മഹാഭാരതം 4. ശകുന്തളയും, ഭരതനും
ഇന്നത്തെ കഥയില്‍,സദ്ഗുരു ഭരതന്റെ ജനനത്തെ കുറിച്ചും ശകുന്തളയുടേയും ദുഷ്യന്തന്റെയും പ്രശസ്തമായ കഥയും നമ്മോടു പറയുന്നു,
ശകുന്തളയുടെ ജനനം
സദ്ഗുരു:- പുരുവിനു ശേഷം ഏതാനും തലമുറകള്‍ കഴിഞ്ഞു. വിശ്വാമിത്രന് എന്ന രാജാവ് നാടുവാണിരുന്ന കാലം. അദ്ദേഹത്തിന് കൗശികന് എന്നും പേരുണ്ടായിരുന്നു. ഋഷിമാരുടേയും, യോഗികളുടേയും ശക്തിയും സിദ്ധിയും കണ്ടറിഞ്ഞ മഹാരാജാവിനൊരു തോന്നല്‍. അതുമായി തുലനം ചെയ്യുമ്പോള്‍ രാജകീയമായ ശക്തിയും അധികാരവും വളരെ നിസ്സാരമാണെന്ന്. അതു കൊണ്ട് അദ്ദേഹം നിശ്ചയിച്ചു താനും ഒരു ഋഷിയാകും. വാസ്തവത്തില്‍ അദ്ദേഹം ക്ഷത്രിയനായിരുന്നു. രാജവംശത്തില്‍ ജനിച്ചവന്.
വിശ്വാമിത്രന് തപസ്സു തുടങ്ങി. അതിന്റെ തീവ്രത ദേവേന്ദ്രനെ പരിഭ്രാന്തനാക്കി. വിശ്വാമിത്രന്റെ തപസ്സ് സഫലമായാല്‍ തനിക്ക് സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയായി. അദ്ദേഹം വിശ്വാമിത്രനെ പ്രലോഭിപ്പിക്കാനായി മേനക എന്ന അപ്സരസ്സിനെ ഭൂമിയിലേക്കയച്ചു. വിശ്വാമിത്രനെ വശീകരിച്ച് അദ്ദേഹത്തിന്റെ തപസ്സിന് വിഘ്നം വരുത്തുക. അതായിരുന്നു ഇന്ദ്രന് മേനകയെ ഏല്‍പ്പിച്ച ജോലി. അതില്‍ അവള് വിജയിച്ചു. മേനകയില്‍ വിശ്വാമിത്രന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു.
ക്രമേണ വിശ്വാമിത്രനും ബോദ്ധ്യമായി. ഇതു വരെയുള്ള സാധനയിലൂടെ താന്‍ നേടിയതെല്ലാം നഷ്ടമായിരിക്കുന്നു. മേനകക്ക് വശംവദനായതിലൂടെ തന്റെ തപസ്സിന് ഭംഗം വന്നിരിക്കുന്നു. അദ്ദേഹം കോപിഷ്ഠനായി. അമ്മയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് നടന്നകന്നു. മേനകക്ക് അതൊരു പ്രശ്നമായില്ല. അവള് ദേവസ്ത്രീയാണ്. സ്ഥിരതാമസം ദേവലോകത്തിലാണ്. ഭൂമിയില്‍ കുറച്ച് നാളത്തെ താമസത്തിനെത്തിയ വിരുന്നുകാരി മാത്രം. അവള് ദേവലോകത്തിലേക്കു മടങ്ങാന്‍ നിശ്ചയിച്ചു. പക്ഷെ കുഞ്ഞിനെ എന്തു ചെയ്യും. കുഞ്ഞിന്റെ അച്ഛന് മുഖം തിരിച്ച് പോയിക്കഴിഞ്ഞു. സങ്കടത്തോടു കൂടിയാണെങ്കിലും കുഞ്ഞിനെ മാലിനി നദിയുടെ തീരത്തുപേക്ഷിച്ച് മേനക ഇന്ദ്രലോകത്തിലേക്കു മടങ്ങി.
വനത്തിലെ ശകുന്തപ്പക്ഷികളാണ് ആ കുഞ്ഞിനെ ആദ്യം കണ്ടത്. അവര്‍ ചുറ്റും നിന്ന് അവളെ, മറ്റു ജന്തുക്കള്‍ അപായപ്പെടുത്താതെ രക്ഷിച്ചു. ആ വഴി വന്ന കണ്വന് എന്ന മുനി വിചിത്രമായ ഈ കാഴ്ച്ച കണ്ട് അതിശയിച്ചു നിന്നു. തീരെ ചെറിയൊരു കുഞ്ഞ് വെറും തറയില്‍ കിടക്കുന്നു. അവളെ പരിപാലിച്ചു കൊണ്ട് ഒരു കൂട്ടം ശകുന്തങ്ങള്‍ ചുറ്റും നില്ക്കുന്നു. മുനി കുഞ്ഞിനെയെടുത്ത് സ്വന്തം ആശ്രമത്തിലേക്കു കൊണ്ടു വന്നു. തന്റെ മകളായി വളര്‍ത്തി വലുതാക്കി. ശകുന്തങ്ങളാല്‍ പാലിക്കപ്പെട്ട ആ കുഞ്ഞിന് മഹര്‍ഷി ശകുന്തള എന്നു പേരിട്ടു. അവള് അതിസുന്ദരിയായൊരു കന്യകയായി വളര്‍ന്നു.
ഒരു നാള് ദുഷ്യന്ത മഹാരാജാവ് യുദ്ധത്തിനായി പുറപ്പെട്ടു. യുദ്ധത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍, തന്റെ സൈന്യത്തിന് ആഹാരം നല്കാന് വേണ്ടി കാട്ടിലെ മൃഗങ്ങളെയൊക്കെ ഒരാലോചനയും കൂടാതെ കൊല്ലാന്‍ തുടങ്ങി. രാജാവെയ്ത അമ്പ് വലിയൊരു കലമാന്റെ ശരീരത്തില്‍ തറച്ചു. മാന്‍ നില്‍ക്കാതെ വളരെ ദൂരത്തേക്ക് ഓടിപ്പോയി. രാജാവ് മുറിവേറ്റ മാനിനെ പിന്തുടര്ന്നു. ഒടുവില്‍ അതിനെ കണ്ടെത്തിയത് ശകുന്തളയുടെ കൈകളില്‍. ആ മാന്‍ അവളുടെ ഓമനയായിരുന്നു. വളരെ സ്നേഹത്തോടെ, കാരുണ്യത്തോടും കൂടി തന്റെ അരുമയെ ശുശ്രൂഷിക്കുന്ന ശകുന്തളയെ കണ്ട് രാജാവ് മുഗ്ദ്ധനായി. രാജധാനിയിലേക്കു മടങ്ങാതെ ദുഷ്യന്തന് കുറെനാള്‍ കാട്ടില്‍ത്തന്നെ താമസിച്ചു. കണ്വന്റെ അനുവാദത്തോടെ ശകുന്തളയെ വിവാഹം കഴിച്ചു.
മഹാരാജാവിന് നഗരത്തിലേക്ക് മടങ്ങാന്‍ കാലമായി അവിടെച്ചെന്ന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത ശേഷം ശകുന്തളയെ കൊണ്ടു പോകാന്‍ തിരിച്ചു വരാമെന്ന് അദ്ദേഹം വാക്കു കൊടുത്തു. തന്റെ ഓര്‍മ്മക്കായി, ആ വിവാഹം നടന്നതിനുള്ള അടയാളമായി ദുഷ്യന്തന് തന്റെ മുദ്രമോതിരമൂരി ശകുന്തളയുടെ വിരലിലണിയിച്ചു. സ്വഭാവികമായും ആ മോതിരം അവളുടെ വിരലില്‍ അയഞ്ഞു കിടന്നു. “ഞാന്‍ തിരികേ വരും” ഒരിക്കല്‍ കൂടി ഉറപ്പു പറഞ്ഞു കൊണ്ട് രാജാവ് യാത്രയായി.
ശകുന്തളാ സദാ മനോരാജ്യത്തില്‍ മുഴുകി കഴിഞ്ഞു ഒരു വനകന്യക രാജവധുവാകുന്നു....ചക്രവര്ത്തിനിയാകുന്നു. ഒരു ദിവസം കണ്വനെ കാണാന്‍ ദുര്‍വാസാവ് മഹര്‍ഷി ആശ്രമത്തിലെത്തി. പെട്ടെന്ന് കോപം വരുന്ന സ്വഭാവം. ശകുന്തളയെ വിളിച്ചു. അവള് വിളി കേട്ടില്ല, കണ്ണു തുറന്നിരുന്ന് സ്വപ്നം കാണുന്നതിനിടയില്‍ മുനി വന്നതും വിളിച്ചതും അവളറിഞ്ഞില്ല. അവള് തന്നെ ധിക്കാരിച്ചതാണെന്ന് മഹര്‍ഷിക്കു തോന്നി. ഉടനെ ശപിക്കുകയും ചെയ്തു. “ആരിലാണൊ നിന്റെ മനസ്സിപ്പോള്‍ ഊന്നി നില്‍ക്കുന്നത് അവന് നിന്നെ എന്നെന്നേക്കുമായി മറന്നു പോകട്ടെ!”. “അയ്യോ! അരുതേ....” പെട്ടെന്ന് മനോരാജ്യത്തില്‍ നിന്നുമുണര്‍ന്ന ശകുന്തള മുനിയുടെ ശാപം കേട്ട് ഉറക്കെ നിലവിളിച്ചു. “അങ്ങ് എന്നെ ഇങ്ങനെ ശപിക്കരുതേ....അതിനു തക്കവണ്ണം ഞാനെന്തു തെറ്റു ചെയ്തു?”
ആശ്രമവാസികളായ ചിലര്‍ വന്ന് മഹര്‍ഷിയെ സല്ക്കരിച്ചു. ശകുന്തളയുടെ വര്‍ത്തമാനങ്ങള്‍ ധരിപ്പിച്ചു. “ഭര്‍ത്താവ് വരുന്നതും, തന്നെ രാജധാനിയിലേക്കു കൊണ്ടു പോകുന്നതും പ്രതീക്ഷിച്ചു കഴിയുന്ന നവവധുവാണ് ശകുന്തള. അവര്‍ ചെയ്ത അപരാധം പൊറുക്കുക.” മഹര്‍ഷിയുടെ ഉള്ളം തണുത്തു. അദ്ദേഹം തന്റെ ശാപത്തില്‍ ഒരു തിരുത്തല്‍ വരുത്താന്‍ തയ്യാറായി. “അദ്ദേഹം ഇവളെ മറക്കുമെന്ന കാര്യത്തില്‍ മാറ്റമില്ല. എന്നാല്‍ തക്കതായ അടയാളമെന്തെങ്കിലും കാട്ടിക്കൊടുത്താല്‍ ഉടനെ ഓര്‍മ്മിച്ചു കൊള്ളും.”
ഭരതന്റെ ജനനം
ദുഷ്യന്തന്റെ വരവും കാത്ത് ശകുന്തള നാളുകളേറെ കഴിച്ചു. അതിനിടയില്‍ ഭരതനെന്ന പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ ഭരതന്റെ പേരില്‍ നിന്നാണ് ഭാരതമെന്ന് നമ്മുടെ രാജ്യത്തിന് പേര് ലഭിച്ചത്. ഭാരതവര്‍ഷം എന്നും നമ്മുടെ നാട് അറിയപ്പെട്ടിരുന്നു. ഭരതന് ഒരു മാതൃകാപുരുഷനായിരുന്നു. ഒട്ടേറെ വിശേഷഗുണങ്ങളുള്ള ഒരു ചക്രവര്‍ത്തിയുമായിരുന്നു.
ഭരതന് വളര്‍ന്നത് കാട്ടിലായിരുന്നു. ഒരു ദിവസം കണ്വന് ശകുന്തളയോടു പറഞ്ഞു, “രാജധാനിയില്‍ ചെന്ന് നീ ദുഷ്യന്തന്റെ പത്നിയാണെന്ന് അദ്ദേഹത്തിനെ അറിയിക്കണം, നിന്റെ മകന് രാജകുമാരനാണ്. അച്ഛന്റെ ശിക്ഷണത്തിലാണ് അവന് വളരേണ്ടത്”ശകുന്തള തന്റെ മകനേയും കൊണ്ട് ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. മകനേയും കൂട്ടി രാജധാനിയിലേക്കു പോകും വഴി ശകുന്തള തോണിയില്‍ കയറി ആറ്റിലൂടെ സഞ്ചരിക്കുകയുണ്ടായി. അന്നേരം അവളുടെ വിരലില്‍ കിടന്നിരുന്ന രാജാവിന്റെ മുദ്രമോതിരം വെള്ളത്തിലേക്ക് ഊര്‍ന്നു വീണു. സ്വതവേ അയഞ്ഞു കിടന്നിരുന്ന മോതിരം വീണുപോയത് ആലോചനയില്‍ മുഴുകിയിരുന്നിരുന്ന ശകുന്തള അറിഞ്ഞില്ല.
മഹാരാജാവ് ആദ്യം അവളെ തിരിച്ചറിഞ്ഞില്ല. “ഞാന്‍ അങ്ങയുടെ പത്നിയായ ശകുന്തളയാണ്. ഇത് നമ്മുടെ മകനാണ്. “ഇതെന്തു ധിക്കാരം? “മഹാരാജാവിന് കലശലായ ദേഷ്യം വന്നു. “ഇങ്ങനെയൊക്കെ എന്റെ മുമ്പില്‍ വന്നു പുലമ്പാന്‍ എങ്ങനെ ധൈര്യം വന്നു?....രാജഭടന്മാര് ശകുന്തളയെ കൊട്ടാരത്തില്‍ നിന്നും പുറത്താക്കി. ശകുന്തള ആകെ പകച്ചു പോയി “തന്നെ പ്രാണസമം സ്നേഹിച്ചിരുന്ന ഭര്‍ത്താവ് ഇപ്പോള്‍....തന്നെ മറന്നുവെന്നോ?”
അങ്ങേയറ്റം അപമാനിതയായി ശകുന്തള മകനേയും കൊണ്ട്, തിരിച്ചു പോയി. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തുന്ന നോട്ടം. അവള് കൂടുതല്‍ കൂടുതല്‍ ഉള്‍വലിഞ്ഞു. ഏകാന്തവാസം ശീലമാക്കി. കാട്ടുമൃഗങ്ങളോടൊത്ത് കളിച്ചും, മല്ലിട്ടും ഭരതന് വളര്‍ന്നു. കരുത്തനും, ധൈര്യശാലിയുമായി, താന്‍ ജീവിച്ച വനഭൂമിയുടെ തന്നെ ഒരു ഭാഗമായിത്തീര്‍ന്നു.
വളരെ ദിവസങ്ങള്‍ക്കു ശേഷം ആ മോതിരം വീണ്ടും ദുഷ്യന്തന്റെ കൈയ്യില്‍ വന്നു പെട്ടു. നായാട്ടിനായി പതിവു പോലെ കാട്ടിലെത്തിയ മഹാരാജാവ് ലക്ഷണമൊത്തൊരു ബാലന് കാട്ടുമൃഗങ്ങളുമായി കളിച്ചു നടക്കുന്നതു കാണാനിടയായി. കൊമ്പനാനപ്പുറത്ത് അനായാസം കയറുന്നു. മുതിര്‍ന്ന സിംഹങ്ങളുമായി അടുത്തിടപഴകുന്നു. ദുഷ്യന്തന് കുട്ടിയെ വിളിച്ച് കൗതുകത്തോടെ വിവരങ്ങള്‍ തിരക്കി. ഇത്രയും ചെറുപ്പത്തില്‍ ഇത്രയും പരാക്രമിയായ നീ ആരാണ്? ആരുടെ മകനാണ്? ഏതെങ്കിലും ദേവന്റെയോ ഗന്ധര്വന്റേയോ പുത്രനാണോ?” ഞാന്‍ഭരതനാണ്. ദുഷ്യന്ത മഹാരാജാവിന്റെ മകന്” കുട്ടി കൂസല്‍ കൂടാതെ മറുപടി പറഞ്ഞു. “ഞാനാണ് ദുഷ്യന്ത മഹാരാജാവ്. എന്നിട്ടും ഞാന്‍ നിന്നെ തിരിച്ചറിയാതിരിക്കാന്‍ എന്താവും കാരണം?” രാജാവ് പരിഭ്രാന്തനായി. കണ്വമഹര്‍ഷി സ്വയം അവിടെ വന്ന് കാര്യങ്ങളെല്ലാം ദുഷ്യന്തനെ ബോദ്ധ്യപ്പെടുത്തി. തനിക്കു പറ്റിയ അബദ്ധം കാരണം രാജാവ് പശ്ചാത്താപത്താല്‍ വിവശനായി. കണ്വന്റെ അനുഗ്രഹത്തോടെ ശകുന്തളയെ വീണ്ടും സ്വീകരിച്ചു. അമ്മയേയും മകനേയും രാജധാനിയിലേക്കാനയിച്ചു.