കുംഭമേള - മഹത്തായ സംഗമം
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കുംഭമേളയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പ്രയാഗിലെ തന്റെ സ്വന്തം അനുഭവങ്ങളും സദ്ഗുരു പങ്കുവയ്ക്കുന്നു.

महाकुम्भ मेला: क्या है इसका विज्ञान?
கும்பமேளா – ஏன் இவ்வளவு சிறப்பு?
"...സൂര്യൻ സഞ്ചരിക്കുന്ന രാജ്യങ്ങളിൽവച്ച് ഏറ്റവും വിസ്മയകരമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിനായി മനുഷ്യനോ പ്രകൃതിയോ ഇനി ഒന്നുംതന്നെ ചെയ്യാൻ അവശേഷിക്കുന്നില്ല." - മാർക്ക് ട്വെയ്ൻ
സദ്ഗുരു: ഭൂമിയിലെ ഏറ്റവും സങ്കീർണവും വർണ്ണശബളവുമായ സംസ്കാരമാണ് ഇന്ത്യൻ സംസ്കാരം. നമ്മുടെ രാജ്യത്ത് ഓരോ 50-100 കിലോമീറ്റർ കൂടുമ്പോഴും ജനങ്ങളുടെ രൂപഭാവങ്ങൾ, ഭാഷ, ഭക്ഷണം, വസ്ത്രധാരണം, സംഗീതം, നൃത്തം എന്നിവയെല്ലാം വ്യത്യസ്തമാകുന്നു. ഈ സാംസ്കാരിക സങ്കീർണത ശരിക്കും കാണാൻ കഴിയുന്ന ഒരിടമാണ് കുംഭമേള.
2001-ലെ മഹാകുംഭമേളയിൽ 60 ദശലക്ഷം പേർ അലഹബാദിൽ സമ്മേളിച്ചു. ഇത്തരം സ്ഥലങ്ങളിലേക്ക് പോകാൻ എനിക്കൊരിക്കലും താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ അതിനെക്കുറിച്ചുള്ള സംസാരങ്ങൾ ഏറെയായപ്പോൾ, ഈ അവിശ്വസനീയമായ സംഭവം നേരിൽ കാണാൻ കോയമ്പത്തൂരിൽ നിന്ന് അവിടേക്ക് യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കാഴ്ചകളിലൊന്നായിരുന്നു അത്. രാത്രി 2 മണിയോടെയാണ് ഞാൻ അവിടെയെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങൾ ചെറു തീകൾക്കു ചുറ്റുമിരുന്ന് അവരവരുടെ പാട്ടും നൃത്തവുമായി കഴിയുന്നു. ഉറങ്ങാൻ സ്ഥലമില്ലാത്തതിനാലാണ് അവർ അങ്ങനെ ചെയ്തത്. മനുഷ്യരുടെ ഏറ്റവും നല്ലതും ചീത്തയുമായ വശങ്ങൾ അവിടെ പ്രകടമായിരുന്നു - കൈയിലുള്ളതെല്ലാം തട്ടിയെടുക്കാൻ നോക്കുന്ന കള്ളന്മാർ മുതൽ ഉന്നതമായ യോഗസിദ്ധികൾ നേടിയ മഹർഷിമാർ വരെ. ആയിരക്കണക്കിന് വർഷങ്ങളായി ജനങ്ങൾ ഇങ്ങനെ സംഗമിക്കുന്നു. ഇത് ഇല്ലാതാക്കാൻ കഴിയാത്ത ഒരു പാരമ്പര്യവും സംസ്കാരവുമാണ്. ഇതിന് സാമൂഹികമായ പ്രസക്തി മാത്രമല്ല, ആത്മീയമായ ശക്തിയുമുണ്ട്.
ഭൂമിയും ചന്ദ്രനും ചാക്രികമായാണ് സഞ്ചരിക്കുന്നത്. എല്ലാവരും ഈ ചക്രങ്ങൾക്ക് വിധേയരാണ്. എന്നാൽ ഈ ചക്രങ്ങൾ ബന്ധനത്തിന്റേതായി തുടരാം, അല്ലെങ്കിൽ ഉയർന്ന ജീവിതാവസ്ഥയിലേക്കുള്ള പടവുകളാക്കി മാറ്റാം. മോക്ഷത്തിനായി കാത്തിരിക്കുന്നവർ തങ്ങൾ സൃഷ്ടിച്ച ചക്രങ്ങളിൽ നിന്ന് എങ്ങനെ മോചിതരാകാം എന്ന് നിരന്തരം അന്വേഷിക്കുന്നു. പല തരത്തിലുള്ള ചക്രങ്ങളുണ്ട്. അവയിൽ ഏറ്റവും ദൈർഘ്യമേറിയത് 144 വർഷമാണ്. 144 വർഷത്തിലൊരിക്കൽ സൗരയൂഥത്തിൽ പ്രത്യേക സംഭവങ്ങൾ അരങ്ങേറുന്നു. അതിനായാണ് മഹാകുംഭമേള നടക്കുന്നത്. അവസാനത്തേത് 2001-ലായിരുന്നു.
കുംഭമേള, രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നടക്കുന്നു. അവയ്ക്കു ചുറ്റും ഒരു സമ്പൂർണ്ണ ഊർജ്ജ വ്യവസ്ഥ നിലനിൽക്കുന്നു. ഭൂമി കറങ്ങുമ്പോൾ അത് കേന്ദ്രാപഗമന ശക്തി സൃഷ്ടിക്കുന്നു. 0 മുതൽ 33 ഡിഗ്രി അക്ഷാംശം വരെയുള്ള പ്രദേശങ്ങളിൽ ഈ ശക്തി ലംബമായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് 11 ഡിഗ്രിയിൽ ഊർജ്ജം നേരെ മുകളിലേക്കാണ് പ്രവഹിക്കുന്നത്. അതുകൊണ്ടാണ് പുരാതന കാലത്തുള്ളവർ മനുഷ്യന് അനുകൂലമായ ഊർജ്ജ സ്വാധീനമുള്ള സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തിയത്. ഈ സ്ഥലങ്ങളിൽ പലതും നദീസംഗമങ്ങളാണ്. അവിടെ കുളിക്കുന്നത് ഗുണകരമാണ്. പ്രത്യേക ദിവസങ്ങളിൽ ഈ സ്ഥലങ്ങളിൽ എത്തുന്നവർക്ക് അപൂർവ്വ സാധ്യതകൾ ലഭ്യമാകുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവിടേക്ക് പോകുന്നത്. അവരിൽ പലരും കർഷകരും സാധാരണക്കാരുമാണ്. പരിമിതമായ വിഭവങ്ങളുമായി ദൂരയാത്ര ചെയ്ത് അവർ അവിടെയെത്തുന്നത് മുക്തിക്കായുള്ള അഭിവാഞ്ഛയാലാണ്. ലോകത്തിൽ മറ്റൊരിടത്തും ഇത്ര തീവ്രമായി മോചനത്തിനായി കൊതിക്കുന്ന ഒരു ജനതയില്ല.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതും തുടരുന്നതുമായ ആത്മീയ പാരമ്പര്യത്തിന്റെ ആഴത്തെക്കുറിച്ച് മിക്ക ഇന്ത്യക്കാർക്കും അറിവില്ല. മറ്റൊരു സംസ്കാരവും ആന്തരിക ശാസ്ത്രങ്ങളെ ഇത്ര ആഴത്തിൽ പഠിച്ചിട്ടില്ലാത്തതിനാലാണ് ഈ നാട് എന്നും ലോകത്തിന്റെ ആത്മീയ തലസ്ഥാനമായി അറിയപ്പെട്ടത്. ഇവിടെ മോക്ഷമാ യിരുന്നു പരമലക്ഷ്യം. ദൈവം പോലും അതിലേക്കുള്ള ഒരു പടിയായി മാത്രമേ കണക്കാക്കപ്പെട്ടിരുന്നുള്ളൂ.
നിർഭാഗ്യവശാൽ, അധിനിവേശങ്ങളും ദീർഘകാല ദാരിദ്ര്യവും ഇന്നത്തെ ആത്മീയ സംസ്കാരത്തെ പലവിധത്തിൽ വികലമാക്കിയിട്ടുണ്ട്. എന്നിട്ടും, ആത്മീയതയുടെ അടിസ്ഥാന സ്വഭാവം നശിച്ചിട്ടില്ല, നശിപ്പിക്കാനും കഴിയില്ല. ഈ അഗാധമായ പാരമ്പര്യത്തിന്റെ പൂർണ്ണ മഹത്വം വീണ്ടെടുക്കേണ്ട സമയമായിരിക്കുന്നു.