നിങ്ങളുടെ ജീവിതം മനോഹരമാക്കുക
നമ്മുടെ ഹ്രസ്വജീവിതത്തെ കുറിച്ച് ചിന്തിക്കാനും, നാം അറിയാതെ തന്നെ സ്വയം സൃഷ്ടിക്കുന്ന പരിമിതികൾക്കപ്പുറത്തേക്ക് പോകാനും അങ്ങനെ ജീവിതം പൂർണ്ണമായും ജീവിക്കാനും സദ്ഗുരു നമ്മോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹം പറയുന്നു, “നിങ്ങൾ താപ്പര്യമില്ലായ്മയിൽ നിന്ന് സന്നദ്ധതയിലേക്കും ജഡത്വത്തിൽ നിന്ന് കാര്യക്ഷമതയിലേക്കും മാറിയാൽ, നിങ്ങളുടെ ജീവിതം സന്തോഷകരമാകും; നിങ്ങളുടെ യാത്ര അനായാസമാകും. ”
ഞങ്ങളുടെ ഇവന്റുകൾക്കും പ്രോഗ്രാമുകൾക്കുമായി ഞാൻ എവിടെ പോയാലും, കാര്യങ്ങൾ സംഭവിക്കാൻ ആളുകൾ അവരുടെ പരിധികൾക്കപ്പുറം പ്രയത്നിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. സ്വയം സൃഷ്ടിച്ച അതിർവരമ്പുകൾ മനുഷ്യർ ലംഘിക്കുന്നില്ലെങ്കിൽ അവർ അതിൽ കുടുങ്ങിപ്പോകുന്നു. സ്വന്തം പരിമിതികൾ ലംഘിക്കുക എന്നത് നിങ്ങളുടെ ആത്മീയ വളർച്ചയുടെ ഒരു പ്രധാന ഭാഗമാണ്. ഈ ആത്മീയ പ്രക്രിയ ഒരു തിരുവചനത്തെയോ, തത്ത്വചിന്തയെയോ അല്ലെങ്കിൽ ഇല്ലാതായ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല- അത് ഒരു സജീവമായ കാര്യമാണ്. നിങ്ങൾ എല്ലാ ദിവസവും അത് ജീവിക്കണം. നിങ്ങൾ ദൈനംദിന സാഹചര്യങ്ങളിലോ മറ്റ് ആളുകളുമായുള്ള പ്രശ്നങ്ങളിലോ അകപ്പെടുന്നു എന്ന കാരണത്താൽ ഈ സാധ്യത നിങ്ങൾ നഷ്ടപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ജീവിതത്തിൽ മുന്നേറാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, നിങ്ങളുടെ വളർച്ചയുടെ അക്കൗണ്ട് നിരന്തരം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്- എല്ലാ ദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഈ മൂന്നു കാര്യങ്ങൾ സ്വയം ചോദിക്കുക, “ഞാൻ എന്ന വ്യക്തി കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടോ? കൂടുതൽ സന്തോഷവാനാണോ? ഒരു മനുഷ്യനെന്ന നിലയിൽ ഇന്നലത്തെ അപേക്ഷിച്ച് ഞാൻ കൂടുതൽ വളർന്നിട്ടുണ്ടോ?”
ആളുകൾ അവരുടെ പണത്തിന്റെ കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുന്നു. പണം എന്നത് ഇടപാടിനായുള്ള ഉപകരണം മാത്രമാണ് - നിങ്ങൾ മരിക്കുമ്പോൾ അത് ഒരിക്കലും കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയില്ല. ഇപ്പോൾ നിങ്ങളുടെ പക്കലുള്ള ഏറ്റവും അമൂല്യമായ കാര്യം നിങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നതാണ്. അങ്ങനെയെങ്കിൽ ജീവിതത്തിൽ നിങ്ങൾ എവിടെ പോകുന്നുവെന്നതിൻ്റെ കണക്കെടുക്കുന്നത്, അതായത് നിങ്ങൾ സ്വയം മെച്ചപ്പെടുകയാണോ അതോ പിന്നിലേക്ക് പോവുകയാണോ എന്നറിയുന്നത് പ്രയോജനകരമാവില്ലേ? മറ്റൊരാൾ നിങ്ങളോട് എന്തെങ്കിലും ചെയ്യുന്നതിനാൽ ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകില്ല. നിങ്ങളുടെ ഉള്ളിൽ നിങ്ങളോട് എന്തെങ്കിലും ചെയ്യാൻ ആർക്കും കഴിയില്ല. നിങ്ങളുടെ ബോസിനും കുടുംബത്തിനും നിങ്ങളുടെ ബാഹ്യജീവിതം അൽപ്പം ബുദ്ധിമുട്ടാക്കാൻ കഴിയും. അതിനർത്ഥം അവർ നിങ്ങൾക്ക് കൂടുതൽ പരിശീലനം നൽകുന്നു എന്നാണ്. ഇത് നിങ്ങളെ കൂടുതൽ ശക്തരാക്കുന്നു. നിങ്ങൾ കുറഞ്ഞത് ഈ സ്മാർട്ട് കഴുതയെപ്പോലെ മിടുക്കനായിരിക്കണം- ഞാൻ നിങ്ങൾക്ക് ആ കഥ പറഞ്ഞു തരാം.
ഒരു ദിവസം, കഴുത ഒരു കിണറ്റിൽ വഴുതി വീണു. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല, കൂടാതെ വലിയ ആഴമുണ്ടായിരുന്നില്ല, എന്നിട്ടും കഴുതയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അത് അവിടെ നിന്ന് ദയനീയമായി കരയാൻ തുടങ്ങി. കുറച്ച് ഗ്രാമീണരും ഉടമയും വന്നു എന്താണ് സംഭവിച്ചതെന്ന് നോക്കി. അപ്പോഴും കഴുതപുറത്തിറങ്ങാൻ ആഗ്രഹിച്ചു, നിലവിളിച്ചുകൊണ്ടിരുന്നു. ജീവൻ നഷ്ടമാവുമോ എന്ന് അത് ഭയപ്പെട്ടു. അവിടെ കൂടിയ ആളുകൾ ഉടമയോട് പറഞ്ഞു, “ഈ മണ്ടനായ കഴുത വെറുതെ നിലവിളിക്കും. ഇതിന് ഇപ്പോൾ തന്നെ പ്രായമായിട്ടുണ്ട്, കൂടാതെ ഗുണമൊന്നുമില്ല- ഞങ്ങൾക്ക് ഇതിനെ കൊണ്ട് ജോലി ചെയ്യിക്കാനോ വിൽക്കാനോ കഴിയില്ല. എന്തായാലും ഈ കിണർ അടയ്ക്കാൻ നമ്മൾ ആഗ്രഹിച്ചതാണ്. ഇപ്പോൾ നമുക്ക് അത് ചെയ്യാം. ” അതിനാൽ അവർ കിണർ അടച്ച് , കഴുതയെ ജീവനോടെ അതിൽ കുഴിച്ചിടാൻ തീരുമാനിച്ചു. അവർ മണ്ണെടുത്ത് കിണറ്റിലേക്ക് ഇടാൻ തുടങ്ങി. ഓരോ തവണയും ഒരു കൊട്ട മണ്ണ് തൻ്റെ മുകളിൽ വീഴുമ്പോൾ കഴുത അതിനെ കുലുക്കി താഴെയിട്ട് അതിനു മുകളിൽ കാലെടുത്തുവച്ചു. ഭൂമി കൂടിവരുന്തോറും അത് മുകളിലേക്ക് വന്നു കൊണ്ടിരുന്നു. അവർ കിണറിന്റെ ഒരു വശം മണ്ണിട്ട് നികത്തിയപ്പോൾ കഴുത പുറത്തേക്ക് നടന്നു. ഇതു കണ്ട ഗ്രാമവാസികൾ വിചാരിച്ചു, “കൊള്ളാം, ഇത് ശരിക്കും ഒരു സ്മാർട്ട് കഴുതയാണ്. ”അതിൻ്റെ ഉടമ അഭിനന്ദിക്കാനായി കഴുതയുടെ അടുത്ത് ചെന്ന് അതിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. അത് അവനെ നേരെ മുഖത്ത് തട്ടി സ്വാതന്ത്ര്യത്തിലേക്ക് ഓടിപ്പോയി.
ആളുകൾ നിങ്ങളിലേക്ക് എന്തെടുത്ത് എറിയുന്നു എന്നത് പ്രസക്തമല്ല, നിങ്ങൾ അത് പരമാവധി മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണം- അതാണ് ആത്മീയ പ്രക്രിയ. നിങ്ങളെ പോലെ മസ്തിഷ്കം പോലുമില്ലാത്ത ഒരു മാമ്പഴത്തിന്, മണ്ണിനെ മാമ്പഴമാക്കാനും അതിനെ മധുരമാക്കാനും കഴിയുന്നു. ചെടികൾക്ക് മാലിന്യത്തെ പൂക്കളായും സുഗന്ധമായും മാറ്റാം. നിങ്ങളുടെ വഴിയിൽ എന്ത് തന്നെ വന്നാലും അതിനെ മനോഹരമാക്കാൻ നിങ്ങൾക്ക് കഴിയണം. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമ്പോൾ, നിങ്ങൾ ആരാണെന്ന് അത് കാണിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നം, ചെറിയ കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ, ആളുകൾ അതിൻ്റെ കുറ്റം “ചെറിയ വ്യക്തി” യിൽ അതായത് മറ്റൊരാളിൽ ആരോപിക്കുന്നു. ജീവിതത്തിൽ വലിയ കാര്യങ്ങൾ തെറ്റിപ്പോകുമ്പോൾ അവർ അതിൻ്റെ കുറ്റം “വലിയ ആളിൽ”(ദൈവം)” ആരോപിക്കുന്നു. അവർക്ക് സ്വയം ഒന്നിനും ഉത്തരവാദികളാണെന്ന് തോന്നുന്നതേയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അല്ലെങ്കിൽ മറ്റുള്ളവരെ ശരിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കേണ്ട സമയമാണിത്. പകരം, നിങ്ങളുടെ പൂർണ്ണ ശേഷിയിലേക്ക് നിങ്ങൾ വളരണം.
നിങ്ങളുടെ ഉള്ളിൽ മാത്രം സംഭവിക്കാവുന്ന കാര്യത്തെ ലോകത്തിന് പുറത്ത് തേടുന്നതാണ് ഏറ്റവും വലിയ വിഡ്ഡിത്തം. സമാധാനവും സന്തോഷവും കണ്ടെത്താൻ, ആളുകൾ എപ്പോഴും മുകളിലേക്ക് നോക്കുന്നു. ക്ഷേമം കണ്ടെത്താൻ, അവർ ലോകമെമ്പാടും നോക്കുന്നു. ഇതെല്ലാം നിങ്ങൾ ഉള്ളിലേക്ക് തിരിയുമ്പോൾ മാത്രമേ സംഭവിക്കൂ. പെട്ടെന്നുള്ള നിങ്ങളുടെ ആന്തരിക ക്ഷേമത്തിനും ആത്യന്തിക ക്ഷേമത്തിനുമുള്ള ശാസ്ത്രീയ സമീപനമാണ് നിങ്ങളുടെ സാധന. നിങ്ങളുടെ സാധന സഫലമാകണമെങ്കിൽ, നിങ്ങളുടെ മനസ്സിനെ അനാവശ്യമായ ചവറുകളിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ശാംഭവിയിലേക്കുള്ള ദീക്ഷയോടെ നിങ്ങൾക്ക് ശരിയായ വിത്ത് ലഭിച്ചു. അത് മണ്ണിൽ നട്ടുവളർത്തേണ്ടത് നിങ്ങളാണ്. ഏറ്റവും മനോഹരമായ വിത്ത് പോലും നിങ്ങൾ ഒരു പാറയിൽ വച്ചാൽ മുളയ്ക്കില്ല. നിങ്ങൾ മറ്റുള്ളവരിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നാൽ, അത് ഒന്നിനെയും മുളപ്പിക്കാൻ അനുവദിക്കില്ല. ഇന്നത്തെ ആധുനിക കാലയളവിൽ മിക്ക ആളുകളുടെയും തലയിൽ വളരെയധികം ചവറുകൾ ഉള്ളതിനാൽ തന്നെ, അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിൻ്റെ... ഈ വിത്തിൻ്റെ അപാരമായ സാധ്യത മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നു. ഈ സാധ്യത മനസിലാക്കാതെ നിങ്ങൾ നിങ്ങളുടെ ജീവിതം പാഴാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
മാനസിക ശ്രദ്ധയുടെ വ്യതിയാനങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു വഴി ഗോസിപ്പ് ഉപേക്ഷിക്കുക എന്നതാണ്. 'ആരെങ്കിലും എന്തെങ്കിലും മോശം കർമ്മങ്ങൾ ചെയ്താൽ, അതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകൾക്കും അത് തന്നെ ലഭിക്കും' എന്ന് കന്നഡയിൽ ഒരു ചൊല്ലുണ്ട്. അത് ചെയ്ത വ്യക്തി അതിനെക്കുറിച്ച് മറന്നിരിക്കാം. എന്നാൽ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക്, അത് ലഭിക്കും. കാരണം, അവരുടെ മനസ്സ് അതിനെ ഉൾക്കൊള്ളുന്നു. മറ്റ് ആളുകളുടെ കൂടെ ജീവിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഓർമ്മിക്കേണ്ട ലളിതമായ കാര്യങ്ങളാണിവ. ജീവിച്ചിരുന്ന കാലത്തു തന്നെ അസാധാരണ ജ്ഞാനിയായി കണക്കാക്കിയിരുന്ന സോക്രട്ടീസിനെക്കുറിച്ചുള്ള ഒരു കഥ നിങ്ങൾ കേട്ടിരിക്കാം. ഒരു ദിവസം, ആരോ അദ്ദേഹത്തിൻ്റെ അടുത്ത് വന്ന് പറഞ്ഞു, “ഡയോജെനസിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ” സോക്രട്ടീസ് പറഞ്ഞു, “എനിക്ക് ലളിതമായ ഒരു തത്വമുണ്ട്. നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ അത് ട്രിപ്പിൾ ഫിൽട്ടറിലൂടെ ഇടണം. ” ആ മനുഷ്യൻ ചോദിച്ചു, “എന്താണ് ഈ ട്രിപ്പിൾ ഫിൽട്ടർ?” സോക്രട്ടീസ് പറഞ്ഞു, “ആദ്യം - നിങ്ങൾ ഇപ്പോൾ എന്നോട് പറയാൻ പോകുന്നതെന്തു തന്നെയായാലും, അതിൻ്റെ സത്യം നിങ്ങൾ കണ്ടെത്തിയോ?” ആ മനുഷ്യൻ പറഞ്ഞു, “ഇല്ല. ആരോ എന്നോട് പറഞ്ഞതാണ് ഇത് . ” സോക്രട്ടീസ് പറഞ്ഞു, “അതിനാൽ ഇത് ആദ്യത്തെ ഫിൽട്ടർ കടന്നുപോകുന്നില്ല. രണ്ടാമത്തെ ഫിൽട്ടർ, ഇത് ഒരു നല്ല കാര്യമാണോ? ”അയാൾ പറഞ്ഞു “അല്ല, തികച്ചും വിരുദ്ധ കാര്യമാണ്- അതുകൊണ്ടാണ് ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നത്. ” സോക്രട്ടീസ് പറഞ്ഞു, “അപ്പോൾ ഇത് രണ്ടാമത്തെ ഫിൽട്ടറും കടന്നു പോകില്ല. ഇതിൽ ഉപയോഗപ്രദമായ എന്തെങ്കിലും ഉണ്ടോ? ” ആ മനുഷ്യൻ പറഞ്ഞു, “ഇല്ല, ഇത് ഉപയോഗപ്രദമാണെന്ന് ഞാൻ കരുതുന്നില്ല. ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ” സോക്രട്ടീസ് പറഞ്ഞു, “അതിനർത്ഥം ഇത് ഫിൽട്ടറുകളൊന്നും കടന്നുപോകില്ല എന്നാണ്.”
ഈ മൂന്ന് ഫിൽട്ടറുകളും നിങ്ങളുടെ മനസ്സിൽ ഇടുക: ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സത്യമാണെന്ന് അവർ ഉറപ്പുവരുത്തിയോ? അത് ആരുടെയെങ്കിലും നല്ല കാര്യമാണോ? അത് ഉപയോഗപ്രദമാണോ? മറ്റുള്ളവർ നിങ്ങളോട് പറയാൻ താൽപ്പര്യപ്പെടുന്ന കാര്യങ്ങളിൽ നിന്നും അല്ലെങ്കിൽ മറ്റൊരാളോട് പറയാൻ നിങ്ങൾ താൽപ്പര്യപ്പെടുന്ന കാര്യങ്ങളിൽ നിന്നും, ഈ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ കാര്യങ്ങളും നിങ്ങൾ ഫിൽറ്റർ ചെയ്യുകയാണെങ്കിൽ, ഉപയോഗപ്രദവും അതിശയകരവും ആത്മീയവുമായ കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങളുടെ മനസ്സിൽ ധാരാളം സ്ഥലമുണ്ടാകും. ഫിൽട്ടർ ചെയ്യാത്ത വിവരങ്ങൾ നിങ്ങളിൽ നിറയുമ്പോൾ , അത് മറ്റാരുടെയായാലും അല്ലെങ്കിൽ നിങ്ങളുടേതാണെങ്കിലും നിങ്ങൾ എല്ലായ്പ്പോഴും ഉപയോഗശൂന്യമായ കാര്യങ്ങളുടെ തിരക്കിലായിരിക്കും. മറ്റൊരാളുടെ പ്രശ്നങ്ങളെക്കുറിച്ച് ഗോസിപ്പുകൾ നൽകുന്നതിലൂടെ നിങ്ങൾ ഒരിക്കലും സന്തോഷിക്കാതിരിക്കുക. ഒരു വ്യക്തി നിങ്ങളുടെ മുന്നിൽ ഇല്ലാതിരിക്കുമ്പോൾ അവരെ കുറിച്ച് സംസാരിക്കാതിരിക്കുക എന്നത് നിങ്ങൾക്ക് ഒരു നിയമമാക്കുക.
ആരെങ്കിലും പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിൽ നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്. നിങ്ങളിൽ ഭൂരിഭാഗവും ഒരേ മാനസികാവസ്ഥയിലല്ല, നിങ്ങൾ കണ്ണുകൾ അടച്ചാൽ, നിങ്ങളുടെ അനുഭവത്തിൽ ഈ ലോകം ഇല്ലാതാകും. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ ക്ഷേമത്തിന് ആവശ്യമില്ലാത്ത ഒന്നിനും ഊർജ്ജം ഉപയോഗിക്കാത്ത വിധത്തിൽ ജീവിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. വിരസത, അലസത, നീരസം അല്ലെങ്കിൽ ദുരിതം എന്നിവയിലൂടെ മരിക്കുന്നതിനേക്കാൾ നല്ലത് ക്ഷീണത്താൽ മരിക്കുന്നതാണ്. വാർദ്ധക്യത്തിലാണെന്നതിനാൽ നിങ്ങളുടെ പ്രവർത്തനം കുറയ്ക്കണമെന്ന് അത് അർത്ഥമാക്കുന്നില്ല. വളരെയധികം തീവ്രതയോടും പങ്കാളിത്തത്തോടും കൂടി നിങ്ങൾ എന്തെങ്കിലും ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നാൽ, നിങ്ങളുടെ ശേഷി വർദ്ധിക്കും.
ഒരു ദിവസം, ഒരു ചെറുപ്പക്കാരൻ തന്റെ പശുക്കളെ മേയാൻ കാട്ടിലേക്ക് പോയി. അവിടെ വെച്ച് ഒരു പശു ഒരു കാളക്കുട്ടിയെ പ്രസവിച്ചു. ആദ്യമായി അദ്ദേഹം ഒരു ജനനത്തിന് സാക്ഷിയായി. പെട്ടെന്ന്, ഈ ചെറിയ ജീവൻ ഉണ്ടായിരിക്കുന്ന്നു- അത് അദ്ദേഹത്തിന് ഒരു അത്ഭുതമായിരുന്നു. കാളക്കുട്ടിയോട് ആഴമായ സ്നേഹവും അനുകമ്പയും അയാൾക്ക് അനുഭവപ്പെട്ടു, അയാൾ അതിനെ എടുത്ത് കെട്ടിപ്പിടിച്ചു. അതിന് നടക്കാൻ കഴിയാത്തതിനാൽ, അയാൾ അതിനെ തോളിലേറ്റി വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റേന്ന്, പശുക്കളുമായി കാട്ടിലേക്ക് പോയപ്പോൾ, വീണ്ടും കാളക്കുട്ടിയെ ചുമലിൽ ചുമന്നു, എല്ലാ ദിവസവും അദ്ദേഹം അത് തുടർന്നു. കാലക്രമേണ, ചെറിയ പശുക്കിടാവ് ഒരു വലിയ കാളയായി വളർന്നു. അതിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ആ മനുഷ്യന്റെ ശക്തിയും വർദ്ധിച്ചു. വലിയ കാളയെ ചുമലിൽ ചുമന്ന് ചുറ്റിനടന്നപ്പോൾ ആ പട്ടണത്തിലെ എല്ലാവരും കരുതി അദ്ദേഹം ഒരു സൂപ്പർമാൻ ആണെന്ന്. എനിക്ക് എല്ലായിടത്തും സൂപ്പർമാൻമാരെയും സൂപ്പർ സ്ത്രീകളെയും കാണാൻ ആഗ്രഹമുണ്ട്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നിങ്ങൾ ഒരിക്കലു ഒരു പരിധി ഏർപ്പെടുത്താതിരിക്കുക. ജീവിതം എവിടെയാണ് പരിധി നിശ്ചയിക്കുന്നത് എന്ന് നമുക്ക് നോക്കാം. സ്വയം പരിമിതപ്പെടുത്തുന്ന മനുഷ്യർക്ക് വലിയ കാര്യങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല.
സാധ്യമായ എല്ലാ വഴികളിലൂടെയും നിങ്ങളുടെ ജീവിതം പൂർണ്ണമായും ഉപയോഗിക്കുക എന്നത് പ്രധാനമാണ്. ഇതൊരു ഹ്രസ്വ ജീവിതമാണ്- പ്രയോജനകരമല്ലാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയം പാഴാക്കുന്നത് എന്തിനു വേണ്ടിയാണ്? ഒന്നുകിൽ നിങ്ങളുടെ ആന്തരിക ക്ഷേമത്തിനായി നിങ്ങൾ എന്തെങ്കിലും ചെയ്യണം, അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് ഉപയോഗപ്രദമായ എന്തെങ്കിലും നിങ്ങൾ ചെയ്യണം. നിങ്ങൾ തലയിണയിൽ തല വെയ്ക്കുന്ന നിമിഷം, നിങ്ങൾ ഊർജ്ജം മുഴുവൻ ദിവസം ചെലവഴിച്ചതിനാൽ നിങ്ങൾ തൽക്ഷണം ഉറങ്ങുന്നു, അങ്ങനെയായാൽ നിങ്ങൾ ചെയ്യുന്ന ഏത് സാധനയും പല മടങ്ങ് കൂടുതൽ ഫലപ്രദമാകും. എന്തുചെയ്യണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കരുത്. നിങ്ങൾ താല്പര്യമില്ലായ്മയിൽ നിന്ന് സന്നദ്ധതയിലേക്കും നിഷ്ക്രിയത്വത്തിൽ നിന്ന് കാര്യക്ഷമതയിലേക്കും മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം ആനന്ദകരമാകും; നിങ്ങളുടെ യാത്ര അനായാസമാകും. മരിക്കേണ്ട സമയമാകുമ്പോൾ നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, നിങ്ങൾ മനോഹരമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണാം. ഇത് നിങ്ങൾക്ക് സംഭവിക്കണം എന്നത് എനിക്ക് വളരെ പ്രധാനമാണ്. അതിമനോഹരമായി ലോകത്തെ പ്രകാശമാനമാക്കുക. ഞാൻ നിങ്ങളോടൊപ്പം ജ്വലിച്ചുകൊണ്ടിരിക്കും.