സദ്‌ഗുരു: സാമർത്ഥ്യവും ബുദ്ധിയും രണ്ടാണ്. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് അഭിമാനത്തോടെ നിങ്ങളൊരാളെ ബുദ്ധിമാനെന്നു വിശേഷിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോഴാ സാങ്കേതികഭാഷ മാറിയിരിക്കുന്നു. നിങ്ങൾ ബുദ്ധിമാനാണെന്നതുകൊണ്ട് ആരും നിങ്ങളെ ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങൾ സമർഥനാണോ എന്നതാണ് ഇപ്പോഴത്തെ മാനദണ്ഡം. നിങ്ങൾ സമർഥനാണെങ്കിൽ നിങ്ങൾക്കീ ലോകത്തിൽ എളുപ്പം കാര്യങ്ങൾ നേടിയെടുക്കാൻ പറ്റും - ഇന്നത്തെ സാമ്പത്തിക വ്യവസ്ഥക്കനുകൂലമായി തന്നെ.

 

പക്ഷെ ബുദ്ധി എന്നതൊരു വ്യത്യസ്ത സ്വഭാവപ്രകൃതിയാണ്. ഒരോട്ടപന്തയത്തിൽ വിജയിക്കാനായി നിങ്ങളെ ഒരുക്കിയെടുക്കാൻ ബുദ്ധിക്കെപ്പഴും സാധിച്ചെന്നു വരില്ല. സത്യത്തിൽ നിങ്ങൾ വളരെ പിറകിലാവാനാണു സാധ്യത - കാരണം മറ്റുള്ളവർ കാണാത്തതു പലതും നിങ്ങൾ കാണും. കുറുക്കുവഴികളിലൂടെ പല കാര്യങ്ങളും സാമർത്ഥ്യക്കാർ എളുപ്പത്തിൽ നേടിയെടുക്കും - അത് കണ്ടു എല്ലാവരും കൈയടിക്കും. എന്നാൽ,മറ്റുള്ളവർ കാണാത്തതു കാണുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോ കാൽവെയ്പ്പും പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും..

ഒരു പ്രത്യേക സന്ദർഭം നിങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാൻ കഴിയുമ്പോഴാണ് നിങ്ങൾ സമർ ത്ഥനാണെന്നു എല്ലാവരും പറയുന്നത്. പക്ഷെ സാമർത്ഥ്യമെന്നത് ആപേക്ഷികമാണ്. അത് സന്ദർഭ ത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കും. അത് ആ സന്ദർഭമുളവാകുന്ന സാഹചര്യത്തിനും, ഏതു സമൂഹത്തിലാണോ അത് സംഭവിക്കുന്നതെന്നതിനും പിന്നെ നിങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരുടെ സ്വഭാവപ്രകൃതിയും ആശ്രയിച്ചിരിക്കും. ഇന്നത്തെ കാലത്തു, ഒരു കാര്യത്തിൽ ഒരാൾ അൽപ്പം സംശയാലുവാണെങ്കിൽ അയാളെ ഊമയെന്നു വിളിച്ചെന്നിരിക്കും. തെല്ലും മനഃസാക്ഷിയില്ലാത്ത എത്രയോ ആളുകൾ സാമർത്ഥ്യക്കാരായി വാഴുന്നതിനു കാരണം, അവർക്കു ആ സാഹചര്യം എങ്ങിനെ മുതലെടുക്കാമെന്നു അറിയാവുന്നതു കൊണ്ടാണ്.  

സമർത്ഥനായ നായ

ഞാൻ ഒരു കഥ പറയാം. ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു സമർത്ഥനായ നായ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ എല്ലാ നായകളെക്കാളും നല്ലവൻ എന്ന പേരെടുക്കാൻ ആ നായക്ക് കഴിഞ്ഞു എന്നതാണ് അവന്റെ സാമർഥ്യം. ഒരു ദിവസം അവൻ കുറച്ചു സാഹസികനാവാൻ തീരുമാനിച്ചു. ശ്രദ്ധിച്ചു നോക്കിയാൽ ഒരു കാര്യം നിങ്ങള്ക്ക് മനസിലാവും - ഗ്രാമത്തിലെ നായകളൊന്നും കാട്ടിൽ പോകാറില്ല.ചിലപ്പോൾ കാടിന്അടുത്തെങ്ങാനും പോയി ഒരു മുയലിനെയോ മറ്റോ പിടിച്ചാലായി - അല്ലാതെ ഒരിക്കലും ഉൾക്കാടിനകത്തേക്കു പോവുകയേയില്ല കാരണം അവർക്കറിയാം അവിടെ വളരെ വലിയ മൃഗങ്ങളുണ്ടെന്നും അവിടെ പോയാൽ സ്വന്തം ശരീരംഅവർക്ക് ഭക്ഷണമാകുമെന്നും. 

പക്ഷെ ഇതു അതിസമർത്ഥനായ നായയല്ലേ - അവൻ ഒരു ദിവസം കാട്ടിൽ വളരെ അകത്തേക്ക് തന്നെ പോയി - അതൊരു കടുവ കാണുകയും ചെയ്തു. അത്തരമൊരു ജീവിയെ കടുവ അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കടുവ കരുതി " ങാ, എന്തെങ്കിലുമാവട്ടെ - ഒരു ലഘുഭക്ഷണത്തിനുള്ള വകുപ്പുണ്ട്". അവൻ മുരണ്ടുകൊണ്ടു നായ്ക്കരികിലേക്കു നടന്നുവന്നു. നമ്മുടെ നായ വളരെ സമര്ഥനാണല്ലോ. നായ ആദ്യം കരുതി ഓടി രക്ഷപ്പെട്ടാലോ; അപ്പോൾ തന്നെ തിരുത്തി - ഇല്ല ഓടിയാൽ കടുവക്കു അവനെ എളുപ്പം പിടിച്ചു കറുമുറെ തിന്നാൻ പറ്റും. നായ അടുത്ത് കിടന്ന എല്ലിൻ കൂമ്പാരം ചിക്കിപ്പറത്തി കടുവക്കു കേൾക്കാൻ പാകത്തിൽ ഇങ്ങിനെ ഉരുവിട്ടു-" എന്റെ ഈശ്വരാ, ഈ കടുവകളെല്ലാം ശരിക്കും നല്ല രുചിയുള്ള ഭക്ഷണമാണല്ലോ". ഇത് കേട്ടതും പരിഭ്രമിച്ചു കടുവ ഒരടി പുറകോട്ടു വെച്ചു. "കടുവകളെ ഭക്ഷിക്കുന്ന ജന്തുവാകുമോ ഇത്? ഈ എല്ലിൻകൂമ്പാരം അതിന്റെ തെളിവാണോ?" പരിഭ്രമത്തോടെ കടുവ പുറം തിരിഞ്ഞു നടന്നകന്നു. ആശ്വാസത്തോടെ നായ തിരിച്ചു നടക്കാനും തുടങ്ങി.. 

അടുത്തൊരു മരക്കൊമ്പിൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ഒരു കുരങ്ങനു സ്വയം ചിരിയടക്കാനായില്ല. അവൻ കടുവയോടു പറഞ്ഞു - "നിനക്കെന്തറിയാം - അവൻ നിന്നെ പറ്റിച്ചു കടന്നു കളഞ്ഞതാണ്. അവനൊരു വെറും നായയാണ്. ഞാൻ ഗ്രാമത്തിലെല്ലാം പോയിട്ടുണ്ട്. അവനു നിന്നെ ഒന്നും ചെയ്യാനുള്ള ശേഷിയില്ല. അവനു നിന്റൊരു നഖത്തിന്റെ ശക്തി പോലുമില്ല". ഇതുകേട്ട് കടുവക്കു കുറച്ചിലായി. അവൻ ഇങ്ങിനെ മുരണ്ടു. " എന്ത്? ആ വിഡ്ഢി എന്നെ പറ്റിച്ചുവെന്നോ? നീ കൂടെ വാ, നമുക്കവനെ പിടിക്കാം". കേട്ടതുപാതി കേൾക്കാത്തതുപാതി കടുവപ്പുറത്തേറി കുരങ്ങൻ നായ പോയ ദിക്കിലേക്ക് യാത്രയായി. 

കടുവപ്പുറത്തേറി വരുന്ന കുരങ്ങനെ കണ്ടതും നായക്ക് കാര്യം പിടി കിട്ടി. അവനൊരു സമർത്ഥനായ നായയല്ലേ. കോട്ടുവായ ഇട്ടു കൊണ്ട് അവൻ ഇങ്ങിനെ പറഞ്ഞു, "ഈ മണ്ടൻ കുരങ്ങനിതെവിടെപ്പോയി? ഒരു കടുവക്കു ഓർഡർ കൊടുത്തിട്ടു മണിക്കൂർ ഒന്ന് കഴിഞ്ഞല്ലോ. അവനിനി വല്ല കള്ളത്തരവും കാണിക്കുമോ?"

ജീവിത സാഹചര്യങ്ങളെ നിങ്ങൾക്കിങ്ങനെയൊക്കെ കൈകാര്യം ചെയ്യാം. പക്ഷെ നിങ്ങളുടെ ആന്തരിക സ്വഭാവം വിശകലനം ചെയ്യുമ്പോൾ ഇത്തരത്തിലൊന്നും തീർപ്പു കല്പിക്കാനാവില്ല - കാരണം - സൃഷ്ടിയുടെ പ്രകടനങ്ങളുമായി ഇടപെടുന്നത് ഒരു കാര്യവും സൃഷ്ടിയുടെ ഉല്പത്തിയെപ്പറ്റി വിശകലനം ചെയ്യുന്നത് തീർത്തും വ്യത്യസ്തമായ മറ്റൊരു കാര്യവുമാണ്. ഇവിടെ നിങ്ങളുടെ സാമർത്ഥ്യമൊന്നും വിലപ്പോവില്ല. നിങ്ങളെക്കൂടാതെ മറ്റൊരാൾ കൂടിയുണ്ടാവുമ്പോഴാണ് സാമർഥ്യം ഫലവത്താവുന്നത്.നിങ്ങൾ തനിച്ചാവുന്ന സാഹചര്യത്തിൽ, സമർത്ഥനാണെന്നു നിങ്ങൾ സ്വയം അഹങ്കരിക്കുകയാണെങ്കിൽ അത് നിങ്ങളെ കൂടുതൽ വിഡ്ഢിവേഷം കെട്ടിക്കുകയേ ഉള്ളൂ. 

നിങ്ങൾ എത്ര മാത്രം മണ്ടനാണെന്നു സ്വയം തിരിച്ചറിയുക

ജ്ഞാനോദയം എന്നത് ഒരിക്കലുമൊരു മഹായോഗ്യതയൊന്നുമല്ല. ജ്ഞാനോദയമെന്നാൽ നിങ്ങൾ സ്വന്തം അജ്ഞതയെ തകർത്തെറിഞ്ഞുവെന്നാണ്. അതൊരു തിരിച്ചറിവാണ് - എന്നുവെച്ചാൽ നിങ്ങൾ എത്ര മാത്രം മണ്ടനാണെന്നു സ്വയം ബോധ്യപ്പെടുകയെന്നതാണ്. അത് എന്നും അങ്ങിനെത്തന്നെയായിരുന്നു - നിങ്ങൾ ഇന്നേ കണ്ടുള്ളൂ എന്ന് മാത്രം. സ്വന്തം മണ്ടത്തരം സ്വയം തിരിച്ചറിയണമെങ്കിൽ നല്ല ബുദ്ധിയുണ്ടാവണം. അധികമാളുകൾക്കും അതിനുള്ള കഴിവില്ല. അത് മനസിലാവണമെങ്കിൽ മറ്റൊരാളേക്കാൾ മുന്പിലെത്തണമെന്നുള്ള ഉൾബോധം ഇല്ലാതാവണം - മറ്റൊരാളേക്കാൾ മെച്ചപ്പെട്ടവനാവണമെന്ന ചിന്ത തന്നെ മാറണം. മുഴുവനായിത്തന്നെ. എങ്കിൽ മാത്രമേ അജ്ഞതയെ തൂത്തെറിയാനുള്ള സാമാന്യബുദ്ധി നിങ്ങൾക്കുണ്ടാവുകയുള്ളൂ. അതല്ല,ആത്മീയ വളർച്ച കൊണ്ട് നിങ്ങൾ സമർത്ഥനായി വരികയാണെങ്കിൽ, നിങ്ങളുടെ അജ്ഞത പല വേഷങ്ങളണിഞ്ഞു കൊണ്ടേയിരിക്കും. അത് ഒരു മാനത്തിൽ നിന്നും പല മാനങ്ങളിലേക്കുള്ള അജ്ഞതയുടെ അനന്തമായ യാത്രയായിരിക്കും  

സമർത്ഥനാവുന്നതു തെറ്റാണെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. പരിശീലനത്തിലൂടെ നിങ്ങൾക്ക് മറ്റൊരാളേക്കാൾ മെച്ചപ്പെട്ടവനാവാൻ പറ്റും പക്ഷെ അതിന്റെ സാംഗത്യവും സ്വാധീനമേഖലയും പരിമിതമാണ്. നിങ്ങൾക്ക് നിങ്ങളെത്തന്നെ ഉള്ളിലേക്കെടുത്തു വിശകലനം ചെയ്തു കൂടുതൽ സമർത്ഥനാവാൻ കഴിയില്ല കാരണം അവിടെ നിങ്ങൾ നിങ്ങളെ തന്നെയാണ് വിഡ്ഢിയാക്കികൊണ്ടിരിക്കുന്നതു. നിങ്ങളും ഞാനുമുണ്ടെങ്കിൽ, ഞാൻ നിങ്ങളെക്കാൾ സമർ ത്ഥനാവുമ്പോൾ അത് ഒരു സഹായമാകും. ഞാനും ഞാനും മാത്രമാവുമ്പോൾ, ഞാൻ എന്നേക്കാൾ സമർത്ഥനാവുക എന്നത് വെറും മണ്ടത്തരമാണ്.