ദൈവീകതയുടെ വഴിയിൽ - സ്വാമി നിർവിചാര
ദൈവീകതയുടെ വഴിയിൽ എന്ന പേരിൽ ഒരു പുതിയ പരമ്പര തുടങ്ങുന്നതിൽ ഞങ്ങൾ വളരെ ആവേശിതരാണ്. ഓരോ മാസവും ഞങ്ങളുടെ ഇഷ ബ്രഹ്‌മചാരികൾ അല്ലെങ്കിൽ സന്യാസിമാരിൽ ഒരാൾ, തൻറ്റെ സ്വന്തം ജീവിതപശ്ചാത്തലത്തെക്കുറിച്ചും, പ്രചോദനത്തെക്കുറിച്ചും, എല്ലാത്തിലുമുപരി ഈ പവിത്ര പാതയിലൂടെ നടക്കുന്നതിലൂടെ എന്താണ് സ്വയം അന്വർത്ഥമാക്കുന്നതെന്നുമുള്ള കാര്യങ്ങൾ പങ്ക് വെയ്ക്കുന്നു. ഇവിടെ, 1994 മുതൽ സദ്ഗുരുവിനോടൊപ്പമുള്ള സ്വാമി നിർവിചാര, ഇഷയുടെ ആദ്യ ദിനങ്ങളെക്കുറിച്ചും, തന്‍റെ സ്വന്തം മാർഗ്ഗത്തെ കുറിച്ചും, ഒരു വർഷം മുഴുവൻ ഉപഭൂഖണ്ഡത്തിൽ ഒരു ഭിക്ഷുവായി അലഞ്ഞു നടന്നതുൾപ്പടെയുള്ള അമൂല്യ ദൃശ്യങ്ങൾ നമ്മൾക്ക് വേണ്ടി സമർപ്പിക്കുന്നു.
സ്വാമി നിർവിചാര : വീണ്ടും ഒരു തിങ്കളാഴ്ച, എന്‍റെ അവധി ദിവസം. ജീവിതം എന്നെ എവിടേക്കാണ് നയിക്കുന്നതെന്ന് മനസ്സിലാക്കുവാനായി ഞാൻ എൻറ്റെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും ഊളിയിട്ട് കൊണ്ട് മണിക്കൂറുകളോളം ഇരുന്നു. ഒരിക്കൽ കൂടി, എനിക്ക് ഉത്തരങ്ങളൊന്നും കിട്ടിയില്ല. എനിക്കിപ്പോഴും ഓർമ്മയുണ്ട്, 90കളുടെ കാലമായിരുന്നു, മറ്റെല്ലാ വിധത്തിലും ജീവിതം നല്ലതായിരുന്നു - ഭക്ഷണം, സിനിമകളും സാഹസങ്ങളും – പക്ഷെ എന്‍റെയുള്ളിൽ അടക്കി വാണിരുന്നത് അസന്തുഷ്‌ടിയായിരുന്നു, അത് കൊണ്ട് തന്നെ, സ്വയം തൃപ്തിപ്പെടുത്തുവാനായി ഞാൻ വിചിത്രമായ കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുമായിരുന്നു. ഒരു ദിവസം, ഒരു കാരണവുമില്ലാതെ ഞാൻ എൻറ്റെ ജോലി രാജി വെച്ചു. പക്ഷെ ജോലി ഉപേക്ഷിച്ചത് കൊണ്ടും ഒരു മാറ്റവും എനിക്ക് സംഭവിച്ചില്ല. പിന്നെയും രണ്ട് വേറെ ജോലികളും, അച്ഛനുമായി നടന്ന കുറെ വേദനാജനകമായ വഴക്കുകളും, പിന്നെ എന്‍റെയുള്ളിലെ അളവറ്റ വൈകാരിക സംക്ഷോഭങ്ങൾക്കൊടുവിൽ, അമ്മയുടെ നിർബന്ധപ്രകാരം 1994 ഏപ്രിലിൽ ഞാൻ ഇഷ യോഗയുടെ ക്ലാസ്സിൽ പങ്കെടുത്തു. അന്ന് മുതൽ, എല്ലാം നല്ലതിനായി സ്വസ്ഥമായി - അതോ നല്ലതിനായി അസ്വസ്ഥമായോ.
ക്ലാസ് കഴിഞ്ഞയുടനെ, അക്കാലത്ത് തമിഴ്നാട്ടിൽ എല്ലാ ഞായറാഴ്ചകളിലും നടക്കുമായിരുന്ന ഇഷയുടെ ക്ലാസ്സുകളിൽ ഞാൻ സന്നദ്ധ സേവനം നടത്തുവാൻ തുടങ്ങി. 90 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഹോൾനെസ്സ് പരിപാടിയിൽ, ഒരാഴ്ച്ച താമസിച്ച് സന്നദ്ധ സേവനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വന്ന ഞാൻ, പരിപാടി ഏതാണ്ട് അവസാനിക്കുന്നത് വരെ അവിടെ താമസിച്ചു. സദ്ഗുരുവിൻറ്റെ ആധ്യാത്മിക തലങ്ങൾ, ഒരു സാധാരണ മനുഷ്യൻ നിർവികൽപ സമാധി (മഹാസമാധി അടയുന്നതിന് മുൻപുള്ള സമാധിയുടെ ഏറ്റവും ഉന്നത നില) അടയുന്നത്, തീവ്രമായ ധ്യാനങ്ങളും അതുപോലെ തീവ്രമായ ആശ്രമത്തിലെ ഏകാന്തതയും, ഇതെല്ലാം ആ ദിവസങ്ങളിലെ എൻറ്റെ ഏറ്റവും മികച്ച ഓർമ്മകളായി ഇന്നും തുടരുന്നു.
ഹോൾനെസ്സ് അവസാനിച്ചപ്പോൾ, സദ്ഗുരുവിന്‍റെ സമീപത്തുണ്ടാകുവാനുള്ള തീവ്രാഭിലാഷത്തോടെയാണ് ഞാൻ ആശ്രമം വിട്ടത്. 1994 ഡിസംബറിൽ, ബ്രഹ്മചര്യം സ്വീകരിക്കുവാൻ വ്യക്തികളിൽ നിന്ന് സദ്ഗുരു അപേക്ഷകൾ സ്വീകരിക്കുന്നതായി ഞാൻ കേട്ടു. അന്ന്, ഈ മാർഗ്ഗത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു, പക്ഷെ എങ്കിലും സദ്ഗുരുവിൻറ്റെ അരികിൽ എത്തുവാൻ വേണ്ടി ഞാൻ അപേക്ഷ സമർപ്പിച്ചു. 1995 ഫെബ്രുവരി 27, മഹാശിവരാത്രിയിൽ, മറ്റ് ഏഴ് പേരോടൊപ്പം എൻറ്റെ ഉപനയനം നടന്നു - ബ്രഹ്മചര്യം എന്ന മഹത്തായ പാരമ്പര്യത്തിന് ഇഷയിൽ തുടക്കമായി.
കഠിനാധ്വാനവും കളിചിരികളും കലർന്ന ദിവസങ്ങൾ
ആശ്രമത്തിലെ വെത്യസ്ത ജീവിത ശൈലിയുമായി പൊരുത്തപ്പെടുവാൻ എനിക്ക് തീരെ ബുദ്ധിമുട്ടുണ്ടായില്ല - എത്ര ഞെരുങ്ങിയാണ് ഞങ്ങൾ ജീവിച്ചതെങ്കിലും, ആ ദിനങ്ങൾ അങ്ങേയറ്റം ആനന്ദകരമായിരുന്നു. വിരലിലെണ്ണാവുന്ന ഞങ്ങൾ കുറച്ച് പേർ, പാട്ടിയുടെ ആസ്വാദ്യകരമായ പാചകം, സമയാനുബന്ധമല്ലാത്ത ജോലി, അരുവിയിലെ ചെളിയിൽ ദിവസേനയുള്ള കുളി, കാട്ടിലൂടെയുള്ള നടത്തം, വെള്ള സംഭരണിയിൽ നീന്തൽ, ഞായറാഴ്ചകളിലെ ക്രിക്കറ്റ് കളി, പൂവിട്ടു നിൽക്കുന്ന ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിക്കൽ, മറ്റുള്ളവരുമായി ചേർന്ന് “ഇഗ്ലൂ” വിന്‍റെ (സാധനയ്ക്ക് വേണ്ടിയുള്ള ഇടം) നിർമ്മാണം, സാധനയും, പിന്നെ ആശ്രമത്തിലേക്ക് വല്ലപ്പോഴുമുള്ള സന്ദർശകരും - ജീവിതം മനോഹരവും പ്രശാന്തവുമായിരുന്നു.
അങ്ങനെയിരിക്കെ, 1995 മേയിൽ ആദ്യത്തെ സംയമ പരിപാടി ആശ്രമത്തിൽ നടക്കുകയും, അതിൻറ്റെ ചുവട് പിടിച്ച് ധ്യാനലിംഗ പ്രതിഷ്‌ഠാപനത്തിൻറ്റെ പണി കുറച്ച് ദൃതഗതിയാർജ്ജിക്കുകയും ചെയ്തു. പതുക്കെ ആശ്രമം കുറച്ച് കൂടി ചിട്ടയുള്ളതായി – ഇന്ന് നമ്മൾ കാണുന്ന രീതിയിലുള്ള വലിപ്പമോ വ്യാപ്തിയോ തീർത്തും കഠിനാധ്വാനവും കളിചിരികളും കലർന്ന ദിവസങ്ങൾ ഇല്ലായിരുന്നെന്നുവെങ്കിൽ കൂടി. യാതൊരു തരത്തിലുമുള്ള പരിശീലനമോ മുൻപരിചയമോ ഇല്ലാതിരുന്നിട്ടും, 3 മാസങ്ങളിലേക്ക് സത്തുമാവ് (സഞ്ജീവനി) കഞ്ഞിയുടെ നിർമ്മാണവും, പരിപാടികളുമായി അനുബന്ധിച്ചുള്ള ഇലെക്ട്രികൽ, പ്ലംബിംഗ്, ഫ്ളോറിങ് പണികളുടെ നടത്തിപ്പും എൻറ്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപെട്ടിരുന്നു.
ധ്യാനലിംഗത്തിന്‍റെ നിർമ്മാണവസ്തുക്കൾ കൊണ്ട് വരുമായിരുന്ന ലോറികളേയും ട്രക്കുകളേയും സഹായിക്കുക എന്നതായിരുന്നു ആ ദിവസങ്ങളിലെ ഞങ്ങളുടെ പ്രവർത്തികളിൽ ഒന്ന്. തണ്ണീർപന്തൽ മുതൽ ആശ്രമം വരെയുള്ള ചെളി മണ്ണ് റോഡിലൂടെ ഈ ലോറികളെ ഞങ്ങൾക്ക് തള്ളികൊടുക്കേണ്ടി വരുമായിരുന്നു. ഞങ്ങൾ തള്ളുമ്പോൾ ട്രക്കുകളിലുണ്ടായിരുന്ന സഹായികൾ താഴെ ഇറങ്ങുമായിരുന്നു, പക്ഷെ പലപ്പോഴും ചെളി മണ്ണ് റോഡിലൂടെ ഞങ്ങളുടെ പിന്നാലെ നടക്കുവാൻ അവർ വിസമ്മതിക്കുമായിരുന്നു. അത് കൊണ്ട് ആശ്രമത്തിലെത്തുമ്പോൾ, ഞങ്ങൾക്ക് തന്നെ സാധങ്ങൾ ഇറക്കേണ്ടി വരുമായിരുന്നു. ഞങ്ങൾ മൂന്ന് പേർ ചേർന്ന്, ഒരു ട്രക്ക് നിറയെ കടപ്പ കല്ലുകൾ- ഓരോന്നും 10 കിലോ വരെ ഭാരമുള്ളത്-ഇറക്കിയത് എൻറ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു സംഭവമാണ്.
മറ്റൊരിക്കൽ സിമെൻറ്റ് ചാക്കുകളുമായി വന്ന ഒരു ട്രക്കിലെ സഹായികൾ, അവ ഇറക്കുവാൻ വേണ്ടി, ഒരു ചക്കിന് 2 രൂപ നിരക്കിൽ ഞങ്ങളോട് പണം ആവശ്യപ്പെട്ടു. ഒരു ചാക്കിന് 1.75 രൂപ വരെ നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു, പക്ഷെ ഈ വിജന സ്ഥലത്ത് ഞങ്ങൾക്ക് മറ്റ് നിവൃത്തികളൊന്നുമുണ്ടാകില്ല എന്ന് അനുമാനിച്ചിട്ടാകണം, അവർ അതിനോട് യോജിച്ചില്ല. അവർക്ക് ഞങ്ങളെ ശരിക്കുമറിയുമായിരുന്നില്ല: അവരേയും ഞങ്ങളേയും അതിശയിപ്പിച്ചു കൊണ്ട്, ഞാനും മറ്റ് രണ്ട് ബ്രഹ്മചാരികളും, ധനികണ്ടിയിൽ നിന്നുള്ള ഒരു ജോലിക്കാരനും കൂടി മുഴുവൻ 200 ചാക്കുകളും ഞൊടിയിടയിൽ ഇറക്കി..
ലിംഗത്തെ പിളർന്നത്
ഏകദേശം 1996 ജൂണിലാണ് ധ്യാനലിംഗ കല്ല് ആശ്രമത്തിലെത്തിയത്. അതിന്‍റെ 1 - 2 മാസങ്ങൾക്ക് ശേഷം, ഒരു രാത്രി, സദ്ഗുരുവിനോടൊപ്പമുള്ള ഒരു പ്രക്രീയക്കായി ധ്യാനലിംഗത്തിന് ചുറ്റും കൂടുവാൻ എല്ലാ നിവാസികളും വിളിക്കപ്പെട്ടു. സഹസ്രാരയുടെ മുകളിലെ ഭാഗം തെക്കോട്ട് അഭിമുഖമായി വരുന്ന രീതിയിൽ, ലിംഗത്തെ ഒരു മൺതിട്ടയിൽ തിരശ്ചീനമായി കിടത്തിയിരിക്കുകയായിരുന്നു. സദ്ഗുരു ലിംഗത്തിൽ വിഭൂതി പുരട്ടുകയും, സഹസ്രാരയ്ക്ക് ചുറ്റും വിഭൂതി കൊണ്ട് ഒരു വലിയ ലിംഗത്തെ പിളർന്നത് വൃത്തം വരക്കുകയും ചെയ്തു. അടഞ്ഞ കണ്ണുകളോട് കൂടി ഞങ്ങൾ ഓ൦ നമഃ ശിവായ ജപിക്കുകയായിരുന്നു. ഏതോ സമയത്ത്, സാധാരണ ഞങ്ങളുടെ ഊർജ്ജം ഉയർത്തുവാൻ വേണ്ടി ചെയ്യുന്നത് പോലെ സദ്ഗുരു കയ്യടിച്ചു.
അടുത്ത ദിവസം രാവിലെ ഞാൻ ലിംഗത്തിന്‍റെയടുത്ത് ചെന്നപ്പോൾ, സദ്ഗുരു കഴിഞ്ഞ രാത്രി ഉണ്ടാക്കിയ വിഭൂതി വൃത്തത്തിന്‍റെ കുറുകെ ഒരു വര കിടക്കുന്നതായി ശ്രദ്ധിച്ചു. കുറച്ച് കൂടി അടുത്ത് ചെന്ന് നോക്കിയപ്പോൾ, വര നെടുങ്ങനെ കിടക്കുകയാണെന്നും അത് ലിംഗത്തിലെ ഒരു തലമുടിനാരിഴ പൊട്ടലാകാനുള്ള സാധ്യതയുണ്ടെന്നും എനിക്ക് തോന്നി. ഞങ്ങൾ സദ്ഗുരുവിനെ കാര്യമറിയിച്ചപ്പോൾ, അത് പരിശോധിക്കുവാൻ അദ്ദേഹം ഉടനെ എൻറ്റെ കൂടെ വന്നു. എന്നിട്ട് പൊട്ടൽ കൂടുതൽ പരിശോധിക്കുവാൻ ആരെയെങ്കിലും അയക്കുവാൻ സപ്ലൈയറോട് ആവശ്യപ്പെടാൻ അദ്ദേഹം ശ്രീനിവാസ അണ്ണനോട് പറഞ്ഞു. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് ചെന്നൈയിൽ നിന്ന് വിദഗ്ധർ വരികയും, ആ തലമുടിനാരിഴ പൊട്ടൽ കൂടുതൽ വലുതായി കല്ലിന് ഒരു തരത്തിലുമുള്ള കേടുപാടും സംഭവിക്കുകയില്ലെന്നും ഉറപ്പ് നൽകി. അവർ പോയതിന് ശേഷം സദ്ഗുരു ഞങ്ങളോട് ലിംഗത്തെ ഒരു വെള്ള തുണി കൊണ്ട് മൂടുവാൻ ആവശ്യപ്പെടുകയും, കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ലിംഗത്തിന് മീതെ ഒരു ഓല മേഞ്ഞ മേൽക്കൂര നിർമ്മിക്കുകയും ചെയ്തു.
രണ്ട് വർഷങ്ങൾ കഴിഞ്ഞ്, ധ്യാനലിംഗത്തിന്‍റെ പ്രതിഷ്‌ഠാപനത്തിന് ശേഷം, ഒരു സത്സംഘിൽ വെച്ചാണ് സദ്ഗുരു പിന്നീട് ആ പൊട്ടലിനെ കുറിച്ച് സംസാരിച്ചത്. പ്രതിഷ്‌ഠാപനത്തിന്‍റെ സമയം ലിംഗം പൊട്ടാതിരിക്കുവാനായി, പ്രാരംഭഘട്ടത്തിൽ തന്നെ ചെയ്ത പ്രക്രീയയുടെ ഇടയിൽ ഒരു കൈയടിയിലൂടെ ലിംഗത്തെ പൊട്ടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ലിംഗത്തെ നിവർത്തി നിർത്തിയപ്പോൾ പൊട്ടിയ ഭാഗം ലിംഗത്തിന്‍റെ പിറകിലായി. അതിപ്പോഴും അവിടെ തന്നെയുണ്ട്.
സഞ്ചാരങ്ങൾ
2001 സെപ്റ്റംബർ 24ന് വൈകിട്ട് 7 മണിക്ക്, ദേവാലയത്തിൽ ചെന്ന് സദ്ഗുരുവിനെ കാണുവാൻ എന്നോട് പറയപ്പെട്ടു. ആ വിളിയുടെ അർത്ഥം എനിക്കറിയാമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ, ഞാൻ കയറി ചെന്ന ഉടൻ, താൻ ഉപയോഗിച്ചിരുന്ന നീണ്ട അംഗവസ്ത്രങ്ങളിൽ ഒന്ന് സദ്ഗുരു എനിക്ക് തന്നു, കൂടെ ഇങ്ങനെ എഴുതിയ ഒരു കുറിപ്പും, “ഒരു വർഷം, വാരാണസിയും കേദാറും”. അടുത്ത ദിവസം രാവിലെ 5.40ന് ഞാൻ ത്രികോണ സമുച്ചയം വിട്ടിറങ്ങിയപ്പോൾ, മാ ഗംഭീരിയും സ്വാമി നിസർഗ്ഗയും എനിക്കുള്ള സഞ്ചിയുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. സഞ്ചിയിൽ ഒരു കമ്പിളി പുതപ്പും, ഒരു ഭിക്ഷാപാത്രവും, പിന്നെ എന്‍റെ ആദ്യത്തെ ഭിക്ഷയും - എന്‍റെ അടുത്ത ഭക്ഷണം - ഉണ്ടായിരുന്നു. സദ്ഗുരു നൽകിയ അംഗവസ്ത്രം ഞാൻ മൂന്നായി കീറി - ഒരു ഭാഗം തോർത്തായും, ഒന്ന് മുണ്ടായും, അവസാനത്തേത് കൗപീനമായും ഉപയോഗിച്ചു. ഒരിക്കൽ കൂടി ഞാൻ പരിവ്രാജക സാധനയ്ക്ക് പോകുകയായിരുന്നു. പോയ വർഷം ഡിസംബറിൽ, ഈ സാധനക്കായി സദ്ഗുരു എന്നെ ഒരു മാസത്തേയ്ക്ക് അയച്ചിരുന്നു.
ധ്യാനലിംഗത്തിന്‍റെ ദർശനത്തിന് ശേഷം ഞാൻ ഇറങ്ങി. ഒരു നീണ്ട വർഷത്തേക്ക് ആശ്രമം ഉപേക്ഷിക്കേണ്ടി വരുന്ന വേദന ഒരു നിമിഷം എന്നെ ഉലച്ചു, ആശ്രമത്തിൽ നിന്ന് പുറത്തിറങ്ങിയ ആ നിമിഷം എനിക്ക് വല്ലാത്ത വീർപ്പ്മുട്ട് അനുഭവപെട്ടു. പക്ഷെ, ഞൊടിയിടയിൽ തന്നെ ഈ വികാരങ്ങൾക്ക് പകരം കുറെ ചോദ്യങ്ങൾ എന്‍റെ മനസ്സിൽ ഉദിച്ചു - ഞാൻ എന്ത് ചെയ്യും? ഞാൻ എന്ത് കഴിക്കും? എവിടെ ഉറങ്ങും? ഞാൻ എവിടെ പോകും? ഈ ചോദ്യങ്ങളെല്ലാം ഒരൊറ്റ ദിവസത്തേക്ക് മാത്രമാണ് എന്നെ അസ്വസ്ഥമാക്കിയത്. സാധന പൂർണ്ണമാക്കാതെ എനിക്കൊരിക്കലും ആശ്രമത്തിലേക്ക് തിരിച്ചു വരുവാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അത് കൊണ്ട്, പ്രത്യേകിച്ച് യാതൊരു ഉദ്ദേശ്യവുമില്ലാതെ ഞാൻ രാജ്യത്തിലുടനീളം സഞ്ചരിച്ചു. എല്ലാ തരത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെയും ഞാൻ നടന്നു, എല്ലാ തരത്തിലുള്ള ആളുകളേയും പരിചയപെട്ടു, തന്നതെല്ലാം ഭക്ഷിച്ചു, നിരവധി പ്രശ്നങ്ങളിലൂടയും ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോയി. ഞാൻ ആശ്രമത്തിലേക്ക് തിരിച്ചു വന്നതിന് ശേഷവും, പിന്നീടൊരിക്കലും ജീവിതം പഴയത് പോലെ ആയിരുന്നില്ല.
ഞാൻ ആദ്യം പോയത് വാരാണസിയിലേക്കാണ്, പിന്നെ ഭോപ്പാലിലെ ഭോജ്പുർ ലിംഗം സന്ദർശിച്ചു. അവിടെ വെച്ച് കീറിയ എന്‍റെ മുണ്ട് തയ്യ്ച്ചെടുക്കുവാൻ പോയ സ്ഥലത്ത് വെച്ച് 12 ജ്യോതിർലിംഗങ്ങളുടെ പോസ്റ്റർ ഞാൻ കണ്ടു. അതിൽ ഒരെണ്ണം വളരെ അടുത്താണെന്നറിഞ്ഞപ്പോൾ ഞാൻ വളരെ ഉത്സാഹവാനായി. അങ്ങനെ ഉജ്ജയിനിയിലെ മഹാകാൽ ഞാൻ സന്ദർശിച്ചു. ഒരു ജ്യോതിർലിംഗത്തിൽ നിന്ന് അടുത്തതിലേക്ക് ഞാൻ പോയി, പിന്നെ വേനൽ കാലത്ത് കേദാറിലേക്കും. താജ്മഹൽ കാണുക എന്ന ചിരകാല സ്വപ്നം നിറവേറ്റുവാനായി, ഞാൻ ആഗ്രയിലും പോയി. ഒരു പര്യടകനായ സാധുവിന്‍റെ ജീവിതം എങ്ങനെയുള്ളതാണെന്ന് ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു. ഞാൻ സവിശേഷമായി ഓർക്കുന്ന ചില സംഭങ്ങളുണ്ട്....
ഗുരു പൂജയുടെ തുടര്‍ച്ച നിലച്ചപ്പോൾ
ഒരു പ്രഭാതത്തിൽ, ഞാൻ ഹിമാലയത്തിലൂടെ നടക്കുകയായിരുന്നപ്പോൾ, എന്ത് കാരണം കൊണ്ടാണെന്നറിയില്ല, എനിക്ക് ഗുരു പൂജ മുഴുവൻ ജപിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ എത്ര മാത്രം നിശ്ചയദാർഢ്യത്തോടെ ആവർത്തിച്ച് ജപിക്കുവാൻ ശ്രമിച്ചിട്ടും, കുറച്ച് വരികൾക്ക് ശേഷം ജപം നിന്ന് പോകും. “ഗുരു പൂജാ പ്രവാഹം എന്നിൽ നിലക്കുന്ന ആ ദിവസം, ഞാൻ ഈ താഴ്വരയിലേക്ക് ചാടി മരിക്കുന്നതാണ് അഭികാമ്യം” എന്ന് തീരുമാനിച്ചുറച്ച്, ചാടുവാൻ വേണ്ടി ഞാൻ റോഡിന്‍റെ അറ്റത്തേക്ക് നടക്കുവാൻ തുടങ്ങി. തല്‍ക്ഷണം, അനായാസമായി എന്‍റെയുള്ളിൽ ഗുരു പൂജയുടെ വരികൾ വന്ന് നിറഞ്ഞു. ആ ഒരു വർഷത്തിലുടനീളം എപ്പോഴും സദ്ഗുരു എന്‍റെയുള്ളിലും എനിക്ക് ചുറ്റുമുണ്ടായിരുവെന്ന് അന്നാദ്യമായി ഞാൻ മനസ്സിലാക്കി.
നിനച്ചിരിക്കാതെ ഒരു കൈ സഹായത്തിനെത്തുമ്പോൾ
ഞാൻ ഹേംകുണ്ഡ് സാഹിബിലേക്ക് പോകുകയായിരുന്നു. ഏകദേശം 1.5 അടി വീതിയുള്ള മഞ്ഞ് മൂടിയ വഴിയിലൂടെ, തീർത്ഥാടകരും കൂളികളും നടക്കുന്നുണ്ടായിരുന്നു. ഞാൻ പർവ്വതമുകളിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന്, മറ്റൊരു വ്യക്തി എതിർ ദിശയിൽ നിന്ന് ധൃതിയിൽ ഇറങ്ങി വന്നു. ഞാൻ വഴിയുടെ അറ്റത്ത് താഴ്വരയെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. അദ്ദേഹം എന്നെ മറികടന്ന് പോയ നേരം, എന്‍റെ കാല് വക്കിനപ്പുറത്തേക്ക് തെന്നി. താഴ്‌വാരം എത്ര മാത്രം അഗാധമാണെന്ന് ആ നിമിഷത്തിൽ ഞാനറിഞ്ഞു. ഞാൻ വീഴാതിരിക്കുവാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല, പക്ഷെ ഞാൻ വീണില്ല. ഒരു കൈ എന്നെ പിടിച്ചു നിർത്തിയത് പോലെയായിരുന്നു. എങ്ങനെ? എനിക്കറിയില്ല.
നിങ്ങളുടെ പാതയിൽ ആളുകൾ കല്ലുകൾ വിതറുമ്പോൾ
ഹൈദരാബാദ് എത്തുന്നതിന് തൊട്ട് മുൻപ്, 10 കിലോമീറ്ററുകളിലധികം ഞാൻ മഴയിലൂടെ നടക്കുകയും, എനിക്ക് അതിതീവ്രമായ ജലദോഷവും പനിയും പിടിപെടുകയും ചെയ്തു. അന്ന് ദസറ ആയതിനാൽ നഗരത്തിലുടനീളം ആഘോഷങ്ങൾ നടക്കുകയായിരുന്നു. ഞാൻ ഹുസൈൻ സാഗർ തടാകം കടക്കുമ്പോൾ, കുറച്ച് ആൺകുട്ടികൾ എന്നെ പിന്തുടർന്ന് ശല്യപെടുത്തുവാൻ തുടങ്ങി. അത് കാരണം, എനിക്കുറങ്ങുവാൻ ഒരിടം കിട്ടാതെ വരികയും, അവസാനം വെളുപ്പിന് 4 മണിക്ക് സെക്കന്തരാബാദിലെ ഒരു കടത്തിണ്ണയിൽ 2 മണിക്കൂർ സമയത്തേക്ക് മാത്രം എനിക്ക് ഉറങ്ങാൻ കഴിഞ്ഞു. 7 മണിക്ക് ക്രീയ ചെയ്യുവാനായി ഞാൻ മറ്റൊരിടം കണ്ടു പിടിച്ചു. ക്രീയ തുടങ്ങിയ മാത്രയിൽ, ഒരു മദ്യപാനി, അവന്‍റെ പോക്കറ്റ് മദ്യ കുപ്പിയിൽ നിന്ന് എന്നെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുവാൻ ശ്രമിച്ചു. കുറച്ച് നിനച്ചിരിക്കാതെ ഒരു കൈ സഹായത്തിനെത്തുമ്പോൾ നിങ്ങളുടെ പാതയിൽ ആളുകൾ കല്ലുകൾ വിതറുമ്പോൾ കഴിഞ്ഞപ്പോൾ, തീരെ സഹിക്ക വയ്യാതെ ഞാൻ കരയാൻ തുടങ്ങി. മറ്റൊരു സ്ഥലം കണ്ടു പിടിക്കുവാനായി ഞാൻ വീണ്ടും എഴുനേറ്റു.
നമ്മൾക്കായി സഹായമെത്തുമ്പോൾ
അദിലാബാദ് കടക്കുന്ന സമയത്ത്, എനിക്ക് വളരെയധികം ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ ഞാൻ കണ്ടുമുട്ടിയ ഒരു ഡോക്ടർ എന്നെ സൗജന്യമായി ചികിത്സിക്കുകയും, ആ രാത്രി എനിക്ക് ഭക്ഷിക്കുവാൻ ബിസ്ക്കറ്റുകൾ തരികയും ചെയ്തു. ആളുകളുടെ മഹാമനസക്ത കാരണം, എന്‍റെ പോക്കറ്റിൽ എപ്പോഴും ബിസ്ക്കറ്റുകൾ കാണുമായിരുന്നു. ഒരു ദിവസം, ഒരു അര കുപ്പി വെള്ളത്തിന്‍റെ ബലത്തിൽ ഞാൻ 30 കിലോമീറ്ററുകളിലധികം നടന്നു. പക്ഷെ ആ മുഴുവൻ വർഷവും, മൂന്ന് ദിവസങ്ങളിൽ മാത്രമാണ് എനിക്ക് ഒരു ഭക്ഷണവും കിട്ടാതിരുന്നത്. എനിക്ക് ആവശ്യമുള്ളപ്പോഴൊക്കെ ആരെങ്കിലും എനിക്ക് ഒരു അംഗവസ്ത്രമോ, സ്വെറ്ററോ, പുതപ്പോ തന്നിരുന്നു. പ്രത്യേകിച്ച്, എന്നെ എപ്പോൾ വിശന്ന് കണ്ടാലും, ഭക്ഷണം തരുന്ന കാര്യത്തിൽ, മുസ്ലീമുകൾ വളരെ മഹാമനസ്ക്കരായിരുന്നു.
വിശപ്പിന്‍റെ യാതന തറക്കുമ്പോൾ
ഒരിക്കൽ, ഞാൻ വിശപ്പിന്‍റെ പീഡക്ക് സാക്ഷിയായി, പക്ഷെ അത് എന്‍റെതായിരുന്നില്ല. അത് നടന്നത് രാജസ്ഥാനിലാണെന്നാണ് എനിക്ക് തോന്നുന്നത്. റോഡിലൂടെ ഒരാൾ എനിക്കെതിരായി നടന്ന് വരികയായിരുന്നു. അയാൾ വഴിയോരത്ത് ഭക്ഷണത്തിനായി പരതുകയായിരുന്നത് പോലെ തോന്നി. എന്നിൽ നിന്ന് ഒരു 50 മീറ്റർ അകലെ വെച്ച്, കഴിക്കാനുള്ള എന്തോ ഒന്ന് എടുക്കുവാനായി അയാൾ കുനിയുന്നത് ഞാൻ കണ്ടു. ദൂരെ നിന്ന് നോക്കിയപ്പോൾ, ആ സ്ഥലമൊരു ചേറ്‍ മൂടിയ ഇടമായി എനിക്ക് തോന്നി, അവിടെ ആ മനുഷ്യന് എന്ത് കിട്ടാനാണെന്ന് ഞാൻ അമ്പരന്നു.
എന്താണെന്നറിയുവാൻ ഞാൻ അടുത്ത് പോയി, അപ്പോൾ കണ്ട കാഴ്ച എന്നെ അടിമുടി ഉലച്ചു കളഞ്ഞു. ഇന്നും വിറച്ചു കൊണ്ട് മാത്രമേ എനിക്ക് അതോർക്കുവാൻ കഴിയാറുളളൂ. ആ മനുഷ്യൻ കഴിക്കുവാനായി കുനിഞ്ഞെടുത്തുകൊണ്ടിരുന്നത് ഉണങ്ങിയ ശർദ്ധിലായിരുന്നു. ആ നിമിഷം, ആകാശം തകർന്ന് എന്‍റെ തലയിൽ വീഴുന്നതായി എനിക്ക് തോന്നി. എങ്ങനെയോ, ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു, എന്നിട്ട് ആ മനുഷ്യനെ വിളിച്ച് എന്‍റെ കൈയ്യിലുണ്ടായിരുന്ന ബിസ്ക്കറ്റുകൾ കൊടുത്തു. അയാൾ എന്നോട് നന്ദിയൊന്നും പറയുവാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല; അയാൾ അവിടെ ഇരുന്ന് രണ്ട് കൈയ്യുകളും കൊണ്ട് ബിസ്ക്കറ്റുകൾ കഴിക്കുവാൻ തുടങ്ങി.
ആ വർഷം, കുറച്ച് തവണ, ഞാനും വഴിയരികിൽ നിന്ന് ഭക്ഷണം പെറുക്കിയെടുത്തിട്ടുണ്ട്. ആ ഒരു വർഷം, പരിവ്രാജക സാധനയിലൂടെ എനിക്ക്, നിർവൃതിയോ അല്ലെങ്കിൽ ഏതേങ്കിലും തരത്തിലുള്ള ആത്മീയ വാഗ്‌ധോരണിയോ അനുഭവിക്കുവാൻ ഇടയായില്ല. പക്ഷെ വാസ്തവം എന്തെന്നാൽ, വിശപ്പുമായി അനുരഞ്‌നത്തിലാകുവാൻ അത് എന്നെ നിര്‍ബന്ധിതനാക്കി. ഒരു കാര്യം ഉറപ്പാണ്, ഒരിക്കലും, വിശപ്പ് കൊണ്ട് ഞാൻ മരിക്കില്ല.
അതിർത്തികളിൽ പ്രശ്നങ്ങളുണ്ടായപ്പോൾ
ഗുജറാത്തിലെ ഒരു കടൽത്തീര വഴിയിലൂടെ, സോമനാഥ ക്ഷേത്രത്തിൽ നിന്ന് പോർബന്ദറിലേക്ക് പോകവേ, ഞാൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥിയല്ലെന്ന് ഉറപ്പ് വരുത്തുവാൻ, ഒരു തവണ പട്രോള്‍ ചുറ്റുന്ന പോലീസുകാരും, രണ്ട് തവണ തദ്ദേശീയരായ നാട്ടുകാരും എന്നെ പിടിച്ചു നിർത്തി. എൻന്‍റെ വസ്തുവകകളെല്ലാം പരിശോധിക്കപെട്ടു. അന്ന് മുതൽ, അതിർത്തി മാർഗ്ഗങ്ങൾ ഞാൻ ഒഴിവാക്കി.
ഹിമാലയത്തിൽ നിന്ന് അമർനാഥിലേക്കും, പിന്നെ കാഠ്മണ്ഡുവിലെ പശുപതിനാഥിലേക്കും ഞാൻ യാത്ര ചെയ്തു. പശുപതിനാഥിൽ നിന്ന്, ഞാൻ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുകയും, ആസ്സാമിലെ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. വഴിയിലുടനീളം ബിഎസ്എഫ് ഭടന്മാർ എപ്പോഴും ഉണ്ടായിരുന്നതിനാൽ, ഞാൻ ഉടനെ തന്നെ കൊൽക്കത്തയിലേക്ക് തിരിച്ചു വന്നു. പിന്നീട് അവിടുന്ന്, സാമ്പൽപ്പൂർ, കടപ്പ, അങ്ങനെ അവസാനം തമിഴ്നാട്ടിലേക്ക് തിരിച്ച് പ്രവേശിച്ചപ്പോൾ എന്‍റെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു.
ഗുരുവിനെ വീണ്ടും കണ്ടപ്പോൾ
സേലം മഹാസത്സംഘിന്‍റെ ദിവസം ഞാനും അവിടെയുണ്ടാകുവാൻ ഇടയായി. പതിനൊന്ന് മാസങ്ങളുടെ അലച്ചിലിന് ശേഷമായിരുന്നു ഇത്. തയ്യാറെടുപ്പുകൾ വീക്ഷിച്ചു കൊണ്ട്, ഞാൻ അവിടെ ഗ്രൗണ്ടിൽ തന്നെ നിന്നു. ഒരാളൊഴിച്ച്, ഒരു ബ്രഹ്മചാരിക്കോ, സന്നദ്ധസേവകനോ എന്നെ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. ഞാൻ ഗ്രൗണ്ട് വിട്ട് പോയെങ്കിലും, വൈകുന്നേരം സത്സംഘിനായി തിരിച്ചു വന്നു. വളരെ കുറച്ച് സമയത്തേക്ക് ഞാൻ സദ്ഗുരുവിന്‍റെ അടുത്ത് നിന്നു, എന്നിട്ട് പെട്ടെന്ന് തന്നെ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിപ്പോയി. എന്നിരുന്നാലും ഒരു സന്നദ്ധസേവകൻ എന്‍റെ പിന്നാലെ വന്ന് എനിക്ക് ഒരു അത്താഴ പൊതി തന്നു. ഇതിന് കുറച്ച് വർഷങ്ങൾക്ക് മുൻപ്, എൻറ്റെ വീടിന്‍റെ സുഖസൗകര്യങ്ങളിൽ, ഈ പട്ടണത്തിൽ ഞാൻ കഴിഞ്ഞിരുന്നു. അന്ന് രാത്രി, വീണ്ടും അതേ പട്ടണത്തിൽ, ഞാൻ ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങി. അന്ന് ഞാൻ നന്നായുറങ്ങി.
പന്ത്രണ്ട് വർഷങ്ങളുടെ സാധനയ്ക്ക് ശേഷമുള്ള ആദായം
2003 ജനുവരിയിൽ, കുറച്ച് ബ്രഹ്‌മചാരികൾ സന്യാസത്തിലേക്ക് ഉപനയിക്കപ്പെട്ടു; പക്ഷെ ഞാൻ അവരിൽ ഒരാളായിരുന്നില്ല. അതിന്‍റെ പേരിൽ കുറച്ച് നാളത്തേക്ക് എനിക്ക് അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും, പിന്നീട്, സദ്ഗുരുവിനേക്കാൾ നന്നായി ഇക്കാര്യത്തിൽ ആർക്കും തീരുമാനമെടുക്കുവാൻ ആകില്ലെന്ന് ഞാൻ മനസ്സിലാക്കി. എന്‍റെ ബ്രഹ്‌മചര്യ ഉപനയനത്തിന് ശേഷം ഏകദേശം 12 വർഷങ്ങൾക്ക് ശേഷം, 2006 ഡിസംബറിൽ ഞാൻ സന്യാസത്തിലേക്ക് ഉപനയിക്കപ്പെട്ടു. നമ്മളുടെ പാരമ്പര്യത്തിൽ, രണ്ട് ഉപനയനങ്ങൾക്കിടയിൽ, 12 വർഷങ്ങളുടെ സാധനയാണ് ഇടവേളയായി കണക്കാക്കപ്പെടുന്നത്. ഉപനയനത്തിന് ശേഷം എന്‍റെ പല ബന്ധനങ്ങളും നിര്‍ബന്ധപ്രേരണകളും കൊഴിഞ്ഞു പോയി. ഇത് ഒരു സ്ഥാനക്കയറ്റമല്ലായിരുന്നുവെന്നും, മറിച്ച് അലിഞ്ഞുചേരലിന്‍റെ ഒരു പ്രക്രീയയായിരുന്നെന്നും ഞാൻ പതുക്കെ മനസ്സിലാക്കി. എന്‍റെ ആധ്യാത്മിക ജീവിതത്തിൽ, മടക്കുപോക്കില്ലാത്ത ഒരു മുനമ്പിൽ എത്തിയതായും ഞാൻ തിരിച്ചറിഞ്ഞു.
കാലഭൈരവ കർമ്മത്തിന്‍റെ നടത്തിപ്പ്
കുട്ടിയായിരുന്നപ്പോൾ എനിക്ക് എന്തിനേയും ഏതിനെയും പേടിയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എപ്പോഴും ശവസംസ്‌കാരച്ചടങ്ങുകളിലും, കത്തുന്ന ശരീരങ്ങൾക്കുമൊപ്പമാണെന്നത് ഒരു വിരോധാഭാസമാണ്. 2011 ൽ സദ്ഗുരുവിനാൽ കാലഭൈരവ കർമ്മമെന്ന ലളിതമായ പ്രക്രീയയിൽ പരിശീലനം ലഭിച്ച ആദ്യത്തെ ബ്രഹ്മചാരിയായി ഞാൻ. ഇപ്പോൾ ഈ പ്രക്രീയ ചെയ്യുന്നതിലേക്ക് ഉപനയിക്കപെട്ട ധാരാളം മറ്റ് ബ്രഹ്മചാരികളുമുണ്ട്. ഈ പ്രക്രീയ നടക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന അവബോധം എനിക്കില്ല, ഞാൻ കേവലം സദ്ഗുരു നൽകിയ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിരുന്നാലും, ഒരു ദൈനംദിന അടിസ്ഥാനത്തിൽ ഈ പ്രക്രീയയുമായി ബന്ധപ്പെട്ടിരിക്കുന്നത് കാരണം, മരണം എന്‍റെ ജീവിതത്തിന്‍റെ ഒരു അടുത്ത ഭാഗമായിരിക്കുന്നു. ഒരു ദിവസം, പഞ്ചേദ്രിയങ്ങൾക്കുമപ്പുറമുള്ള ആത്മാക്കളുടെ കളി എനിക്ക് അനുഭവിച്ചറിയുവാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.
സദ്ഗുരുവിന്‍റെ ജീവിതകാലത്തിനോളം എനിക്കും ജീവിക്കണം
എൻറ്റെ ലക്‌ഷ്യം ജ്ഞാനോദയമല്ല. സദ്ഗുരുവിന്‍റെ ജീവിതലക്ഷ്യപൂർത്തീകരണമാണ് എന്‍റെ ജീവിതോദ്ദേശ്യം. അദ്ദേഹം തന്‍റെ ലക്ഷ്യത്തിൽ പരാജയപ്പെടില്ലെന്ന് എനിക്ക് 500% ഉറപ്പാണ്. ഇക്കാര്യത്തിൽ എനിക്ക് വിഷമിക്കുവാൻ ഒന്നുമില്ല. ഇതെന്‍റെ അവസാനത്തെ ജന്മമല്ലെന്നും, ധ്യാനലിംഗത്തിനടുത്തുണ്ടാകുവാൻ ഞാൻ തിരിച്ചു വരുമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഗുരു തന്‍റെസൂക്ഷ്‌മ ശരീരത്തിൽ ഇനിയും ഒരു 80 വർഷങ്ങൾ കൂടി ഉണ്ടാകുവാൻ തീരുമാനിച്ചിരിക്കെ, അദ്ദേഹത്തോടൊപ്പമുണ്ടാകുവാനും അദ്ദേഹത്തിന്‍റെ ഉദ്യമത്തിൽ ഉപയോഗിക്കപ്പെടുവാനുള്ള അവസരം എനിക്ക് എങ്ങനെ നഷ്ടപെടുത്തുവാൻ കഴിയും?