കൃഷിക്ക് അടുത്ത സാമ്പത്തിക വിപ്ലവത്തിന് ഇന്ധനമാകാന് കഴിയും
ഇന്ത്യയില്‍ ഇപ്പോള്‍ ഏതു രീതിയില്‍ കൃഷി നടത്തപ്പെടുന്നുവെന്നും, രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടു പോകുന്ന വിധത്തില്‍ കാര്ഷികവ്യത്തിയെ എങ്ങനെ കൂടുതല്‍ വേഗത്തിലാക്കാമെന്നതിനെപ്പറ്റിയും സദ്ഗുരു വിശദീകരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ നമുക്ക് ആഹാരം നല്കുന്ന കര്‍ഷകന്റെ കുട്ടികള്‍ പട്ടിണിയിലാണ്. അയാളാകട്ടെ സ്വന്തം ജീവനൊടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ കാലയളവില്‍ 3,00,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഈ രാജ്യത്തുണ്ടായ നാലു യുദ്ധങ്ങളിലും ഇത്രയേറെ ആളുകള്‍ മരണപ്പെട്ടിരുന്നില്ല. ഇതേക്കുറിച്ചോര്‍ത്ത് ലജ്ജ കൊണ്ട് എന്റെ ശിരസ്സു കുനിയുന്നു.
ലോകത്തിന്റെ അന്നദാതാവ്
നമ്മുടെ രാജ്യത്തിന് ലോകത്തിന്റെ അന്നദാതാവാകുന്നതിനുള്ള കഴിവുണ്ട്. കാരണം, നമുക്ക് വിവിധ അക്ഷാംശ രേഖകളിലായി വ്യാപിച്ചു കിടക്കുന്ന വൈവിദ്ധ്യമാര്‍ന്ന ദൈനംദിന കാലാവസ്ഥയും, മണ്ണും, സര്‍വ്വോപരി,'' മണ്ണിനെ ആഹാരമാക്കി മാറ്റുന്നതിനുള്ള മാന്ത്രികവിദ്യ''യെക്കുറിച്ചു നൈസര്‍ഗ്ഗിക ജ്ഞാനമുള്ള വലിയൊരു വിഭാഗം ജനങ്ങളുമുണ്ട്. നമ്മുടേതു മാത്രമാണ് ഇത്തരത്തിലുള്ള അനുഗ്രഹങ്ങളുള്ള ഒരേയൊരു രാജ്യം. എന്നാല്‍, ഇതു നമ്മള് വളരെ ആദായകരമായ ഒരു മേഖലയായി മാറ്റുന്നില്ലെങ്കില്‍, അടുത്ത തലമുറ കൃഷിയിലേക്കു തിരിയുമെന്നു കരുതേണ്ടതില്ല. ഇതു മാത്രമാകും ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുക. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കാതിരിക്കുന്ന പക്ഷം, ഇന്ത്യന്‍ ഗ്രാമങ്ങളെ നഗരവത്കരിക്കുകയെന്നത് ഒരു സ്വപ്നമായിത്തുടരും.
കൃഷിയെ ഒരു വന്‍ ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിനുള്ള ഏറ്റവും വലിയ തടസ്സം വ്യാപ്തിയാണ് – കര്‍ഷകന്റെ കൈയ്യിലുള്ള കൃഷിഭൂമി വളരെ കുറവാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളിലെ കാര്‍ഷികവൃത്തിയുടെയും അതിന്റെ ഫലമായി ഭൂമി രണ്ടായി വിഭജിക്കപ്പെട്ടതിനെയും തുടര്‍ന്ന് ഇന്ത്യയിലെ ഒരു ശരാശരി കര്‍ഷകന്റെ കൈയ്യിലുള്ള കൃഷിഭൂമി ഇപ്പോള്‍ കേവലം ഒരു ഹെക്ടാറിനു മേല്‍ മാത്രമാണ്. ഒരു ഹെക്ടര്‍ ഭൂമിയില്‍ നിങ്ങള്‍ എന്തു കൃഷി ചെയ്താലും അതു നിങ്ങളെ കടത്തില്‍ മുക്കുകയാകും ചെയ്യുക. ജലസേചനത്തിനുള്ള മുതല്‍ മുടക്കും വിപണിയില്‍ വിലപേശുന്നതിനുള്ള കഴിവില്ലായ്മയുമാണ് കര്‍ഷകരെ നശിപ്പിക്കുകയും അവരെ ദാരിദ്ര്യത്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിവിടുകയും ചെയ്യുന്ന രണ്ടു മുഖ്യ കാര്യങ്ങള്‍. വ്യാപ്തിയുടെ അഭാവത്തില്‍, ജീവത്പ്രധാനമായ ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നു.
വലിയ തോതിലുള്ള കൃഷി
അതു കൊണ്ട്, കര്‍ഷകരെ ഒരുമിച്ചു ചേര്‍ത്ത് ചുരുങ്ങിയ പക്ഷം 10,000 ഏക്കര്‍ കൃഷി ഭൂമിയെങ്കിലുമുള്ള കര്‍ഷകരുടെയും ഉദ്പാദകരുടെയും സംഘടനകള്‍ക്കു (Farmer-Producer Organization - FPO) രൂപം നല്‍കുന്നതിലൂടെ ഈ അവസ്ഥക്ക് എങ്ങനെ മാറ്റം വരുത്താമെന്നതിനെക്കുറിച്ചു നമ്മള് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ തങ്ങളുടെ കൃഷി ഭൂമിക്കു മേല്‍ നിയന്ത്രണം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി നമ്മള് നിയമവ്യവസ്ഥകള്‍ തയ്യാറാക്കി വരുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം സുരക്ഷിതമാണു താനും. കര്‍ഷകര്‍ക്കു വ്യക്തിപരമായി തങ്ങളുടെ ഭൂമി കൃഷി ചെയ്യാവുന്നതാണ്. എന്നാല്‍, കാര്യക്ഷമതയുള്ള കമ്പനികള്‍ കര്‍ഷകര്‍ക്കു വേണ്ടി വളരെ ചെറിയ തോതിലുള്ള ജലസേചനവും ഉത്പന്നങ്ങളുടെ വിപണനവും നിര്‍വ്വഹിക്കേണ്ടതുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഇതു നിര്‍വ്വഹിക്കപ്പെടുന്നത്, ഓരോ കൃഷിക്കാരനും തന്റെ സ്വന്തം പമ്പുസെറ്റും ബോര്‍വെല്ലും വൈദ്യുതി സൗകര്യവുമുണ്ടെന്ന നിലക്കാണ്. ഇതിനാവശ്യമായ മുതല്‍ മുടക്ക് വളരെ ഉയര്ന്നതായതായതിനാല് അനിവാര്യമായും അയാള്‍ കടക്കെണിയിലാകുകയും, ഭൂമി വിറ്റ് ഗ്രാമത്തില്‍ നിന്നും പോകേണ്ടതായോ തൂങ്ങി മരിയ്ക്കേണ്ടതായോ വരികയും ചെയ്യുന്നു. ഇതിനെല്ലാമുപരി, കര്ഷകന് തന്റെ ഉത്പന്നം വില്‍ക്കേണ്ടി വരുമ്പോള്‍ ഗതാഗത സൗകര്യമോ സംഭരണോപാധിയോ അംഗീകൃതമായ ഒരു വിപണി പോലുമോ ഇല്ലാതിരിക്കുകയും ചെയ്യുന്നു. വിള കൃഷി ചെയ്യുകയെന്നത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഒരു കാര്യവും, അതു വിപണനം ചെയ്യുകയെന്നത് ഒരു വലിയ സര്ക്കസ്സുമാണ്.
അതു കൊണ്ട്, കര്‍ഷകരുടെ സംഘങ്ങള്‍ക്കു വേണ്ടി സ്വകാര്യ മേഖലക്ക് സാമൂഹികാടിസ്ഥാനത്തില്‍ ചെറിയ തോതിലുള്ള ജലസേചന സൗകര്യവും വാടകക്കുള്ള ജലവിതരണ പദ്ധതിയും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ തുടക്കത്തില്‍ കര്‍ഷകര്‍ക്ക് വലിയ തുകകള്‍ പാഴാക്കേണ്ടി വരില്ല. മുതല്‍ മുടക്കുന്നവര്‍ക്ക് സുമായ ആദായം ലഭിക്കത്തക്ക വിധത്തില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ഉചിതമായ ഒരു നിയമ വ്യവസ്ഥ കരുപ്പിടിപ്പിയ്ക്കേണ്ടതാണ്. കൂടാതെ, ഉദാഹരണത്തിന്, ഒരു എഫ്.പി.ഒ. യിലെ അംഗങ്ങളായ 10,000 കര്‍ഷകരില്‍ നിന്നുമുള്ള വിളവുകള്‍ നിര്‍ദ്ദിഷ്ട സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ചു കൂട്ടാന്‍ കഴിയുന്ന പക്ഷം, കമ്പോളത്തില്‍ മെച്ചപ്പെട്ട പ്രതിഫലത്തിനു വേണ്ടി അവര്‍ക്കു വിലപേശല്‍ നടത്താന്‍ കഴിയും. ഇപ്രകാരം ലഭിക്കുന്ന ആദായം പ്രസ്തുത കര്‍ഷകനും ബന്ധപ്പെട്ട സ്ഥാപനത്തിനും പങ്കിട്ടെടുക്കാനും കഴിയും. ഇപ്രകാരം, ആഹാര സാധനങ്ങള്‍ കൃഷി ചെയ്യുന്നതൊഴികെയുള്ള മറ്റൊന്നിനെക്കുറിച്ചും ആവലാതിപ്പെടേണ്ടതില്ലാത്ത വിധത്തിലുള്ള ഒരു പിന്തുണ നമ്മള് കര്‍ഷര്‍ക്കു പ്രദാനം ചെയ്യുകയാണെങ്കില്‍, ഇന്ത്യക്കു ലോകത്തിന്റെ നെല്ലറയാകാന്‍ കഴിയും.
ഇന്ത്യയിലെ മണ്ണിന് പുതുജീവന്‍ നല്കല്
ആഹാരസാധനങ്ങള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ചു നമ്മുടെ കര്‍ഷകര്‍ക്കു വമ്പിച്ച പരിജ്ഞാനമുണ്ട്. എന്നാല്‍, അയാള്‍ നിരക്ഷരനായി കാണപ്പെടുന്നതിനാല്‍ കൃഷിപ്പണി ആര്‍ക്കും ചെയ്യാവുന്ന കാര്യമാണെന്നു ചിന്തിക്കുന്നതിനുള്ള ഒരു പ്രവണത നമുക്കുണ്ട്. എന്നാല്‍, കൃഷി വളരെ സങ്കീര്‍ണ്ണ സ്വഭാവമുള്ളതും സൂക്ഷ്മതയോടെ ചെയ്യേണ്ടതുമായ ഒരു പ്രവൃത്തിയാണ്. നമ്മുടെ കര്‍ഷകര്‍ ഇതിനു പ്രാപ്തരാണ്. കാരണം, തലമുറകളായി കൈമാറി വരുന്ന ഒരു കഴിവാണിത്.
തെക്കേ ഇന്ത്യക്ക് 12000 വര്‍ഷത്തെ സംഘടിത കാര്‍ഷികവൃത്തിയുടെ ചരിത്രമുണ്ടെങ്കിലും, നിര്‍ഭാഗ്യവശാല്‍ നമ്മള് മണ്ണില്‍ നിക്ഷേപിക്കുന്ന രാസവസ്തുക്കള്‍ ഹേതുവായി ഇന്ന് ഒരു തലമുറക്കാലം കൊണ്ട് വളരെയധികം കൃഷിഭൂമി ഉപയോഗശൂന്യമായി കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിളവു ലഭിക്കുകയും കാര്‍ഷികവൃത്തി കൊണ്ടു ജീവിക്കുകയും ചെയ്യണമെങ്കില്‍ മണ്ണിലെ രാസവള പ്രയോഗം ഒഴിവാക്കുക. വേണ്ടത് ജൈവാംശമാണ്. കൃഷിയിടത്തില്‍ വൃക്ഷങ്ങളും മൃഗങ്ങളുമുണ്ടെങ്കില് മാത്രമേ അവിടത്തെ മണ്ണ് ആരോഗ്യവത്തായിരിയ്ക്കൂ. അങ്ങനെയാകുമ്പോള്‍ ഇലകളും മൃഗാവശിഷ്ടങ്ങളും തിരികെ മണ്ണിലേക്കു ലയിച്ചു ചേരുന്നു.
ഇന്ത്യയില്‍ ചെറിയ തോതില്‍ വൃക്ഷങ്ങളുടെ ജൈവകൃഷി നടത്തുന്നത് വിജയകരമാണെന്നു നമ്മള് തെളിയിച്ചിട്ടുണ്ട്. ഇതു വഴി കര്‍ഷകരുടെ വരുമാനം മൂന്നു മുതല്‍ എട്ടുമടങ്ങായി പെരുകുന്നതു കണ്ടിട്ടുമുണ്ട്. കൃഷിസംബന്ധമായ അവരുടെ ചിലവുകള്‍ നിര്‍ണ്ണായകമാം വിധം കുറയുകയും, ജൈവോല്പന്നങ്ങള്ക്ക് ഇപ്പോള്‍ ലോകമെമ്പാടും വമ്പിച്ച ആവശ്യകത ഉണ്ടായിരിക്കുന്നതുമാണ് ഇതിനു കാരണം. വിയറ്റ്നാം പോലുള്ള ചില രാജ്യങ്ങളില്‍ ഈ മാറ്റം വലിയ തോതില്‍ പ്രാവര്ത്തികമാക്കിയിട്ടുണ്ട.് തന്നെയുമല്ല, വിയറ്റ്നാമീസ് വിദഗ്ദ്ധരോടു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, അവിടെ കര്‍ഷകരുടെ വരുമാനം ഇരുപതു മടങ്ങോളം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്.
ഇതോടൊപ്പം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, പാല്, മത്സ്യബന്ധനം, കരകൗശലവസ്തുക്കള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന വരുമാനം ഇതിനോടു കൂട്ടിച്ചേര്‍ക്കുന്ന പക്ഷം, ഗ്രാമീണ ഇന്ത്യയില്‍ അത് വളര്‍ച്ചയുടെ വലിയൊരു ചരിത്രം സൃഷ്ടിക്കുന്നതായിരിയ്ക്കും. തങ്ങളുടേതായ പങ്കാളിത്തം നിര്‍വ്വഹിക്കുന്നതിനും ലാഭം കൊയ്യുന്നതിനും കമ്പനികള്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. വൃക്ഷങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളെ ചുറ്റിപ്പറ്റി മുഴുവന്‍ സമ്പദ്വ്യവസ്ഥയ്ക്കും പലവിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഉദാഹരണത്തിന് ലോക കമ്പോളത്തില്‍ മരത്തടി, പഴങ്ങള്‍, ടൂറിസം എന്നിവക്കു മാത്രമുള്ള മൂല്യം കോടിക്കണക്കിനു ഡോളറാണ്.
ചേറില്‍ നിന്നും സമ്പത്തിലേക്ക്
ചേറിനെ സമ്പത്താക്കുകയെന്നതാണ് കോര്‍പ്പറേറ്റുകള്‍ക്കു നിര്‍വ്വഹിക്കാന്‍ കഴിയുന്ന മറ്റൊരു കര്‍മ്മം. നമ്മുടെ പട്ടണങ്ങളിലെയും നഗരങ്ങളിലെയും അഴുക്കു വെള്ളത്തില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിക്ഷേപിക്കപ്പെടുന്നത് പുഴകളിലും സമുദ്രത്തിലുമാണ്. ഇതു വലിയൊരു മാലിന്യ പ്രശ്നം മാത്രമല്ല, ഭീമമായ ഒരു സാമ്പത്തിക നഷ്ടം കൂടിയാണ്. കാരണം, ചേറിനെ സമ്പത്താക്കാന്‍ കഴിവുള്ള പല സാങ്കേതിക വിദ്യകളും ഇന്നു നിലവിലുണ്ട്. തങ്ങളുടെ പാഴ്ജലം കുടിവെള്ളമാക്കി മാറ്റിയതിലൂടെ സിങ്കപ്പൂര്‍ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും നിന്നുമുള്ള 36 ദശലക്ഷം മലിനജലം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പോലും, 6 മുതല്‍ 9 വരെ മില്ല്യണ്‍ കൃഷി ഭൂമിയില്‍ നമുക്കു ചെറിയ തോതില്‍ ജലസേചനം നിര്‍വ്വഹിക്കാന്‍ കഴിയും.
ഇവക്കെല്ലാറ്റിനുമായി സര്‍ക്കാരിനു പണം മുടക്കാന്‍ കഴിയില്ല. സര്‍ക്കാരില്‍ നിന്നുമുള്ള ധനസഹായം എല്ലായ്പ്പോഴും സമയോചിതമായി ലഭിക്കാറില്ലെന്ന ഒരു പരിമിതിയുണ്ട്. പ്രത്യേകിച്ചും, വൃക്ഷങ്ങളുമായി ബന്ധപ്പെട്ട കൃഷിയിലേക്കു വരുമ്പോള്‍, പ്രത്യേക സമയങ്ങളില്‍ നടീല്‍ നടക്കേണ്ടതിനാല്‍ കോര്‍പ്പറേറ്റു മേഖലക്കാണ് കൃഷിക്കാരെ സഹായിക്കുന്നതിനാവശ്യമായ ഉത്സാഹം പ്രകടിപ്പിക്കാന്‍ കഴിയുക.
100,000 ഹെക്ടാര്‍ കൃഷിഭൂമിയില്‍ 25,000 കര്‍ഷകരെക്കൊണ്ടു വലിയതോതില്‍ കൃഷിയിറക്കുന്നതിനായി കോര്‍പ്പറേറ്റു മേഖല നിക്ഷേപം നടത്തുന്ന പക്ഷം, അത് ചെറിയ തോതിലുള്ള സംഘടിതമായ ജലസേചനവും വിപണനവുമായി മാറ്റാവുന്നതാണ്. വമ്പിച്ച സാമ്പത്തിക വിജയമായിത്തീരുന്ന ഇതിനെക്കുറിച്ച് ആളുകള്‍ മനസ്സിലാക്കുന്ന പക്ഷം, പിന്നീടതിന് അവസാനമുണ്ടാകുകയില്ല. ആളുകളത് രാജ്യമെമ്പാടുമെത്തിക്കാന്‍ തുടങ്ങും.
നാം സമ്പദ്ഘടനയെ കുറിച്ചു ചിന്തിക്കുമ്പോള്‍, നമ്മള് നോക്കുന്നത് സ്റ്റോക്ക് മാര്‍ക്കറ്റും മറ്റു കാര്യങ്ങളുമാണ്. എന്നാല്‍ ജനസംഖ്യയുടെ 65% ഗ്രാമീണ മേഖലയിലാണ്. നാം അവരുടെ വരുമാനം ഇരട്ടിയാക്കിയാല്‍, നമ്മുടെ സമ്പദ്ഘടന വളരെയധികം അഭിവൃദ്ധി പ്രാപിക്കും.
ഇന്ന് ഇന്ത്യ സമൃദ്ധിയുടെ ഉമ്മറപ്പടിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. അടുത്ത രണ്ടു വര്‍ഷത്തെ കാലയളവില്‍ നമ്മള് ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍, വമ്പിച്ച സംഖ്യ വരുന്ന ഈ ജനങ്ങളെ ജീവിതത്തിന്റെ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനു നമുക്കു കഴിയും. ഈ മാറ്റം സാദ്ധ്യമാക്കുന്നതിന് തങ്ങളുടെ വൈദഗ്ദ്ധ്യവും കഴിവുകളും വിനിയോഗിക്കുന്നതിനുള്ള ഉത്തരവാദിത്വവും സവിശേഷാവകാശവും കോര്‍പ്പറേറ്റു മേഖലക്കുണ്ട്. ഇത് ഔദാര്യമല്ല, വളരെ മൂര്‍ത്തമായ പ്രതിഫലമുള്ള ഒരു നിക്ഷേപമാണ് - സാമ്പത്തികമായും, മില്ല്യണ്‍ കണക്കിന് മനുഷ്യര്‍ക്ക് അന്തസ്സും സമൃദ്ധിയുമുള്ള ഒരു ജീവിതം പ്രദാനം ചെയ്യുന്നുവെന്ന അര്‍ത്ഥത്തിലും.