സദ്ഗുരു:ചിരി ഒരു പരിണതഫലമാണ്. പരിണതഫലം സൃഷ്ടിയ്ക്കുന്നതിനു ശ്രമിയ്ക്കാതിരിയ്ക്കുക. നിങ്ങളുടെയുള്ളില്‍ നിങ്ങള്‍ ഒരു പ്രത്യേക തരം ആനന്ദാവസ്ഥയിലാണെങ്കില്‍, ഓരോ തവണ രസാനുഭവമുണ്ടാകുമ്പോഴും നിങ്ങള്‍ ചിരിയ്ക്കും. 

ആനന്ദത്തിന്റെ കേവലം ഒരു പ്രകാശനം മാത്രം ചിരി ഏറ്റവും നല്ല മരുന്നാണെന്ന് ഒരുപാടുകാലമായി ആളുകള്‍ പറഞ്ഞു കൊണ്ടിരിയ്ക്കുന്നു. സന്തോഷമുള്ള ആളുകള്‍ സ്വാഭാവികമായിത്തന്നെ രോഗസൗഖ്യം നേടുന്നുവെന്ന് എവിടെയോ ഉള്ള ആരോ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ ആരോഗ്യവാനോ രോഗിയോ എന്നത് നിങ്ങളുടെ ശരീരം എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുവെന്നതു സംബന്ധിച്ച ഒരു പ്രശ്‌നം മാത്രമാണ്. അതു നല്ലതു പോലെ പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അതിന് ആരോഗ്യമുണ്ടെന്നു നമ്മള്‍ പറയും. ഇല്ലെങ്കില്‍ രോഗമാണെന്നു പറയും. നിങ്ങള്‍ സന്തോഷവാനായിരിയ്ക്കുമ്പോള്‍ നിങ്ങളുടെ ഭൗതികശരീരം ഏറ്റവു നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു. അതു കൊണ്ട് അത്തരം സമയങ്ങളില്‍ ആരോഗ്യവത്തായിരിയ്ക്കുകയെന്നത് അതിനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. ചിരിയല്ല നിങ്ങള്‍ക്കു രോഗ സൗഖ്യം നല്‍കുന്നത്; സന്തോഷമാണു നിങ്ങളെ സുഖപ്പെടുത്തുന്നത്. എന്നാല്‍, ചിരിയ്ക്ക് സന്തോഷവുമായി അത്രയേറെ ബന്ധമുണ്ട്.  

 

 

 

ചിരി ഒരു പരാധീനതയാകുന്നതിനുമിടയുണ്ട്. സന്തോഷമെന്നാല്‍ നിങ്ങളെപ്പോഴും ''ഹ ഹ ഹ''എന്നായിരിയ്ക്കണമെന്നാണു നിങ്ങള്‍ വിശ്വസിയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ വളരെ പരിഹാസ്യനാകാനാണു പോകുന്നത്. കാരണം, നിര്‍ദ്ദിഷ്ട സാഹചര്യത്തിന്റെ ആഴവും തലവൂം തിരിച്ചറിയാതെ എല്ലാത്തരം സാഹചര്യങ്ങളിലും നിങ്ങള്‍ ''ഹ ഹ ഹ'' ചെയ്യുന്നു. സന്തോഷത്തിന്റെയര്‍ത്ഥം ചിരിയെന്നല്ല. സാദ്ധ്യമായ എല്ലാ രീതികളിലും ചിരിയ്ക്ക് പ്രകാശനം നേടാന്‍ കഴിയും - അത് ഏതെങ്കിലും പ്രത്യേക രീതിയിലായിരിയ്ക്കണമെന്നില്ല. ചിരി ഒരുതരത്തിലുള്ള പ്രകാശനമാണെങ്കില്‍ നിശ്ശബ്ദത മറ്റൊരു തരത്തിലുള്ള പ്രകാശനമാണ്. ചിരി നിങ്ങള്‍ക്ക് നിശ്ചലതയോ പ്രവൃത്തിയോ കണ്ണുനീരോ പ്രദാനം ചെയ്യാം.

 

ഗൗതമബുദ്ധന്‍ ആനന്ദത്തിന്റെ മൂര്‍ത്തീകരണമാണെങ്കിലും അദ്ദേഹം എപ്പോഴെങ്കിലും ചിരിച്ചതായി ആരും കണ്ടിട്ടില്ല. ഗൗതമന്‍ ഒരിയ്ക്കലും ഉച്ചത്തില്‍ ചിരിച്ചിട്ടില്ല, പ്രകടമായ പുഞ്ചിരിപോലും അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ല; അദ്ദേഹത്തിന്റെ പുഞ്ചിരി പോലും ചെറിയൊരു കാര്യം മാത്രമായിരുന്നു. ആനന്ദമെന്നാല്‍ പുഞ്ചിരികളോ ചിരിയോ ആയിരിയ്ക്കണമെന്നില്ല. ആനന്ദമെന്നാല്‍ നിങ്ങള്‍ ജീവിതത്തിന്റെ കാതലിലായിരിയ്ക്കുന്നുവെന്നാണ് അര്‍ത്ഥം. നിങ്ങളതിനെ ഏതെങ്കിലുമൊരു പ്രത്യേക പ്രകാശന രീതിയിലേയ്ക്ക് ഒതുക്കുന്ന പക്ഷം, നിങ്ങളുടെ ആനന്ദത്തിന് 24/7 ആയിരിയ്ക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഉറപ്പാക്കി കഴിഞ്ഞു.

ആനന്ദമെന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് നിങ്ങള്‍ ജീവിതത്തിന്റെ ആഴത്തില്‍, ഉപരിതലത്തിലല്ല, വേരുറപ്പിച്ചിരിയ്ക്കുന്നുവെന്നാണ്. നിങ്ങള്‍ അതിന്റെ ഉറവിടത്തിലാണ്. അതു കൊണ്ടാണ് നിങ്ങള്‍ ആനന്ദമായിരിയ്ക്കുന്നത്. ആളുകള്‍ അതിനെ എപ്പോഴും മറ്റൊരു വിധത്തില്‍ സമീപിയ്ക്കാനാണു ശ്രമിയ്ക്കുന്നത്. ചിലര്‍ കരുതുന്നത് ആല്‍ക്കഹോള്‍ കഴിയ്ക്കുന്നതാണ് ആനന്ദമെന്നാണ്. ചിരിയാണ് ആനന്ദമെന്ന് ചിലര്‍ വിചാരിയ്ക്കുന്നു. അവര്‍ ചിരിയ്ക്കുന്നവരൂടെ ഒരു സമൂഹത്തെ സൃഷ്ടിച്ചിരിയ്ക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം.

തെരുവിലെമ്പാടും അവര്‍ ''ഹ ഹ ഹ, ഹൂ ഹൂ ഹൂ, ഹി ഹിഹി!''എന്ന മട്ടിലായിരിയ്ക്കും പെരുമാറുക. തുടക്കത്തില്‍ ഇത് നേരമ്പോക്കായിരിയ്ക്കും. എന്നാല്‍, സദാ സമയവും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരാള്‍ക്കൊപ്പം നിങ്ങള്‍ക്കു ജീവിയ്‌ക്കേണ്ടി വരുന്ന പക്ഷം, ഒരു ദിവസം ആ ചിരി അവ!സാനിപ്പിയ്ക്കുന്നതിനു വേണ്ടി മാത്രം നിങ്ങള്‍ അയാളെ കൊന്നു കളയാനാഗ്രഹിയ്ക്കും!

ചിരി ഒരു  പരിണത ഫലമാണ്

ഇക്കാലത്ത് ചിരി യോഗ എന്നറിയപ്പെടുന്ന ശോചനീയമായ ഒരുതരം ''യോഗ'' അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നു. നമ്മള്‍ രണ്ടു പേരും മുഖത്തോടുമുഖം നോക്കി നിന്നതിനു –ശേഷം നിങ്ങള്‍ പറയുന്നു;''ഹി ഹി ഹി,''ഞാന്‍ പറയുന്നു;''ഹി ഹി ഹി.'' ഇത് കിറുക്കാണ്. ദിവസേന പത്തു മിനിറ്റു സമയം നിങ്ങള്‍ നിര്‍ബന്ധമായും ചിരിയ്ക്കണമെന്ന് അമേരിയ്ക്കയില്‍ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകന്‍ ഉപദേശിച്ചത് ഞാന്‍ വായിയ്ക്കുകയുണ്ടായി. എങ്കില്‍, താമസിയാതെ തന്നെ നിങ്ങള്‍ ഏതെങ്കിലും മനോരോഗാശുപത്രിയിലാകും.

നോക്കൂ, നിങ്ങളുടെ പൂന്തോട്ടത്തില്‍ പൂക്കളുണ്ടാകണമെന്നാണു നിങ്ങളാഗ്രഹിയ്ക്കുന്നതെങ്കില്‍, അവിടെ പ്ലാസ്റ്റിക്ക് പൂക്കള്‍ വാങ്ങി ഉറപ്പിയ്ക്കാതിരിയ്ക്കുക. പൂക്കളെപ്പോലെയല്ലാത്തതെന്തെങ്കിലും നിങ്ങള്‍ ചെയ്യേണ്ടിയിരിയ്ക്കുന്നു - നിങ്ങള്‍ മണ്ണിനെയും വളത്തെയും വെള്ളത്തെയും സൂര്യപ്രകാശത്തെയും കൈകാര്യം ചെയ്യേണ്ടിയിരിയ്ക്കുന്നു. ഇവയില്‍ യാതൊന്നും തന്നെ കാഴ്ചയിലോ സ്പര്‍ശത്തിലോ ഗന്ധത്തിലോ പൂക്കളെപ്പോലെയല്ല. എന്നാല്‍ ഇവയെയെല്ലാം നിങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ പൂക്കാള്‍ വരുന്നതായിരിയ്ക്കും. അതു കൊണ്ട്, നിങ്ങള്‍''നിശ്ചയമായും എല്ലാ ദിവസവും ഞാന്‍ ചിരിയ്ക്കു''മെന്നുള്ള ഒരു നിലപാടെടുക്കുന്നതു കൊണ്ടല്ല ചിരി സംഭവിയ്ക്കുന്നത്. നിങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള സന്തോഷാവസ്ഥയിലാണു നിങ്ങളെങ്കില്‍, നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വ്യാപിയ്ക്കും. വളരെ ചെറിയ ഒരു രസാനുഭവമുണ്ടായാല്‍ മതി, നിങ്ങള്‍ ചിരിയ്ക്കും. ചിരി ഒരു പരിണത ഫലമാണ്. പരിണത ഫലത്തെ സൃഷ്ടിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുക. നിര്‍ദ്ദിഷ്ട പ്രക്രിയയില്‍, ഉറവിടത്തില്‍ പ്രവര്‍ത്തിയ്ക്കുക.

 

ചിരിയെന്നത് നിങ്ങള്‍ പ്രവര്‍ത്തിയ്‌ക്കേണ്ടതായ ഒരു കാര്യമല്ല. നിങ്ങള്‍ക്കുള്ളിലുള്ള ജീവന്റെ അടിസ്ഥാന പ്രക്രിയയെ നിങ്ങള്‍ അസ്വസ്ഥമാക്കാതിരിയ്ക്കുന്ന പക്ഷം, ആനന്ദമെന്നത് സ്വഭാവികമായ ഒരു പരിണതിയായിരിയ്ക്കും. ആനന്ദം ഒരു നേട്ടമല്ല, അതു നിങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥയാണ്. യോഗ ശാസ്ത്രത്തില്‍ നമ്മള്‍ ഒരു മനുഷ്യനെ നോക്കിക്കാണുന്നത് അഞ്ചു തരം ശരീരങ്ങളുടെ ഒരു പടലമായിട്ടാണ്. അന്നമയ കോശം, മനോമയ കോശം, പ്രാണമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം എന്നിവയാണവ. അതു കൊണ്ട് നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള കാതലെന്നത് ആനന്ദമാണ്. ശരീരത്തിന്റെ ആദ്യത്തെ മൂന്നു തലങ്ങള്‍ - ശാരീരികവും മാനസികവും ഊര്‍ജ്ജസംബന്ധിയുമായ ശരീരങ്ങള്‍ - ശരിയായ പൊരുത്തത്തിലാണെങ്കില്‍, പരമമായ ആനന്ദമെന്ന ഏറ്റവും ആന്തരസ്ഥമായ കാതല്‍ സ്വാഭാവികമായിത്തന്നെ പ്രകാശനം നേടുന്നു. ! 

.