നാം ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കണോ?
ഗൌതം ഗംഭീറും സദ്ഗുരുവും രാജ്യത്തിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുന്നു, പിന്നെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ നാം എഴുന്നേറ്റു നില്‍ക്കണോ എന്ന കാര്യത്തെ കുറിച്ചും.
ഗൗതം: എനിക്ക് അറിയാനുള്ള ഒരു കാര്യം, എന്തുകൊണ്ടാണ് ദേശീയ ഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നതിനെ കുറിച്ച് ഒരു വാദപ്രതിവാദം എന്നാണ്. എന്റെ വിശ്വാസം ഇതാണ്, ഈ രാജ്യം നമുക്ക് ഒട്ടേറെ നൽകിയിട്ടുണ്ട്, ഇവിടെ അമ്പത്തിരണ്ട് സെക്കൻഡ് എഴുന്നേറ്റ് നിൽക്കുന്നതിനെ കുറിച്ച് വാദപ്രതിവാദം ഉണ്ടാകാൻ പാടില്ലാത്തതാണ്, അത് സിനിമ ഹാളിലായാലും, സ്കൂളിലായാലും, എവിടെയായാലും. അതിന്റെ സത്യം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
സദ്ഗുരു:നമസ്കാരം ഗൗതം! നമ്മുടെ രാജ്യത്ത് ഇന്ന് ഇതു പോലൊരു ചോദ്യം ചോദിക്കേണ്ടി വരുന്നത് തന്നെ നിർഭാഗ്യകരമല്ലേ?നമ്മളിത് മനസ്സിലാക്കണം, രാജ്യം എന്നത് ദൈവം നൽകിയ ഒന്നല്ല. നമ്മളെല്ലാം അംഗീകരിച്ചിട്ടുള്ള ഒരു ആശയമാണത്. ഒരു രാജ്യം അതിന്റെ ഭരണഘടനയുടെ രൂപത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു, രാജ്യത്തിന്റെ ചിഹ്നങ്ങള്‍ പതാകയുടെയും ദേശീയഗാനത്തിന്റെയും രൂപത്തിലും നമുക്ക് മുന്നിലെത്തുന്നു. അപ്പോള്‍ ചോദ്യമിതാണ്, ഒരു രാജ്യമായി നമുക്ക് പ്രവര്‍ത്തിക്കുകയും, ജീവിക്കുകയും, അഭിവൃദ്ധിപ്പെടുകയും ചെയ്യണമെങ്കില്‍, ഒരു രാജ്യമായി നമുക്ക് ശ്രേഷ്ഠമാകണമെങ്കിൽ, രാജ്യത്തോട് അഭിമാനവും ദേശഭക്തിയും ഉണ്ടാകേണ്ടത് പ്രധാനമല്ലേ?
"ദേശീയവാദത്തെ" കുറിച്ച് സംസാരിക്കുന്ന ഒരാളല്ല ഞാൻ. അല്ല. ഞാൻ "മനുഷ്യത്വ"ത്തിന് വേണ്ടി നില കൊള്ളുന്നയാളാണ്. മാനവ അസ്തിത്വത്തിന്റെ സാര്‍വ്വലൗകികതയാണ് എന്റെ നിലപാട്. എന്നാൽ, ഇപ്പോൾ നിങ്ങൾക്ക് അഭിസംബോധന ചെയ്യാനാകുന്ന ജനസംഖ്യയുടെ വലിയ വിഭാഗം, ഒരു രാജ്യമാണ്. ഇന്ത്യ ഒരു രാജ്യം എന്ന നിലയിൽ 130 കോടി ജനങ്ങളാണ്. ഇതൊരു ലോകം തന്നെയാണ്. നാം ശക്തമായ ദേശീയ ബോധം സൃഷ്ടിച്ചില്ലെങ്കിൽ, നമുക്ക് അഭിവൃദ്ധിപ്പെടാനാകില്ല, ലോകത്തിന്റെ ക്ഷേമത്തിൽ നമുക്ക് സംഭാവന നൽകാനാകില്ല, നമുക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.
അതിനാൽ, ദേശീയ ഗാനം അതിന്റെ ഒരു വശം മാത്രമാണ്. ഞാൻ എഴുന്നേറ്റ് നിൽക്കണോ വേണ്ടയോ? ശരി, നിങ്ങൾക്ക് കാലുകളില്ലെങ്കിൽ, നിങ്ങൾ എഴുന്നേൽക്കേണ്ടതില്ല. എന്നാൽ നിങ്ങൾക്ക് കാലുകളില്ലെങ്കിലും പോലും നിങ്ങൾ ദേശീയ ഗാനത്തോടും പതാകയോടും ആദരവ് കാണിക്കണം, കാരണം ഇവ ദേശീയതയുടെ അടയാളങ്ങളാണ്. ഇതിലൂടെയാണ് ഒരു രാജ്യം ഏകീകൃതമാകുന്നത്. നിങ്ങൾക്ക് അഭിമാനത്തോടെ ദേശീയഗാനം ആലപിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദേശീയത സംബന്ധിച്ച ചോദ്യത്തിന്റെ പ്രസക്തിയെന്താണ്?
"ഇപ്പോൾ ഞാൻ ഒരു സിനിമ ഹാളിൽ പ്രത്യേകമായി എഴുന്നേറ്റ് നിൽക്കണോ? ഞാൻ വിനോദത്തിനാണ് അവിടെ വന്നത്!" ശരി, അത്തരം ആളുകളോട് ഞാനൊന്ന് ചോദിക്കട്ടെ. എന്നാണ് നിങ്ങൾ അവസാനമായി റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്? എന്നാണ് നിങ്ങൾ അവസാനമായി സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തലിൽ പങ്കെടുത്തത്? മറ്റെവിടെയെങ്കിലും പോയി എപ്പോഴാണ് നിങ്ങൾ ദേശീയ ഗാനം ആലപിച്ചത്, ഒരു പക്ഷെ ഹൈസ്കൂളിലായിരിക്കാം, അങ്ങനെ ചെയ്യാൻ നിർബന്ധിതരായപ്പോള്, നിങ്ങളത് ചെയ്തു. അന്നു മുതൽ നിങ്ങൾ ഈ രാജ്യത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയാണ്! നിങ്ങള്‍ രാജ്യത്തിനു വേണ്ടി സംഭാവനകള്‍ നല്കി അതിനെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഇന്ത്യൻ ആര്‍മിയിലും, സൈന്യത്തിന്റെ മറ്റു വിഭാഗങ്ങളിലുമായി ദശലക്ഷത്തിലേറെ ആളുകളുണ്ട്. ഈ ദശലക്ഷത്തിലേറെ ആളുകൾ എല്ലാ ദിവസവും അവരുടെ ജീവന് പണയം വെച്ച് അതിർത്തികളിൽ കാവൽ നിൽക്കുന്നു. എല്ലാ ദിവസവും നിങ്ങൾ അത്യാഹിതങ്ങൾ കേൾക്കുന്നു. ദയവായി അവരോട് നിങ്ങള്‍ക്ക് ഈ രാജ്യം ഒട്ടും വിഷയമല്ലെന്ന് പറയുക, എങ്കിൽ അവർക്കും വീട്ടില്‍ പോയി അവരുടെ ജീവിതം ജീവിക്കാം. ഈ രാജ്യത്തെ കുറിച്ച് നിങ്ങൾക്ക് ഒരു കരുതലുമില്ലെങ്കിൽ ജീവൻ പണയം വച്ച് ഈ രാജ്യത്തെ സംരക്ഷിക്കാൻ അവർ എന്തിന് അവിടെ നിൽക്കണം?
ദേശീയതയുടെ ഒരു അവബോധം ഈ രാജ്യത്തെ യുവാക്കളുടെയും ഓരോ പൗരന്റെയും മനസ്സുകളിലും ഹൃദയങ്ങളിലും ശക്തമായി നിർമ്മിച്ചെടുക്കേണ്ടതാണ്. സ്വാതന്ത്ര്യം കിട്ടിയ ശേഷം നമ്മൾ ചെയ്യാതിരുന്ന നിർഭാഗ്യകരമായ ഒരു കാര്യമാണിത്. സ്വാതന്ത്ര്യത്തിനു ശേഷം ഉടൻ ഇത് ചെയ്യേണ്ടിയിരുന്നു, കാരണം രാജ്യം നിലനിൽക്കുന്നത് നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലുമാണ്. സ്വാതന്ത്യ്രാനന്തരം രാജ്യത്തെ കുറിച്ച് വളരെ വൈകാരികതയും ആവേശവും ഉണ്ടായിരുന്നപ്പോൾ അത് ചെയ്യേണ്ടിയിരുന്നു. ദൗർഭാഗ്യവശാൽ ഈ പ്രക്രിയ നമ്മൾ ഫലപ്രദമായി ചെയ്തില്ല. ആളുകളിൽ ഒട്ടു മിക്കവരും സ്വയം തിരിച്ചറിയുന്നത് അവരുടെ മതങ്ങളും അവരുടെ ജാതിയും വിശ്വാസവും ലിംഗവും ക്ലബ്ബുകളും, അങ്ങനെ പലതുമായാണ്, പിന്നെ എല്ലാത്തിനുമുപരി അവരുടെ അപക്വമായ സ്വകാര്യ ബോധവും.
രാജ്യത്തിന് വേണ്ടി നമ്മൾ എഴുന്നേറ്റ് നിൽക്കണോ? നൂറു ശതമാനം! രാജ്യത്തിനായി എഴുന്നേൽക്കുന്നതിന്റെ ഭാഗമാണോ ദേശീയഗാനം? അതെ! അമ്പത്തിരണ്ട് സെക്കന്റ്. ഇതേക്കുറിച്ച് വാദപ്രതിവാദമുണ്ടോ? ഈ ചോദ്യം ഉന്നയിക്കുന്നവർ ഒരു കൈയ്യിൽ നിറഞ്ഞ പോപ്പ് കോൺ കാനും മറുകൈയ്യിൽ കൊക്കകോളയും പിടിച്ചവരാണ് – അത് തുളുമ്പുമോ എന്നവര്‍ക്ക് പേടിയാണ്. അത് കൊണ്ടാണവര്‍ക്ക് എഴുന്നേല്ക്കാന് ഇഷ്ടമില്ലാത്തത്.
ഈ വാദപ്രതിവാദം അവസാനിപ്പിക്കണം. ഈ രാജ്യത്തെ ശരിയായ പോഷണം പോലും ലഭിക്കാത്ത, ഈ നാല്പതു കോടി ആളുകളെ കുറിച്ച് നമുക്ക് ചിന്തയുണ്ടെങ്കിൽ, ദേശീയതയുടെ ശക്തമായ ഒരു വികാരത്തിലേക്ക് ഈ രാജ്യത്തെ ബന്ധിക്കേണ്ടത് പരമപ്രധാനമാണ്. ഇതില്ലാതെ രാജ്യം ഉണ്ടാകില്ല, കാരണം രാജ്യമെന്നാല്‍ നാമെല്ലാം എത്തിച്ചേര്‍ന്ന ഒരു ഉടമ്പടിയാണ്. നാമീ രാജ്യത്തെ ജനങ്ങളാണാണെന്ന് പറയുമ്പോള്‍, ആദരിക്കുകയും മാനിക്കുകയും എഴുന്നേറ്റ് നിൽക്കുകയും ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നത് നമ്മൾ സമ്മതിക്കുകയും ചെയ്യുന്നു.
Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.