചിതത്വത്തെ കൈകാര്യം ചെയ്യുന്നതിനു നിങ്ങളെ സജ്ജരാക്കുകയാണ് അനിശ്ചിതത്വം നിറഞ്ഞ ഈ പ്രപഞ്ചം ചെയ്യുന്നത്. നിശ്ചയാത്മകതയെക്കുറിച്ചുള്ള ഒരു നിശ്ചിത ധാരണ സൃഷ്ടിയ്ക്കുന്നതിനുള്ള ശ്രമത്തില്‍ നിങ്ങള്‍ സ്വന്തം അതിരുകളെ ചുരുക്കാന്‍ തുടങ്ങുന്നു. ആളുകള്‍ തങ്ങളെ വീണ്ടും വീണ്ടും ചെറുതാക്കാന്‍ തുടങ്ങുന്നു. കാരണം, വ്യാപ്തി കുറയുന്നതിനനുസരിച്ച് നിശ്ചയാത്മകത കൂടുന്നു. നിങ്ങള്‍ സ്വന്തം മുറിയില്‍ മാത്രമാണു ജീവിയ്ക്കുന്നതെങ്കില്‍, തൊണ്ണൂറു ശതമാനം കാര്യങ്ങളും നിങ്ങളാഗ്രഹിയ്ക്കുന്ന രീതിയിലായിരിയ്ക്കും നടക്കുന്നത്. ബാക്കി പത്തു ശതമാനം കാര്യങ്ങളാകട്ടെ പാറ്റകളും മറ്റും അവയുടേതായ രീതിയില്‍ ചെയ്തു കൊള്ളും! എന്നാല്‍ നിങ്ങള്‍ സ്വന്തം പ്രവൃത്തികളുടെ വ്യാപ്തി ഒരു പട്ടണത്തോളം വികസിപ്പിയ്ക്കുകയാണെങ്കില്‍, അന്‍പതു ശതമാനം കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന വിധത്തില്‍ സംഭവിയ്ക്കുകയും, അന്‍പതു ശതമാനം അനിശ്ചിതമായിരിയ്ക്കുകയും ചെയ്യും. നിങ്ങള്‍ സ്വന്തം പ്രവൃത്തികളുടെ വ്യാപ്തി മുഴുവന്‍ ഭൂഗോളത്തിലേയ്ക്കും വികസിപ്പിയ്ക്കുകയാണെങ്കില്‍, പത്തു ശതമാനം കാര്യങ്ങള്‍ പോലും നിങ്ങളുടെ ആഗ്രഹപ്രകാരം സംഭവിയ്ക്കില്ല, തൊണ്ണൂറു ശതമാനം കാര്യങ്ങള്‍ അനിശ്ചിതമായിരിയ്ക്കുകയും ചെയ്യും. അനിശ്ചിതത്വത്തോടൊത്തു നൃത്തം ചെയ്യാന്‍ ശീലിയ്ക്കുന്നുവെങ്കില്‍ മാത്രമേ നിങ്ങള്‍ക്കു ബൃഹത്തായ ഒരു ജീവിതം നയിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം, എല്ലാത്തിലും നിശ്ചയാത്മകത തേടിക്കൊണ്ട് നിങ്ങള്‍ സ്വന്തം ജീവിതത്തെ വളരെ ചെറുതാക്കുന്നു. ജീവിതത്തിന്‍റെ എല്ലാ സാദ്ധ്യതകളും നിങ്ങള്‍ ഇല്ലാതാക്കുന്നു. യുവത്വമെന്നത് നിങ്ങള്‍ക്കു നിശ്ചയാത്മകത തേടുന്നതിനുള്ള സമയവും പ്രായവുമല്ല. അനിശ്ചിതത്വതത്തെ കൈകാര്യം ചെയ്യുന്നതിനായി നിര്‍ബന്ധമായും നിങ്ങള്‍ സ്വയം സജ്ജനാക്കുക. ഇതിനായി നിങ്ങള്‍ക്ക് ആത്മീയമായ ഒരു സാധനാ ക്രമം ആവശ്യമാണ്.   

ജീവിതത്തിലെ അവസരങ്ങള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ്.

എല്ലാ ദിവസവും ഞാന്‍ ഓരോ പുതിയ സ്ഥലത്താണ്. ഞാന്‍ ഒരേ തലയിണയില്‍ അടുപ്പിച്ച് രണ്ടു ദിവസം ഉറങ്ങുകയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ആഡംബരമാണ്. കാണപ്പെടുന്നതു പോലെ തന്നെ, എനിയ്ക്കു കൃത്യമായ സമയ ക്രമങ്ങളില്ല. എന്നിട്ടും, ബഹുഭൂരിപക്ഷം യുവാക്കളെക്കാളും മെച്ചപ്പെട്ട രീതിയില്‍ യാത്ര ചെയ്യുന്നതിനും ഉറക്കമിളയ്ക്കുന്നതിനും വശം കെടുത്തുന്ന സമയക്രമങ്ങളിലൂടെ കടന്നു പോകുന്നതിനും എനിക്കു കഴിയുന്നു. എല്ലാവരെക്കാളും കാര്യക്ഷമമായി ഞാന്‍ ഈ പ്രഹരത്തെ വഹിയ്ക്കുന്നു. ഇരുപത്, ഇരുപത്തിയഞ്ചു വര്‍ഷത്തോളം ഞാന്‍ എന്‍റെ ശരീരത്തെ വിധേയമാക്കിയ സാധനാ ക്രമമാണ് ഇതിനുള്ള മുഖ്യ കാരണം. അത് എന്നെ ഇപ്പോഴും കരുത്തനാക്കി നിലനിര്‍ത്തുകയും, മറ്റാരെക്കാളും ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനു പ്രാപ്തനാക്കുകയും ചെയ്യുന്നു. . 

 

നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളുടെ എല്ലാ അഭിലാഷങ്ങളെയും നിങ്ങള്‍ക്ക് അനായാസം കരഗതമാക്കേണ്ടതാണ്, അവ നേടിയെടുക്കുന്നതിനു തടസ്സമാകുകയല്ല വേണ്ടത്. നിങ്ങളുടെ മാനസികാവസ്ഥകള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ശാരീരികപ്രശ്‌നങ്ങള്‍, പുറം വേദന, തലവേദന എന്നിവയൊന്നും തന്നെ സ്വന്തം ജീവിതത്തില്‍ വാസ്തവമായും നിങ്ങള്‍ ചെയ്യാനാഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടയാന്‍ പാടുള്ളതല്ല. അപ്രകാരം സംഭവിച്ചു കൂടാ. 

ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും, അവരുടെ ജീവിതത്തില്‍ അവസരങ്ങള്‍ കടന്നു വരുമ്പോള്‍, മുന്നോട്ടു പോകുന്നതില്‍ നിന്നും അവരുടെ ശരീരവും മനസ്സും അവരെ തടയുകയാണു ചെയ്യുന്നത്.ഈ പ്രായത്തില്‍ നിശ്ചയമായും നിങ്ങള്‍ ശാരീരികവും മാനസികവുമായ തീവ്ര സാധനകള്‍ അനുഷ്ഠിയ്‌ക്കേണ്ടതാണ്. അങ്ങനെയായാല്‍, സമയമെത്തുമ്പോള്‍, കാര്യങ്ങള്‍ ചെയ്യുന്നതിനായി ജീവിതം നിങ്ങള്‍ക്ക് ഒരു അവസരം പ്രദാനം ചെയ്യുമ്പോള്‍, സ്വന്തം ശരീരരവും മനസ്സും നിങ്ങളെ പിന്നോട്ടു വലിയ്ക്കാതിരിയ്‌ക്കേണ്ടതാണ്. അവ നിശ്ചയമായും നിങ്ങളുടെ ജീവിനൗകയുടെ പായകളായിരിയ്ക്കട്ടെ; നങ്കൂരങ്ങളല്ല. .