ശ്വസനം - മോചനത്തിലേക്കുള്ള ഇടനാഴി
സദ്ഗുരു ശ്വസന പ്രക്രിയയെ നോക്കിക്കാണുകയും, അതിനെ എങ്ങനെ ഉയര്‍ന്ന സാദ്ധ്യതകളിലേക്കുള്ള ഒരു പ്രവേശന മാര്ഗ്ഗമാക്കാമെന്നു വിശദീകരിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ അല്പം കൂടി ബോധവാനാകുകയാണെങ്കില്, ശ്വസനം സ്വാഭാവികമായും നിങ്ങളുടെ അവബോധത്തിലേക്കു വരുന്നു. എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോഴായിരുന്നു ഞാന്‍ ശ്വസനത്തെ ആസ്വദിക്കാന്‍ തുടങ്ങിയത്. ഞാന്‍ മണിക്കൂറുകളോളം എന്റെ ചെറിയ നെഞ്ചിന്റേയും ഉദരത്തിന്റേയും നിരന്തരവും താളാത്മകവുമായ ചലനം താത്പര്യത്തോടെ നിരീക്ഷിക്കുന്നതില്‍ മുഴുകിയിരുന്നു. വളരെ വൈകി മാത്രമായിരുന്നു ധ്യാനമെന്ന ആശയം എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്. എന്നാല്‍ നിങ്ങള്‍ ഒരല്പം ബോധവാനാകുകയാണെങ്കില്, അനവരതം തുടര്‍ന്നു കൊണ്ടിരിക്കുന്ന ശ്വസനത്തിന്റെ ലളിതമായ താളത്തെ നിങ്ങള്‍ക്ക് അവഗണിക്കാനാകില്ല.
ഭൂരിഭാഗം ആളുകളും തങ്ങളുടെ ശ്വസനത്തെ ശ്രദ്ധിക്കുന്നത്, ശ്വാസനാളത്തിന്റെ സങ്കോചം മൂലമുണ്ടാകുന്ന അസ്വസ്ഥത ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ശ്വാസോച്ഛ്വാസ ഗതി അമിതമാകുന്ന അവസ്ഥയില്‍ മാത്രമാണ്. ശ്രദ്ധാ സംബന്ധമായ എന്തെങ്കിലും ഗൗരവപ്പെട്ട പ്രശ്നമുള്ളതു കൊണ്ടു മാത്രമാണ് അവര്‍ക്കു സ്വാഭാവിക ശ്വസനത്തിനുള്ള കഴിവു നഷ്ടമാകുന്നത്. ഇക്കാലത്ത് ശ്രദ്ധയെ സംബന്ധിച്ച തങ്ങളുടെ പോരായ്മകളെ ആളുകള്‍ ഒരു യോഗ്യതയായാണു കൊണ്ടു നടക്കുന്നത്.
നിങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധയെ കൊണ്ടു വരല്
നിങ്ങളുടെയും പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികളുടെയും ജീവിതങ്ങളിലേക്കു ശ്രദ്ധയെ കൊണ്ടു വരികയെന്നത് ഏറ്റവും പ്രധാനമാണ്. ആത്യന്തികമായി, ആദ്ധ്യാത്മികമോ ഭൗതികമോ ആകട്ടെ, ലോകത്തിനു നിങ്ങള്‍ എത്ര മാത്രം ശ്രദ്ധ നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അതു നിങ്ങള്‍ക്കു വിധേയപ്പെടൂ.
ഇതു സാദ്ധ്യമാക്കുന്നതിനുള്ള തീവ്രമായ ഒരു ശ്രമമാണ് ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍. കൂടാതെ, നിങ്ങളെ ബോധവാനാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്. ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതല്ല പ്രധാനപ്പെട്ട കാര്യം, സ്വന്തം ശ്വാസ ഗതിയെക്കുറിച്ച് സ്വാഭാവികമായി ബോധവാനായിരിക്കും വിധത്തില്‍ നിങ്ങളുടെ അവബോധത്തെ ഉയര്‍ത്തുക എന്നതാണ്. ശ്വസനമെന്നത് അത്ര മേല്‍ യാന്തികമായ ഒരു പ്രക്രിയയാണ്. ലഘുവായ ഒരു വിധത്തില്‍, നിങ്ങള്‍ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന ഓരോ നിമിഷത്തിലും ശരീരം ഒരു തരം സങ്കോചത്തിനു വിധേയമാകുന്നുണ്ട്. സ്വന്തം മനസ്സിന്റെതായ ചട്ടക്കൂടില്‍ പൂര്‍ണ്ണമായും മുഴുകിപ്പോകാതിരിക്കുന്ന പക്ഷം എങ്ങനെയാണ് നിങ്ങള്‍ക്കതു നഷ്ടപ്പെടുക? സ്വന്തം ചിന്തകളിലും വികാരങ്ങളിലും നിങ്ങള്‍ പൂര്‍ണ്ണമായും മുഴുകിപ്പോകുന്നില്ലെങ്കില്, നിങ്ങള്‍ വെറുതെ ഒരിടത്ത് ഇരിക്കുക മാത്രം ചെയ്യുന്ന പക്ഷം, ശ്വസനത്തിന്റെ പ്രക്രിയ നിങ്ങള്‍ നിരീക്ഷിക്കാതെ പോകുന്നതിനു യാതൊരു സാദ്ധ്യതയുമില്ല. ഏതെങ്കിലുമൊരു കാര്യത്തെ നിങ്ങളുടെ അവബോധത്തില്‍ ഉള്‍പ്പെടുത്തുകയെന്നത് ഒരു പ്രവൃത്തിയല്ല. ഇക്കാര്യത്തില്‍ യാതൊരു പ്രയത്നവും ഉള്ളടങ്ങിയിട്ടില്ല.
നമ്മള് ഒരൂ നിശ്ചിത സാധനാ ക്രമം പഠിപ്പിക്കുമ്പോള്‍ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളോടാവശ്യപ്പെട്ടേയ്ക്കാം. ആവശ്യമായത്ര അവബോധം ആളുകളില്‍ ഇല്ലാത്തതാണിതിനു കാരണം. അല്ലാത്ത പക്ഷം, നിങ്ങള്‍ വെറുതെ ഒരിടത്ത് ഇരിക്കുകയാണെങ്കില്‍, നിങ്ങള്‍ സ്വന്തം ചിന്തകളില്‍ മുഴുകിയിരിക്കുകയല്ലെങ്കില്, സ്വന്തം ശ്വാസ ഗതിയെക്കുറിച്ചു തീര്‍ച്ചയായും നിങ്ങള്‍ ബോധവാനാകും. അതു കൊണ്ട്, സ്വന്തം ചിന്തയില്‍ മുഴുകിപ്പോകാതിരിക്കുക - അതിന് ഏറെയൊന്നും പ്രാധാന്യമില്ല, കാരണം, അറിവിന്റെ ഏറ്റവും പരിമിതമായ ഒരു തലത്തില്‍ നിന്നുമാണ് അതു വരുന്നത്. എന്നാല്‍, നിങ്ങള്‍ ശ്വാസ ഗതിയോടൊത്തായിരിക്കുകയാണെങ്കില്, അത് കൂടുതല്‍ വലിയ ഒരു സാദ്ധ്യതയിലേക്കുള്ള ഒരു പ്രവേശന മാര്‍ഗ്ഗമായേക്കാം. ഇപ്പോഴാകട്ടെ, ഭൂരിഭാഗം ആളുകള്‍ക്കും ശ്വസനക്രിയയെക്കുറിച്ച് അവബോധമുണ്ടായിരിക്കാനിടയില്ല. തങ്ങളുടെ നാസാരന്ധ്രങ്ങളിലോ ശ്വാസകോശങ്ങളിലോ വായുവിന്റെ ചലനം മൂലമുണ്ടാകുന്ന സംവേദനങ്ങളെക്കുറിച്ചു മാത്രമാകാം ഒരു പക്ഷേ അവര്‍ ബോധവാന്മാരാകുന്നത്.
നിങ്ങള്‍ വെറുതെ ഒരിടത്ത് ഇരിക്കുകയാണെങ്കില്‍, എല്ലാ വിധത്തിലും നിശ്ചലതയിലാണെങ്കില്, ശ്വസനം അത്രക്കു വലിയ ഒരു പ്രക്രിയയായിത്തീരുന്നു. അതു സദാ സമയവും നടന്നു കൊണ്ടിരിക്കുന്നു. സ്വന്തം ശ്വാസഗതി നിരീക്ഷിക്കാതെ, അതിനെക്കുറിച്ചു തങ്ങളുടെ ജീവിതത്തില്‍ ബോധവാന്മാരാകാതെ, വളരെയധികം ആളുകള്‍ക്കു ജീവിക്കാന്‍ കഴിയുന്നുവെന്നത് ആശ്ചര്യകരമാണ്. ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയെന്നത് അവിടേയ്ക്കെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ്. നിങ്ങള്‍ യാതൊന്നും ചെയ്യാതെ വെറുതെ ഒരിടത്ത് ഇരിക്കുകയാണെങ്കില്‍, അത്രക്കു മഹത്തരമായ രീതിയില്‍ സ്വന്തം ശ്വാസഗതി സംഭവിക്കുന്നതായി നിങ്ങളില്‍ ശൂന്യ ധ്യാനത്തിലേക്ക് ദീക്ഷ ലഭിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും. ശ്വാസമെന്നത് വളരെ വലിയൊരു കാര്യമാണ്, അത് നഷ്ടമാകും വരെ നിങ്ങള്‍ക്കത് മനസ്സിലാകില്ലെങ്കിലും.
നിങ്ങളൊരു പക്ഷേ ഭജഗോവിന്ദം കീര്‍ത്തനം കേട്ടിട്ടുണ്ടാകും. അതില്‍ നിശ്ചലതത്ത്വം, ജീവന്മുക്തി എന്നു പറയുന്നുണ്ട്. ഇപ്രകാരമാണ് അതിന്റെ സാരം; എന്തിന്റെയെങ്കിലും നേര്‍ക്കു നിങ്ങള്‍ക്ക് അചഞ്ചലമായ ശ്രദ്ധയുണ്ടാകുകയാണെങ്കില്, ആ സംഗതി എന്തു തന്നെയായാലും, മോചനം, സ്വാതന്ത്യത്തിനുള്ള സാദ്ധ്യത, നിങ്ങള്‍ക്കു നിഷേധിക്കപ്പെടാനാകില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നമെന്നത്, ശ്രദ്ധയുടെ അഭാവമാണ്. നിങ്ങള്‍ക്കു മൂര്‍ച്ചയേറിയതും തീക്ഷ്ണവുമായ ശ്രദ്ധയുണ്ടെങ്കില്‍, ഈ പ്രപഞ്ചത്തിലെ ഏതൊരു വാതിലും നിങ്ങള്‍ക്കു തുറക്കാന്‍ കഴിയും. എല്ലാം ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ ശ്രദ്ധ എത്രത്തോളം മൂര്‍ച്ചയേറിയതും തീക്ഷ്ണതയുമുള്ളതാണെന്നതിനെയും, നിങ്ങളുടെ ശ്രദ്ധക്കു പിന്നില്‍ എത്ര മാത്രം ഊര്‍ജ്ജമുണ്ട് എന്നതിനെയുമാണ്. ഈ പശ്ചാത്തലത്തില്‍ ശ്വസനമെന്നത് വളരെ മനോഹരമായ ഒരു ഉപകരണമാണ്. നമ്മള് ജീവിച്ചിരിക്കുന്ന കാലത്തോളം അതു നിരന്തരം നടന്നു കൊണ്ടിരിക്കുന്നുവെന്നതാണ് ഇതിനു കാരണം. ശ്വാസമെന്നത് സദാസമയവും അവിടെയുണ്ട്. നിങ്ങള്‍ ബോധവാനായിരിക്കുകയേ വേണ്ടൂ.